Voice of Truth

ഇന്ന് ഇരുപതാം “കാർഗിൽ വിജയ് ദിവസ്”. കാർഗിൽ യുദ്ധം എന്ന കറുത്ത അദ്ധ്യായം രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ…

കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സായുധപോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം എന്ന് അറിയപ്പെടുന്നത്. കാശ്മീരില്‍ ഇന്ത്യയും പാകിസ്താനും തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് യുദ്ധത്തിനു കാരണമായത്. പാകിസ്താന്‍ ആദ്യം യുദ്ധം കശ്മീര്‍ കലാപകാരികളുടെ സൃഷ്ടിയാണെന്നു അവകാശപ്പെട്ടിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താന്‍ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കുകയായിരുന്നു. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങൾ നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കി.

സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയര്‍ന്ന മലനിരകള്‍ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങള്‍ക്കായി ഏറെ പണം ചിലവിടാന്‍ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സര്‍ക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടര്‍ന്ന് 1999 ഒക്ടോബര്‍ 12-നു പാകിസ്താന്‍ പട്ടാളമേധാവി പര്‍വേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

ചരിത്രം

1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഉണ്ടായ സിംലാ കരാര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വരുത്താന്‍ സഹായകരമായി. ഈ കരാര്‍ ആണ് ലൈന്‍ ഓഫ് കണ്ട്രോള്‍ (LOC) അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുത്തത്. ഇത് 1971 ഡിസംബര്‍ 17 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നാള്‍ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇരു രാജ്യങ്ങളും കൈവശം വക്കാനും ഒരു അതിര്‍ത്തിരേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായിത്തീര്‍ന്നു. ഇരുരാജ്യങ്ങളും അന്നു മുതല്‍ ഈ രേഖക്കിരുവശവും സൈനികകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും തങ്ങളുടെ പ്രദേശം എതിര്‍കക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നു. 1990-കള്‍ മുതല്‍ കാശ്മീര്‍ വിഘടനവാദികള്‍ ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞു കയറാന്‍ തുടങ്ങുകയും ഇന്ത്യയുടെ കൈവശമിരിക്കുന്ന കാശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുകയും ചെയ്തു വന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതു പോലെ തന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998-ഓടു കൂടി സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയില്‍ ലാഹോര്‍ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികള്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ അതേസമയം പാകിസ്താന്‍ കരസേന, പാകിസ്താന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യന്‍ പട്ടാളത്തെ സിയാച്ചിന്‍ പ്രദേശത്തു നിന്ന് പിന്‍വലിക്കുവാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താന്‍ കരുതി. പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്‌നവും കാശ്മീര്‍ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുമെന്നും, അങ്ങനെ വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും അവര്‍ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതര്‍ക്ക് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാകിസ്താന്‍ കരുതി.

ഇന്ത്യന്‍ കരസേനാ മേധാവി വേദ് പ്രകാശ് മാലിക്കിന്റേയും മറ്റനേകം യുദ്ധവിദഗ്ദ്ധരുടേയും അഭിപ്രായത്തില്‍ നുഴഞ്ഞുകയറ്റത്തിന് ”ഓപറേഷന്‍ ബാദ്ര്‍” എന്നായിരുന്നു പാക്ക് രഹസ്യനാമം. പദ്ധതി നിര്‍മ്മാണം, പാതകളും നിര്‍ണ്ണായക വിതരണപഥങ്ങളുമടക്കമെല്ലാം വളരെ മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. പട്ടാളം ഇത്തരമൊരു പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് ചില പാകിസ്താനി നേതാക്കള്‍ക്ക് നേരത്തേ തന്നെ സൂചന നല്‍കിയിരുന്നെങ്കിലും (സിയാ ഉള്‍ ഹഖ്, ബേനസീര്‍ ഭൂട്ടോ) ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താല്‍ പദ്ധതി പ്രയോഗത്തില്‍ വരുത്തിയിരുന്നില്ല. ചില വിശകലന വിശാരദന്മാര്‍ വിചാരിക്കുന്നത് പര്‍വേസ് മുഷാറഫ് പട്ടാളമേധാവി ആയതിനോടു കൂടി ആക്രമണത്തിന്റെ രേഖാരൂപം സക്രിയമാക്കുകയായിരുന്നു എന്നാണ്. മുഷാറഫ് സൈനികമേധാവി ആകുന്നത് 1998 ഒക്ടോബറില്‍ ആണ്. അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഫോണില്‍ വിളിച്ചാരാഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ്. മുഷാറഫിനും രണ്ടോ മൂന്നോ വിശ്വസ്തര്‍ക്കും മാത്രമേ പദ്ധതിയെ കുറിച്ചറിവുണ്ടായിരുന്നുള്ളു എന്നും ഷെരീഫ് വാദിച്ചു. എന്നാല്‍ വാജ്പേയിയുടെ ലാഹോര്‍ യാത്രക്കു 15 ദിവസം മുമ്പുതന്നെ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് മുഷാറഫ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

എന്തുകൊണ്ട് കാർഗിൽ?

1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാര്‍ഗില്‍, ഗില്‍ജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വര്‍ണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയര്‍ന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴ്വരകളാണ് ഉള്ളത്. 1947-ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെ ഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധം അവശേഷിക്കുന്ന ഭാഗങ്ങള്‍ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങള്‍ അടക്കം ഇന്ത്യയുടെ കൈയിലാക്കി. ലഡാക്കില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാര്‍ഗിലാണ്. കാര്‍ഗില്‍ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാര്‍ഗില്‍ പട്ടണം നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് 120 കി.മീ അകലെയുള്ള കാര്‍ഗില്‍ പാകിസ്താന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാര്‍ഗിലിലേതും. വേനല്‍ക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50 °C വരെ താഴാറുണ്ട്. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ദേശീയപാത കാര്‍ഗില്‍ വഴി കടന്നു പോകുന്നു.

നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത്. കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്‌കോ താഴ്വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവല്‍തുറകള്‍ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണ്ണായക സമയങ്ങളില്‍ അവിചാരിതങ്ങളായ ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണമിതായിരുന്നു. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്‌കര്‍ദുവില്‍ നിന്നും 173 കി.മീ. മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം, ഇത് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നല്‍കാന്‍ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.

കാർഗിൽ പിടിച്ചെടുക്കാനുള്ള പാക് പദ്ധതി

അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവല്‍തുറകള്‍ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയില്‍ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തില്‍ അധിവാസം വളരെയധികം ദുഷ്‌കരമാകുന്നതാണ് ഇതിനു കാരണം. എന്നാല്‍ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളും തിരികെയെത്തുകയും ചെയ്യും.

എന്നാല്‍ 1999-ല്‍ പാകിസ്താന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ ഈ താവളങ്ങളില്‍ എത്തുകയും ഏതാണ്ട് 1999 മെയ് തുടക്കത്തോടെ 130-ഓളം വരും കാര്‍ഗില്‍ കാവല്‍ത്തുറകള്‍ പിടിച്ചെടുക്കാനും അങ്ങനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യടക്കാനും തീരുമാനിച്ചു. സ്‌പെഷ്യല്‍ സെര്‍വീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്റ്റ്‌റിയുടെ (അക്കാലത്ത് നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്റ്റ്‌റി അര്‍ദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാന്‍ കൂലിപ്പടയാളികളുടേയും പിന്തുണയോടെ പൂര്‍ണ്ണമായും ശൈത്യത്താല്‍ ഒഴിവാക്കിയിരുന്ന, ഇന്ത്യന്‍ പ്രദേശത്തിനു മേല്‍ക്കൈ നല്‍കിയിരുന്ന പട്ടാളത്തുറകള്‍ രഹസ്യമായി പിടിച്ചെടുക്കുകയും അവര്‍ അവരുടേതായ യുദ്ധസജ്ജീകരണങ്ങള്‍ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖക്ക് ദൂരെ നിന്ന് ചെറിയ പീരങ്കികളാല്‍ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാകിസ്താന്‍ നിയന്ത്രിത കശ്മീരിലെ പട്ടാളക്കാര്‍ സാമാന്യം കനത്ത് തോതില്‍ പീരങ്കി വെടിയുതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാര്‍ക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യന്‍ സൈനികര്‍ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയില്‍ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയന്‍ നല്‍കിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യന്‍ സംഘത്തിനു നേരേ ഒളിപ്പോര്‍ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോള്‍ സംഘത്തെ അവര്‍ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോള്‍ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവര്‍ക്ക് തിരിച്ചു വന്ന് കാര്യങ്ങള്‍ വ്യക്തമാക്കാനായത്. എന്നാല്‍ അവരുടെ വിവരണത്തില്‍ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ സംഘങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളില്‍ വീരവാദം മുഴക്കിയിരുന്നു എന്നാല്‍ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങള്‍ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.

ഇന്ത്യന്‍ ഭരണകൂടം 200,000 സേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഓപറേഷന്‍ വിജയ് എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയന്‍ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യന്‍ കരസേനയുടെ രണ്ട് ഡിവിഷനുകളും (20,000 സൈനികര്‍) ആയിരക്കണക്കിനു ഇന്ത്യന്‍ അര്‍ദ്ധസൈനികരും ഇന്ത്യന്‍ വായുസേനയും പ്രശ്‌നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാര്‍ഗില്‍-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തില്‍ ഏര്‍പ്പെട്ട ആകെ ഇന്ത്യന്‍ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരില്‍ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

യുദ്ധം

കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യന്‍ സേനക്കുണ്ടായിരുന്നത്. അവ ടോലോലിങ്ങ് കുന്ന് തിരിച്ച് പിടിച്ചതും അതിലൂടെ ടൈഗര്‍ കുന്ന് കൈവശപ്പെടുത്താനായതുമാണ് ആ പ്രധാവവഴിത്തിരിവുകള്‍ എന്ന് ജെന. വേദ് പ്രകാശ് മല്ലിക് അഭിപ്രായപ്പെടുന്നു. ടൊളോലിങിലെ പോരാട്ടം പോലുള്ള മറ്റനേകം മിന്നലാക്രമണങ്ങള്‍ യുദ്ധം ആദ്യമേ തന്നെ ഇന്ത്യയുടെ വരുതിയിലെത്തിച്ച. എങ്കിലും ടൈഗര്‍ ഹില്‍(പോയിന്റ് 5140) പോലുള്ള ചില മേഖലകള്‍ കനത്ത യുദ്ധശേഷം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ചില പോരാട്ടങ്ങള്‍ മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടുമുടികളിലാണ് നടന്നത് -കൊടുമുടികള്‍ പലതും പോയിന്റ് നമ്പരുകള്‍ മാത്രമുള്ളവയും പേരില്ലാത്തവയും ആയിരുന്നു – ഭീകരമായ നേര്‍ക്കു നേരേയുള്ള പോരാട്ടമാണ് അവിടെ നടന്നത്. നേരിട്ടു കാണാവുന്ന നിലയങ്ങളിലെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികള്‍ ആണ് ഇന്ത്യ വിന്യസിച്ചത്. ബോഫോഴ്‌സ് ഹൊവിറ്റ്‌സര്‍ (ബോഫോഴ്‌സ് വിവാദം കുപ്രസിദ്ധമാക്കിയവ) പീരങ്കികളില്‍ നിര്‍ണ്ണായക ശക്തിയായി. എങ്കിലും ബോഫോഴ്‌സ് പീരങ്കികള്‍ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് പ്രശ്‌നമുണ്ടാക്കി. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ വായുസേന ഓപറേഷന്‍ സഫേദ് സാഗര്‍ എന്ന പദ്ധതി പ്രയോഗത്തില്‍ കൊണ്ടുവന്നെങ്കിലും ഉയര്‍ന്ന യുദ്ധമണ്ഡലം, പോര്‍ വിമാനങ്ങളില്‍ കുറച്ചായുധങ്ങള്‍ മാത്രം കൊണ്ടുപോകാനേ അനുവദിച്ചുള്ളു. പറന്നുയരാനുള്ള സ്ഥലക്കുറവും പദ്ധതിക്കു തടസ്സമുണ്ടാക്കി. വായൂസേനക്ക് ഒരു മിഗ് 27 പോര്‍വിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടു അതുപോലെ തന്നെ ഒരു മിഗ് 21 പാകിസ്താന്‍ വെടിവെച്ചിടുകയും ചെയ്തു. പാകിസ്താന്റെ അതിര്‍ത്തി ലംഘിച്ചതിനാല്‍ ഇരുവിമാനങ്ങളേയും വെടിവെച്ചിട്ടതാണെന്നു പാകിസ്താന്‍ പറയുന്നു [30]ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും പാകിസ്താന്‍ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ വായുസേന ലേസര്‍ ലക്ഷ്യ ബോംബുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്.

വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാന്‍ സാധിക്കാത്ത ചില പാകിസ്താന്‍ നിയന്ത്രിത നിര്‍ണ്ണായക കേന്ദ്രങ്ങള്‍ ഇന്ത്യന്‍ കരസേന നേരിട്ടുള്ള യുദ്ധത്തില്‍ പിടിച്ചെടുത്തു. ഇത്തരം ആക്രമണങ്ങള്‍ 18,000 അടി(5500 മീ) ഉയരത്തില്‍ വരെ നടന്നു. സാവധാനം നടന്ന ഈ പോരാട്ടങ്ങള്‍ ഇന്ത്യന്‍ പക്ഷത്തെ മരണനിരക്കുയരാന്‍ കാരണമായി. പകല്‍ ഇത്തരം മലകയറി ആക്രമിക്കുന്നത് ആത്മഹത്യാപരമായതിനാല്‍ ഇരുട്ടിന്റെ മറവിലാണ് ഇതില്‍ പലതും നടന്നത്. ഇത്തരം മലകളില്‍ താപനില 11 °C മുതല്‍ -15 °C വരെ ആയിരുന്നു. ശീതക്കാറ്റിന്റെ ഭീഷണിയും ഉണ്ടായിരുന്നു. പട്ടാളതന്ത്രങ്ങള്‍ അനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണശൃംഖല തകര്‍ത്ത് ഒരു ഉപരോധം സൃഷ്ടിച്ചാല്‍ ഇന്ത്യന്‍ പ്രദേശത്തെ നഷ്ടം വളരെ കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. സമ്പൂര്‍ണ്ണയുദ്ധമുണ്ടാകുമെന്ന ഭയവും അന്താരാഷ്ട്രപിന്തുണ നഷ്ടപ്പെടുമെന്ന ചിന്തയും ഇതില്‍ നിന്നും ഇന്ത്യയെ വിലക്കി.

ഇവയില്‍ ടൈഗര്‍ ഹില്‍ ആയിരുന്നു ഏറ്റവും തന്ത്രപ്രധാനം. അവിടെയിരുന്നാല്‍ ദേശീയപാത 1എ-യെ ആക്രമിക്കാന്‍ എളുപ്പമായിരുന്നു. ദ്രാസിനും വടക്കുള്ള കുന്നുകളില്‍ ഏറ്റവും ഉയരത്തിലുള്ളത് അതായിരുന്നു (5602 മീറ്റര്‍). മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു പോയന്റ് 4875 (4875 മീറ്റര്‍ ഉയരമുള്ള മറ്റൊരു മല).

1999 മേയ് രണ്ടാമത്തെ ആഴ്ച എട്ടാം സിഖ് യൂണിറ്റിനെ ദ്രാസിലെത്തിക്കുകയും ടൈഗര്‍ ഹില്ലിനെ തിരിച്ചു പിടിക്കാന്‍ നിയോഗിക്കുകയും ചെയ്തു. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഞ്ഞ് കവചങ്ങള്‍ക്കു പോലും സാവകാശം ലഭിക്കാതെയായിരുന്നു ഈ ദൌത്യം. ഈ ദൌത്യത്തിനിടയില്‍ സിഖ് യൂണിറ്റിന് സാരമായ ആളപായം ഉണ്ടായി. ഇവരെ പിന്നീട് ടൈഗര്‍ മലയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളും പരിയോം കാ താലാബ് എന്ന വടക്കന്‍ പ്രദേശവും പിടിക്കാനായി നിയോഗിച്ചു. ആദ്യത്തെ സംഭവത്തിനു ശേഷം തുടര്‍ന്നുള്ള ആറ് ആഴ്ച ടൈഗര്‍ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല.

ജൂലൈ ആദ്യവാരത്തോടെ 192 മൌണ്ടന്‍ ബ്രിഗേഡ് പോയന്റ് 4875, ടൈഗര്‍ ഹില്‍ എന്നിവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനു മുന്നേ തന്നെ രജപുത്താന റൈഫിള്‍സിലെ ഒരു വിഭാഗം റ്റോലോലിങ്ങിനു പടിഞ്ഞാറു ഭാഗം പിടിച്ചിരുന്നു. ടൈഗര്‍ ഹില്‍, കിഴക്കു-പടിഞ്ഞാറായി ഏതാണ് 2200 മീറ്ററും തെക്ക്-വടക്കായി 1000 മീറ്ററും വിസ്താരമുള്ള ഒരു മലയാണ്. ഇതിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ആദ്യത്തേത് പടിഞ്ഞാറുള്ള ഒരു ഇടുക്കായിരുന്നു. ഇതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് കോഡ് നാമം ചെയ്തിരുന്നത്. രണ്ടാമത്തേത് 300 മീറ്റര്‍ പടിഞ്ഞാറുള്ള ഒരു വഴിയായിരുന്നു. ഇതിന്റെ ഹെല്‍മറ്റ് എന്നാണ് വിളിപ്പേര്‍. പാകിസ്താന്‍ 12 വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ഒരു കമ്പനിപ്പട്ടാളത്തോളം ഈ സ്ഥലങ്ങള്‍ മൊത്തത്തില്‍ കയ്യടക്കിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് 18 ആം ഗ്രനേഡിയര്‍ ഡിവിഷനും 8 ആം സിഖ് ഡിവിഷനും ടൈഗര്‍ ഹില്ലിനടുത്തു തന്നെ നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇവര്‍ക്ക് ഉന്നതങ്ങളിലെ യുദ്ധങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടം പട്ടാളത്തേയും ആയുധത്തേയും മറ്റു നിര്‍മ്മാണ വിദഗ്ദ്ധരേയും എത്തിച്ച് കൊടുത്ത് ആക്രമണത്തിനായി തയ്യാറെടുത്തു. ഇന്ത്യന്‍ വായുസേനയും ഈ ദൌത്യത്തില്‍ പങ്കാളിയായി. അവര്‍ക്ക് നിരവധി ലക്ഷ്യങ്ങള്‍ ഭേദിക്കേണ്ടതുണ്ടായിരുന്നു.

ടൈഗര്‍ ഹില്‍ ആക്രമണം 1999 ജൂലൈ 3 ന് 1900 മണിക്ക് നേരിട്ടും അല്ലാതെയുമുള്ള പീരങ്കി ആക്രമണത്തോടെ ആരംഭിച്ചു. 8 ആം സിഖ് റെജിമന്റായിരുന്നു ആക്രമണത്തിന്റെ ആണിക്കല്ല്. എല്ലാ ദിശയിലേക്കും അഴിച്ചു വിട്ട് കൊണ്ട് ഒരു പ്രത്യേക ആക്രമണ രേഖ ഉണ്ടെന്ന് പാകിസ്താനി പട്ടാളക്കാര്‍ക്ക് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇന്ത്യയുടെ വായുസേനയും പീരങ്കിപ്പടയും ഈ സമയം കരസേനയെ സഹായിച്ചു. എങ്കിലും പാകിസ്താന്‍ തിരിച്ച് ആക്രമിച്ച് കൊണ്ടിരുന്നു. ലെഫ്. ബല്‍വന്ത് നിങ്ങ് ആണ് 18ആം ഗ്രനേഡിയറിനെ നയിച്ചു കൊണ്ട് ടൈഗര്‍ ഹില്ലിലേക്ക് നീങ്ങിയത്. കാലാവസ്ഥ സഹനീയമായതും അവര്‍ക്ക് സഹായത്തിനെത്തി. അവരില്‍ പലരും അടുത്ത ദിവസം രാവിലെ 4:30 ന് ടൈഗര്‍ ഹില്ലിന്റെ മുകളില്‍ കയറിപ്പറ്റി. പാകിസ്താന്‍ പക്ഷത്ത് 10-12 മരണങ്ങള്‍ സംഭവിച്ചിരുന്നു. 18-ആം ഗ്രനേഡിയറിലെ ആറ് പട്ടാളക്കാര്‍ക്ക് മാരകമായി മുറിവേറ്റു. അതിലെ ഗ്രനേഡിയര്‍ യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് (Rope climb) പാകിസ്താന്റെ ആദ്യപോസ്റ്റുകള്‍ നിര്‍വീര്യമാക്കിയത്, അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു. പോരാട്ടത്തിനിടെ യാദവിനും സാരമായ പരിക്കേറ്റിരുന്നു. യാദവ് ഉള്‍പ്പെടുന്ന ഘാതക് പ്ലാറ്റൂണ്‍ ടൈഗര്‍ ഹില്ലിലെ വിജയം സുനിശ്ചിതമാക്കി. പാകിസ്താന്‍ പടയാളികള്‍ വെസ്റ്റേണ്‍ സ്പര്‍ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് പിന്‍വലിയുകയും അവിടെ നിന്ന് വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയും ചെയ്തു. ഈ ഭാഗം 8ആം സിക്ക് യൂണിറ്റ് അടുത്ത ദിവസം കീഴ്‌പ്പെടുത്തി. എന്നാല്‍ പത്ത് ദിവസത്തിനുശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവര്‍ ജൂലൈ 15 ഓടെ ഇന്ത്യാ ഗേറ്റും ഹെല്മറ്റും കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യന്‍ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവര്‍ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

യുദ്ധം അന്ത്യത്തിലേക്ക്‌

ഇതേസമയം ഇന്ത്യന്‍ നാവികസേനയും പാകിസ്താന്‍ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകര്‍ക്കാനും സജ്ജമായി. സമ്പൂര്‍ണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാല്‍ പാകിസ്താനു ആറു ദിവസം പിടിച്ചു നില്‍ക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയില്‍ പാകിസ്താന്‍ പതിച്ചപ്പോള്‍ പാകിസ്താന്‍ കരസേന രഹസ്യമായി ഇന്ത്യക്കുമേല്‍ ആണവാക്രമണം നടത്തുവാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നവാസ് ഷെരീഫിനു കര്‍ശനമായ താക്കീതു നല്‍കാന്‍ നിര്‍ബന്ധിതനായി. രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി. ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്താന്‍ പിന്തുണയുള്ളവരെ പിന്‍വലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാല്‍ ചില തീവ്രവാദികള്‍ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌണ്‍സില്‍ പോലുള്ള സംഘടനകളും പാകിസ്താന്റെ പിന്മാറ്റ പദ്ധതിയെ എതിര്‍ത്തു. തത്ഫലമായി ഇന്ത്യന്‍ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടന്‍ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയില്‍ ”കാര്‍ഗില്‍ വിജയദിവസ്” എന്ന പേരില്‍ ആഘോഷിക്കുന്നു. യുദ്ധാനന്തരം ഇന്ത്യ ഷിംല കരാര്‍ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.

Leave A Reply

Your email address will not be published.