കോട്ടയം: ഹൃദയ ശസ്ത്രക്രിയ വിദഗ്ദനായ ഡോ. ടി. കെ. ജയകുമാറിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു.
ചങ്ങനാശേരി സ്വദേശിയായ ചെറുപേഴിൽ സജീവ് എന്ന യുവാവിന്, മസ്തിഷ്ക മരണം സംഭവിച്ച, ഇടുക്കി വണ്ടൻമേട് സ്വദേശിനി നിബിയ മേരി ജോസഫിന്റെ ഹൃദയമാണ് മാറ്റിവച്ചത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂർ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിബിയ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിൽസയിൽ കഴിയവേ, ഇന്നലെ രാവിലെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
നിബിയയുടെ ഹൃദയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും, ഉടനെ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു. 4.30ഓടെ ശസ്ത്രക്രിയ പൂർത്തിയായതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.
അഞ്ചു വർഷമായി ഹൃദ്രോഗത്തെ തുടർന്ന് വിവിധ ആശുപത്രികളിലായി ചികിൽസയിലായിരുന്ന സജീവിന് ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം. കഴിഞ്ഞ ഒന്നര വർഷമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ചികിൽസ. ഇതിനിടെ പലപ്പോഴായി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുക്കിയിരുന്നുവെങ്കിലും പല കാരണങ്ങളാലും നടന്നിരുന്നില്ല. വ്യാഴാഴ്ച വൈകിട്ടോടെ മൃതസഞ്ജീവനി കോ ഓർഡിനേറ്റർമാർ വഴി വിവരം ലഭിച്ചതോടെ സജീവ് ശസ്ത്രക്രിയയ്ക്ക് തയ്യാറാകുവാൻ നിർദ്ദേശം ലഭിക്കുകയായിരുന്നു.
ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരിക്കെയാണ് നിബിയ മേരി ജോസഫ് മരണത്തിന് കീഴടങ്ങുന്നത്. കുടുംബാംഗങ്ങൾ ഒന്നിച്ച് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സഹോദരൻ ഓടിച്ചിരുന്ന കാറിന്റെ പിൻസീറ്റിലിരുന്ന നിബിയയ്ക്ക് പരിക്കേൽക്കുകയായിരുന്നു. മുൻ സീറ്റിൽ ഇരുന്ന പിതാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. നിബിയയുടെ സഹോദരൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിൽസയിലാണ്. അവർ സഞ്ചരിച്ചിരുന്ന വാഗൻ ആർ കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂൾ ബസിലേയ്ക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. നിബിയയുടെ അമ്മയും സഹോദരിയും മറ്റൊരു കാറിലായിരുന്നു.
മരണം ഉറപ്പിച്ചതോടെ, നിബിയയുടെ ബന്ധുക്കൾ ഹൃദയമുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദാനം ചെയ്യുവാൻ അനുമതി നൽകുകയായിരുന്നു. വിവാഹപ്പന്തൽ ഉയരേണ്ട വീട് കണ്ണീർ പുഴയായി ഒഴുകുമ്പോഴും, നിബിയയുടെ അവയവങ്ങൾ അഞ്ചുപേർക്ക് ജീവൻ നൽകുന്നതിലുള്ള നേരിയ ആശ്വാസം നാട്ടുകാർക്കുണ്ട്. നിബിയയുടെ ഹൃദയത്തിന് പുറമെ ഒരു കിഡ്നിയും കോട്ടയം മെഡിക്കൽ കോളേജിലെ ഒരു രോഗിക്ക് തന്നെയാണ് നൽകുക. രണ്ടാമത്തെ കിഡ്നിയും പാൻക്രിയാസും കൊച്ചി, അമൃത ആശുപത്രിയിലെ രോഗിക്കും, കരൾ ആസ്റ്റർ മെഡ്സിറ്റിയിലെ തന്നെ ഒരു രോഗിക്കുമാണ് നൽകുക.
ഹൃദയമാറ്റ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വീണ്ടും ചരിത്രം കുറിക്കുകയാണ്. 2013 ൽ ആദ്യമായി അവിടെ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുമ്പോൾ അത് ഇന്ത്യയിലെ സർക്കാർ ആശുപത്രികളിൽ ആദ്യത്തേതായിരുന്നു. തുടർന്ന് ഇത് നാലാമത്തെ ശസ്ത്രക്രിയയാണ്.