Voice of Truth

ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം, വാദം അന്തിമ ഘട്ടത്തിൽ. വിധി നവംബർ പതിനേഴിന് മുമ്പ് ഉണ്ടായേക്കും

അയോധ്യയിലെ രാം ജന്മഭൂമി- ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ നാൽപ്പത് ദിവസം പൂർത്തിയാകുന്ന ഇന്ന് വാദപ്രതിവാദങ്ങൾ അവസാനിച്ചേക്കും. ഇന്ത്യൻ നിയമ യുദ്ധങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കലാണ് ഈ കേസിന്റേത് എന്നാണ് റിപ്പോർട്ടുകൾ. 134 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ചരിത്രവിധി നവംബര്‍ 17 ന് മുമ്പ് പ്രസ്താവിക്കുമെന്ന് കരുതുന്നു.

രാമന്റെ ജന്മസ്ഥലമാണ് അയോധ്യയില തര്‍ക്ക ഭൂമിയെന്നും പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് മോസ്‌ക് പണിതതെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് 1992 ഡിസംബറിലാണ് പൊളിച്ചത്. പള്ളി നശിപ്പിച്ച സംഭവം രാജ്യത്ത് കലാപത്തിന് വഴിവെച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

2.77 ഏക്കര്‍ ഭൂമി സുന്നി വക്കഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് തുല്യമായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ, സുപ്രീം കോടതിയില്‍ 14 അപ്പീലുകളാണ് സമര്‍പ്പിച്ചത്. തര്‍ക്കത്തിന് അനുയോജ്യമായ തീരുമാനം എടുക്കുന്നതില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള അഞ്ചംഗ ബഞ്ച് ഓഗസ്റ്റ് 6 ന് കോടതി നടപടികള്‍ ആരംഭിക്കുകയായിരുന്നു.

1989 വരെ ഭൂമി രാംജന്മഭൂമി എന്ന അവകാശവാദം ആരും ഉന്നയിച്ചിട്ടില്ലെന്നു മുസ്ലിം സംഘടനകള്‍ കോടതിയില്‍ വാദിച്ചു. ‘മുസ്ലിം വിശ്വാസികള്‍ക്ക് ഏത് മോസ്‌കില്‍ പോയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50- 60 മോസ്‌കുകള്‍ ഉണ്ട്. പക്ഷേ, ഹിന്ദുക്കള്‍ക്ക് അങ്ങനെയല്ല. ഇത് രാമന്റെ ജന്മസ്ഥലമാണ്. രാമന്റെ ജന്മസ്ഥലം ഞങ്ങള്‍ക്ക് മാറ്റാന്‍ പറ്റില്ല’ എന്നാണ്, ഹിന്ദു സംഘടനായ രാം ലല്ല വിരജ്മാനു വേണ്ടി ഹാജരായ മുതിര്‍ന്ന വക്കീല്‍ കെ പരശരണ്‍ പറഞ്ഞത്.

Leave A Reply

Your email address will not be published.