- കേരളം ഒരിക്കൽക്കൂടി പ്രളയഭീതിയിൽ
- ഉരുൾപൊട്ടലുകൾ വ്യാപകം, ഇതുവരെ ഇരുപത്തിനാലു മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു.
- ട്രെയിൻ, വിമാന ഗതാഗതം തടസ്സപ്പെടുന്നു, നെടുമ്പാശേരി വിമാനത്താവളം അടച്ചു
- ഇതുവരെ ദുരിതാശ്വാസ ക്യാംപുകളിൽ 23000 പേർ
- പ്രളയത്തെയും ഉരുൾപൊട്ടലുകളെയും തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ പലയിടങ്ങളിലായി ഒറ്റപ്പെട്ടുകിടക്കുന്നു.
- ഭാരതപ്പുഴ ഉൾപ്പെടെ മിക്കവാറും പുഴകളും കരകവിഞ്ഞു
- വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ മലയോര മേഖലകളുടെ സ്ഥിതി അതീവ ഗുരുതരം
കേരളത്തിൽ വ്യാപകമായ കനത്ത മഴ മൂന്നാം ദിവസം പിന്നിടുമ്പോൾ നിരവധി പ്രദേശങ്ങളിൽ പ്രളയസമാനമായ സാഹചര്യങ്ങൾ. കഴിഞ്ഞ പ്രളയ കാലത്തേക്കാൾ ഉരുൾപൊട്ടലുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അതീവ ഗുരുതരമായ ഉരുൾപൊട്ടലുകൾ നടന്ന പലയിടങ്ങളിലേയ്ക്കും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
മേപ്പാടി പത്തുമലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും സംഭവിച്ച ജീവനാശവും ഇനിയും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നൂറേക്കറോളം സ്ഥലവും, നിരവധി വീടുകളും മണ്ണിനടിയിലായതായാണ് റിപ്പോർട്ടുകൾ. ദുരന്തസ്ഥലത്തേയ്ക്കുള്ള റോഡുകൾ തകർന്നതിനാൽ സഹായങ്ങളെത്തിക്കുവാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ കഴിയുന്നത് നൂറുകണക്കിന് ആളുകളാണ്.
പമ്പ, അച്ചൻകോവിലാർ, മണിമല തുടങ്ങിയ നദികളും കരകവിഞ്ഞു. ചാലിയാർ, ചെറുപുഴ, ഇരുവഞ്ഞിപ്പുഴ തുടങ്ങിയവയും കരകവിഞ്ഞൊഴുകുന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പ് കുതിച്ചുയരുകയാണ്. അപകടമേഖലകളിൽനിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇപ്പോഴും വിവിധ തീരദേശങ്ങളിൽ കഴിയുന്നവർക്ക് കനത്ത ജാഗ്രതാ നിർദ്ദേശങ്ങളുണ്ട്. ഭാരതപ്പുഴയുടെ തീരത്തെ റോഡുകൾ ഏറെക്കുറെ എല്ലാം വെള്ളത്തിനടിയിലായിക്കഴിഞ്ഞു.
മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ പാലാ നഗരം ഒറ്റപ്പെട്ടിരിക്കുകയാണ്. നഗരത്തിലേക്ക് എത്തുന്ന എല്ലാ വഴികളും വെള്ളം കയറി ഗതാഗതം മുടങ്ങി. കൊട്ടാരമറ്റം ബസ് സ്റ്റാന്ഡ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.
താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി ടൗണുകളിൽ വെള്ളം കയറിക്കഴിഞ്ഞു. ഒട്ടേറെ വീടുകൾ മലവെള്ളപ്പാച്ചിലുകളിലും, വെള്ളപ്പൊക്കത്തിലും തകർന്നു.കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇവിടെ കനത്ത മഴ തുടരുകയാണ്. മലയോരമേഖയില്‍ വെള്ളപ്പൊക്കത്തിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. അയ്യംകുന്ന്, ആറളം, കൊട്ടിയൂര്‍ ചപ്പമല എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടി. കോഴിക്കോട് മാവൂരിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയതാണ് റിപ്പോർട്ടുകളുണ്ട്.
വയനാട്ടിൽ കഴിഞ്ഞ ദിവസം പെയ്തത് 260 മില്ലിമീറ്റർ വരെ മഴയാണ്. കണക്കനുസരിച്ച് അതിതീവ്ര മഴ 150നും 250 മില്ലിമീറ്ററിന് ഇടയിലാണ്. മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിൽ പെയ്തു തുടങ്ങിയ പേരും മഴയാണ് വയനാടിനെയും സമീപ ജില്ലകളെയും പ്രതിസന്ധിയിലാഴ്ത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോര മേഖലകളിലേക്ക് വയനാടൻ വനമേഖലകളിൽ നിന്നും ഒഴുകിയിറങ്ങിയ വെള്ളമാണ് പല ഉരുൾപൊട്ടലുകൾക്കും കാരണമായത്. വ്യാഴാഴ്‌ച വൻ ദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിൽ വെള്ളിയാഴ്ചയും കനത്ത മഴ തുടരുകയാണ്.
ഇപ്പോഴും തുടരുന്ന കനത്ത മഴയെയും, പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് രക്ഷാപ്രവർത്തകർ പ്രവർത്തന നിരതരാണ്. സർക്കാർ സംവിധാനങ്ങളും മന്ത്രിമാരും സജീവമായി രംഗത്തുണ്ട്. കേന്ദ്ര സേനകൾ വ്യാഴാഴ്ച മുതൽ ദുരന്തമേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്.