നാലുവയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ എല്ലാ ബൈക്ക് യാത്രികർക്കും ഡിസംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടെയുള്ള രണ്ടാം യാത്രക്കാരനും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
വാഹന പരിശോധന ഡിസംബർ ഒന്നാം തിയ്യതി മുതൽതന്നെ കർശനമാക്കുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, ആദ്യഘട്ടത്തിൽ ബോധവൽക്കരണത്തിനാവും ഊന്നൽ നൽകുക. തുടർന്ന്, ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റ് ഇല്ലാതെയും വാഹനം ഓടിക്കുന്നവർ 500 രൂപ പിഴയൊടുക്കേണ്ടിവരും. സ്ഥിരമായി ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്താൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങും.
പലപ്പോഴായി ഉണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ വാഹനങ്ങൾ പിന്തുടർന്ന് പരിശോധിക്കരുതെന്നും, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തണമെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഹെൽമെറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രകനെ പോലീസ് എറിഞ്ഞുവീഴ്ത്തിയിരുന്നു.