ഏതാനും മാസങ്ങൾക്ക് മുമ്പ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഉത്തരവിറക്കിയത് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് . അലുമിനിയം പ്ലേറ്റിൽ ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങളും അക്ഷരങ്ങളും എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കുന്നത്. വാഹനത്തിന്‍റെ നമ്പറിന് പുറമെ മറ്റു സുരക്ഷാ സംവിധാനങ്ങളും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിലുണ്ടാകും. ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിലവിൽ വരും എന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് ഘട്ടംഘട്ടമായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഡിപ്പാർട്ട്മെന്റ്, ഇനിമുതൽ ഹൈസെക്യൂരിറ്റി നമ്പർപ്ളേറ്റില്ലാതെ വാഹനത്തിന് ആർസി ബുക്ക് നൽകില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യേണ്ട ചുമതല വാഹന വിതരണക്കാര്‍ക്കാണ്. എന്നാൽ, വാഹന ഡീലർമാർ നമ്പർപ്ളേറ്റ് നല്കാൻ വൈകുന്നു എന്ന കാരണത്താൽ, സാധാരണ നമ്പർപ്ളേറ്റുകൾ ഉപയോഗിക്കുന്നത് പതിവാണ്. ഇനിമുതൽ, സാധാരണ നമ്പർപ്ളേറ്റുകൾ ഘടിപ്പിച്ചുചെന്നാൽ ആർസിബുക്ക് നൽകുകയില്ല എന്നാണ് ആർടിഒമാർ അറിയിക്കുന്നത്.
എല്ലാ പുതിയ വാഹനങ്ങള്‍ക്കും ഹെ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി തുടങ്ങിയതായി ആര്‍ടിഓമാര്‍ അറിയിച്ചു തുടങ്ങി. വാഹനത്തിൽ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് അഥവാ എച്ച് എസ് ആര്‍ പി ഘടിപ്പിച്ച ചിത്രം മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിവാഹൻ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്താൽ മാത്രമേ ആര്‍സി ബുക്ക് നല്‍കൂ. വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്താൽ അന്നു തന്നെ രജിസ്ട്രേഷൻ നമ്പര്‍ ലഭിക്കും.
രാജ്യത്ത് എല്ലായിടത്തുമുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്‍റെ രൂപം ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നത്. സാധാരണ നമ്പര്‍ പ്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി അലുമിനിയത്തിൽ നിര്‍മിച്ചിരിക്കുന്ന ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളിൽ എഴുതിയിരിക്കുന്ന നമ്പറുകളിൽ മാറ്റം വരുത്താനോ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ സാധിക്കില്ല. കൂടാതെ ആധികാരികത ഉറപ്പാക്കാനായി ഒരു അശോക ചക്രവും ഇന്ത്യ എന്ന തുടര്‍ച്ചയായുള്ള എഴുത്തും നമ്പര്‍ പ്ലേറ്റിൽ ഹോട്ട് സ്റ്റാംപ് ചെയ്തിരിക്കും. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പറിന് പുറമെ എൻജിൻ നമ്പര്‍, ഷാസി നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും നമ്പര്‍ പ്ലേറ്റിൽ നിന്ന് തന്നെ ലഭ്യമാകും.