ആന്‍ഡ്രോയ്ഡ് ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ മൊബൈല്‍ഫോണുകള്‍ എങ്ങനെയായിരുന്നിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് ലോകത്തില്‍ ഉപയോഗിക്കപ്പെടുന്ന കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ തൊണ്ണൂറു ശതമാനത്തിനടുത്ത് ആന്‍ഡ്രോയ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ഇന്ന് മൊബൈല്‍ഫോണുകള്‍ മാത്രമല്ല. സ്മാര്‍ട്ട് വാച്ചുകളും, സ്മാര്‍ട്ട് ടിവികളും, മുതല്‍ കാറുകള്‍ വരെ ആന്‍ഡ്രോയ്ഡിനെ ആശ്രയിക്കുന്നു.
വളരെ പ്രത്യേകിച്ച്, ആന്‍ഡ്രോയ്ഡ് ഇല്ലാത്ത ഒരു മൊബൈല്‍, സോഷ്യല്‍മീഡിയ ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെ നമുക്കാവില്ല. ജന്മംകൊണ്ട് പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഒമ്പതാം തലമുറ വരെ എത്തിനില്‍ക്കുമ്പോള്‍ ആന്‍ഡ്രോയ്ഡ് യുഗത്തിന്റെ ആരംഭകാലത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. ആ ചരിത്രം കേവലമൊരു സാധാരണ വിജയകഥയല്ല, ഒരു മനുഷ്യന്റെ ആത്മബലത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും കഥകൂടിയാണ്.
കാള്‍ സെയ്സ്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര കമ്പനികളില്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍ ആയി രണ്ടു പതിറ്റാണ്ടുകള്‍ക്കടുത്ത കാലം ജോലി ചെയ്ത ശേഷമാണ് ആന്‍ഡി റൂബിന്‍ തന്റെ സ്വന്തമായ ഒരു ആശയ സാക്ഷാത്കാരത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ പ്ലാറ്റ്ഫോമിന്റെ ചരിത്രം ആരംഭിക്കുന്നത് അവിടെ നിന്നാണ്. കാള്‍ സെയ്സ് കമ്പനിയില്‍ റോബോട്ടിക് എന്‍ജിനീയര്‍ ആയിരുന്നു റൂബിന്‍. ആപ്പിള്‍ കമ്പനിയിലും ഹാര്‍ഡ്‌വെയര്‍ രംഗത്ത് തന്നെ തുടര്‍ന്നു. എന്നാല്‍, 1992ല്‍ ആപ്പിളില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം പിന്നീട് ഏറെക്കാലത്തെയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് സോഫ്റ്റ്‌വെയര്‍ രംഗത്ത്, പ്രത്യേകിച്ച് മൊബൈല്‍ ഡിവൈസുകള്‍ക്കാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതിലാണ്. അതിനായി 1999ല്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്, ഡെയ്ഞ്ചര്‍ ഐഎന്‍സി എന്ന കമ്പനി ആരംഭിച്ചു. ആ കമ്പനിയുടെ നേതൃത്വത്തിലാണ് ആന്‍ഡ്രോയ്ഡിന്‍റെ ആദ്യരൂപം ജന്മം കൊണ്ടത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മനുഷ്യര്‍ക്ക് മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള സങ്കല്‍പ്പം ഇന്നുള്ളതിലും നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. മൊബൈല്‍ നിര്‍മ്മാണകമ്പനികളുടെയും, മൊബൈല്‍ സേവന ദാതാക്കളുടെയും നിലപാടുകളും ആന്‍ഡി റൂബിന്റെ ആശയത്തെ പ്രോത്സാഹിപ്പിക്കും വിധം ആയിരുന്നില്ല. അമേരിക്കയിലെ അന്നത്തെ അവസ്ഥകള്‍ അനുസരിച്ച്, ടി മൊബൈല്‍ പോലുള്ള മൊബൈല്‍ സേവനദാതാക്കളാണ് വിപണിയെ നിയന്ത്രിച്ചിരുന്നതും തീരുമാനങ്ങള്‍ എടുത്തിരുന്നതും. തങ്ങളുടെ ലാഭവിഹിതത്തില്‍ മറ്റാരും കൈകടത്താതിരിക്കാന്‍ അത്തരം കമ്പനികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാല്‍ തന്നെ, പ്രത്യേകമായൊരു പ്ലാറ്റ്ഫോം നിര്‍മ്മിച്ചു നല്‍കി അവരില്‍ നിന്ന് വരുമാനം നേടാം എന്ന ആന്‍ഡി റൂബിന്റെ ആശയം മണ്ടത്തരമായി പലരും കരുതി.
ഒരു ഓപ്പണ്‍സോഴ്സ് പ്ലാറ്റ്ഫോം ആയിരുന്നു ആന്‍ഡ്രോയ്ഡിന്റെ അടിസ്ഥാന ആശയം. ആര്‍ക്ക് വേണമെങ്കിലും അത് വാങ്ങി സ്വന്തം ആവശ്യപ്രകാരം രൂപമാറ്റം വരുത്തി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. അത്തരമൊരു ഓപ്പറേറ്റിങ് സിസ്റ്റം ക്യാമറകള്‍ക്കായി രൂപകല്‍പ്പന ചെയ്യുകയായിരുന്നു റൂബിന്റെ ആദ്യ ആശയം. എന്നാല്‍, നിക്ഷേപകര്‍ക്ക് അതില്‍ താല്‍പ്പര്യം തോന്നാതിരുന്നതിനാലാണ് മൊബൈല്‍ രംഗത്തേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ, ഡെയ്ഞ്ചര്‍ ഹിപ്പ്ടോപ്പ് എന്ന ആന്‍ഡ്രോയ്ഡിന്റെ ആദ്യ പതിപ്പ് 2003ല്‍ അവര്‍ രൂപകല്‍പ്പന ചെയ്തു. തുടര്‍ന്ന് തങ്ങളുടെ നൂതനമായ ആശയം മൊബൈല്‍ സേവന ദാതാക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു. തങ്ങള്‍ അവതരിപ്പിക്കുന്ന പ്ലാറ്റ്ഫോം ആര്‍ക്കും ആവശ്യമായ രൂപമാറ്റം നടത്തി ഉപയോഗിക്കാം. പിന്നീട് ‘വാല്യൂ ആഡഡ് സര്‍വീസുകള്‍’ ആന്‍ഡ്രോയ്ഡ് അവര്‍ക്ക് നല്‍കും. അതായിരുന്നു റൂബിന്റെയും കൂട്ടരുടെയും പദ്ധതി. എന്നാല്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു.
വിജയകരമായി ഒരു പ്രൊഡക്ട് മാര്‍ക്കറ്റിലെത്തിച്ച് ലോകശ്രദ്ധയാകര്‍ഷിക്കുക എളുപ്പമായിരുന്നില്ല. ഈ രംഗത്തെ പല കമ്പനികളും മറ്റൊരു കമ്പനിയെക്കൂടി രംഗത്തെത്തിയാല്‍ തങ്ങള്‍ക്ക് നിലവിലുള്ള പൂര്‍ണ്ണ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന് ഭയന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോം ഉപയോഗിച്ച ആദ്യ ഫോണ്‍ ആയ ടി മൊബൈലിന്റെ സൈഡ് കിക്ക് 2003ല്‍ പുറത്തിറങ്ങിയപ്പോള്‍ അതൊരു വിജയമായി മാറിയെങ്കിലും, ആന്‍ഡി റൂബിനോ, ഡെയ്ഞ്ചര്‍ എന്ന കമ്പനിയോ ഹിപ്പ്ടോപ്പ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമോ അതിനു പിന്നിലുണ്ടെന്ന് ആരും അറിഞ്ഞില്ല.
കഴിവും അനന്തസാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും, വളരെ വേഗം വികസിച്ചുകൊണ്ടിരുന്ന മൊബൈല്‍ വ്യവസായ രംഗത്ത് സാന്നിധ്യമറിയിക്കാന്‍ അവസരം ലഭിക്കാതിരുന്ന ആ നാളുകള്‍ നിരാശാജനകമായിരുന്നു. അങ്ങനെയിരിക്കെയാണ് റൂബിന്റെ മുന്നില്‍ അപ്രതീക്ഷിതമായി ഒരു വഴി തുറക്കുന്നത്. പലരും അദ്ദേഹത്തിന്‍റെ ‘ആന്‍ഡ്രോയ്ഡ്’ എന്ന ആശയം മണ്ടത്തരമായി കണ്ടപ്പോഴും, ഒരാള്‍ അദ്ദേഹത്തെ തേടിയെത്തി. ഗൂഗിളിന്റെ സഹസ്ഥാപകനും പ്രസിഡന്റുമായ ലാറി പേജ് ആയിരുന്നു അത്.
അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം, റൂബിനും സുഹൃത്തും 2005 ജനുവരിയില്‍ ഗൂഗിളിന്റെ മൌണ്ടന്‍ വ്യൂ ഹെഡ് ക്വാര്‍ട്ടെഴ്സില്‍ എത്തി. അത്, ഗൂഗിളിന്റെ സ്ഥാപകരുള്‍പ്പെടെയുള്ള ചില പ്രധാനികളുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. സൈഡ് കിക്കിന്റെ പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് അവര്‍ റൂബിനോട് ചോദിച്ചുമനസിലാക്കി. തങ്ങളുടെ ടീം അന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫോണാണ് അത് എന്ന് അവര്‍ റൂബിനോട് പറയുകയുണ്ടായി. പുകഴ്ത്തുക മാത്രമായിരുന്നില്ല അവര്‍ ചെയ്തത്, റൂബിനെ അവര്‍ അളക്കുകകൂടിയായിരുന്നു. കൂടുതല്‍ മികച്ചതാക്കുവാനായി സൈഡ് കിക്കില്‍ ഇനി എന്ത് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നും, അത്തരത്തില്‍ ഒരു ഫോണ്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട് എന്നും തുടങ്ങി ചില ചോദ്യങ്ങളും അവര്‍ ആന്‍ഡി റൂബിനോട് ചോദിച്ചിരുന്നു.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് ഒരു കാര്യം വ്യക്തമായിരുന്നു. ഗൂഗിളിന് ആന്‍ഡ്രോയ്ഡില്‍ താല്‍പ്പര്യമുണ്ട്. പക്ഷെ, എന്താണ് അവരുടെ ലക്‌ഷ്യം എന്ന് വ്യക്തമായിരുന്നില്ല. ഒന്നര മാസങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ റൂബിനെ രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. അന്ന് അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ആ മീറ്റിംഗില്‍ ഗൂഗിളിന്റെ നാല് സ്ഥാപകരും പങ്കെടുത്തിരുന്നു. ആന്‍ഡ്രോയ്ഡ് വാങ്ങുവാന്‍ ഗൂഗിളിന് താല്‍പ്പര്യമുണ്ടെന്ന് അവര്‍ ആമുഖമായി തന്നെ റൂബിനോട് പറഞ്ഞു.
ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് കോടി ഡോളറിന് ആന്‍ഡ്രോയ്ഡിന്റെ ഉടമസ്ഥാവകാശം ഗൂഗിളിന് കൈമാറുവാന്‍ ധാരണയായി. അങ്ങനെ, 2005 ജൂലൈ മാസത്തില്‍ ആന്‍ഡ്രോയ്ഡ് ടീമിന്റെ കേന്ദ്രം ഗൂഗിള്‍പ്ലക്സിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്ന് മുതല്‍ ഗൂഗിളിന്റെ വിശാലമായ ലോകത്ത് ഒരു ചെറിയ ദ്വീപ് പോലെയായിരുന്നു ആന്‍ഡ്രോയ്ഡിന്റെ ഓഫീസ്. കാര്യമായി ആരുടേയും ശ്രദ്ധയില്‍ പെടാതെ റൂബിനും കൂട്ടരും തങ്ങളുടെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ മുഴുകി. ഗൂഗിളിനെ പോലൊരു വലിയ കമ്പനി ഏറ്റെടുത്തിട്ടും ആന്‍ഡ്രോയ്ഡിന് മുന്നിലുള്ള വെല്ലുവിളികള്‍ അവസാനിച്ചിരുന്നില്ല.
ആന്‍ഡ്രോയ്ഡ് ഏറ്റെടുക്കുന്നതിന് മുമ്പും മൊബൈല്‍ രംഗത്ത് ഗൂഗിള്‍ ഇടപെടുവാനുള്ള പ്രയത്നങ്ങള്‍ നടത്തിയിരുന്നു. നോക്കിയ, ബ്ലാക്ക്ബെറി തുടങ്ങിയ കമ്പനികളുടെ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ അവര്‍ നിര്‍മ്മിച്ചിരുന്നു. ആന്‍ഡ്രോയ്ഡിന്‍റെ ഭാഗമായി ഗൂഗിള്‍ സ്വന്തം മൊബൈല്‍ സംവിധാനം നിര്‍മ്മിക്കുന്നതോടൊപ്പം ഗൂഗിള്‍ സര്‍വീസുകള്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുവാന്‍ ആഗ്രഹിച്ചു. മാത്രമല്ല, ആന്‍ഡ്രോയ്ഡ് മറ്റുള്ള കമ്പനികള്‍ക്ക് നല്‍കുന്നതിനൊപ്പം സ്വന്തമായി ഒരു ഫോണ്‍ നിര്‍മ്മിക്കുവാനുള്ള ആഗ്രഹവും ഗൂഗിള്‍ ടീമിന് ഉണ്ടായിരുന്നു. അത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി ഒരു സേവന ദാതാവിനെ കണ്ടെത്താനും അവര്‍ ആരംഭിച്ചു. കേവലം ഒരു ഫോണ്‍ നിര്‍മ്മിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുക എന്നതിനേക്കാള്‍, അതിനു ശേഷം കൂടുതല്‍ വിശാലമായി മറ്റുള്ള കമ്പനികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയും, ഈ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം.
2007ല്‍ ഗൂഗിള്‍ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്വന്തമായി നിര്‍മ്മിച്ചു. എന്നാല്‍, g1 എന്ന് പേര് നല്‍കിയ ആ ഫോണ്‍ ഏറ്റെടുക്കുവാന്‍ ഒരു സേവന ദാതാക്കളും ആദ്യം തയ്യാറായില്ല. വേരിസണ്‍, സ്പ്രിന്റ്, എടി ആന്‍ഡ് ടി തുടങ്ങിയ കമ്പനികളെല്ലാം മുഖം തിരിച്ചു. പിന്നീട് ഗൂഗിളിന്റെ ഓഫര്‍ സ്വീകരിച്ചെങ്കിലും ആദ്യം ടി മൊബൈലും നിരസിക്കുകയാണ് ഉണ്ടായത്. ഈ രംഗത്ത് മറ്റൊരു കമ്പനി വളര്‍ന്നു വരുന്നത് തങ്ങള്‍ക്ക് ഗുണകരമാവില്ല എന്ന ചിന്തയായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. ചില മാസങ്ങള്‍ക്ക് ശേഷം, ആന്‍ഡ്രോയ്ഡിന്റെ കോ ഫൌണ്ടര്‍ ആയ നിക്ക് സിയേഴ്സ് വ്യക്തിപരമായി ഇടപെട്ട ശേഷമാണ് ടി മൊബൈല്‍ ജി വണ്‍ എന്ന ഫോണ്‍ ഏറ്റെടുത്തത്. മുമ്പ് ടി മൊബൈലിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സിയേഴ്സിന് കമ്പനിയുടെ സിഇഒയെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് അവര്‍ക്ക് വിജയമായി മാറിയത്. അങ്ങനെ ഈ രംഗത്തെ ഗൂഗിളിന്റെയും ആന്‍ഡ്രോയ്ഡിന്റെയും പ്രധാന തടസം നീങ്ങി. പക്ഷെ, അക്കാലത്ത് തന്നെ മറ്റൊന്നുകൂടി സംഭവിച്ചു. ആപ്പിള്‍ അവരുടെ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. കൃത്യസമയത്ത് അത് സംഭവിച്ചത് ആന്‍ഡി റൂബിനെ ഉള്‍പ്പെടെ അത്ഭുതപ്പെടുത്തിയിരുന്നു.
ജി വണ്ണിന്റെ ആദ്യ മോഡല്‍ ടച്ച് സ്ക്രീന്‍ ആയിരുന്നില്ല. എന്നാല്‍, ആപ്പിള്‍ അവതരിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ ടച്ച് സ്ക്രീനോട് കൂടിയുള്ളതായിരുന്നു. അക്കാലത്തെ ബ്ലാക്ക്ബെറി മോഡലുകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് ഗൂഗിള്‍ ജി വണ്‍ നിര്‍മ്മിച്ചത്. കുറവുകള്‍ പരിഹരിച്ച് താമസംവിനാ ജി വണ്‍ പുനരവതരിപ്പിക്കപ്പെട്ടു. ആപ്പിളിന്റെ ഇടപെടല്‍ ആന്‍ഡ്രോയ്ഡിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി എന്ന് ഗൂഗിള്‍ നേതൃത്വം തന്നെ അംഗീകരിക്കുന്നു. തുടര്‍ന്ന് സംഭവിച്ചത്, ആന്‍ഡ്രോയ്ഡും ആപ്പിളും തമ്മിലുള്ള ഒരു തികഞ്ഞ മല്‍പ്പിടുത്തമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകളായി ഈ ലോക സമൂഹം സകൗതുകം ആ യുദ്ധം വീക്ഷിക്കുന്നു.