ഒറ്റനോട്ടത്തില്‍ മലര്‍ത്തിവച്ച ചതുരക്കുടകള്‍ പോലെ തോന്നും. അതേ അര്‍ത്ഥമുള്ള ‘ഉള്‍ട്ട ഛാത’ എന്നാണ് അത് വിശേഷിപ്പിക്കപ്പെടുന്നതും. മൂന്നോ നാലോപേര്‍ക്ക് വിശ്രമിക്കാനും, മൊബൈലും ലാപ്ടോപ്പും മറ്റും ചാര്‍ജ് ചെയ്യാനും മറ്റും സൗകര്യം ഉണ്ടാവും. പ്രധാന കാര്യങ്ങള്‍ ഇതൊന്നുമല്ല. ഒരേസമയം മഴവെള്ളവും, സൗരോര്‍ജ്ജവും സംഭരിക്കാനുതകുന്ന നൂതന സംവിധാനമാണിത്. ‘ഗ്രീനര്‍ റെയില്‍വേ’ എന്ന ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയുടെ ഭാഗമായി ആന്ധ്ര പ്രദേശിലെ ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
പതിനാല് ലക്ഷം രൂപ ചെലവില്‍ ഇത്തരത്തില്‍ ആറെണ്ണമാണ് ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡിന് വശത്തായുള്ള പുല്‍മൈതാനത്ത് സ്ഥാപിച്ചിരിക്കുന്നത് എന്ന് ഡെയ്ലി ന്യൂസ് അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജ്യാമിതീയമായ രൂപഘടനകൊണ്ട് ‘മോഡല്‍ 1080’ എന്ന് ഈ ഡിസൈനിലുള്ള കുടകള്‍ വിളിക്കപ്പെടുന്നു. ‘തിങ്ക്‌ഭി സസ്റ്റൈനബിള്‍ ലാബ്’ ആണ് ഇത് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിര്‍മ്മിച്ചുനല്‍കുന്നത്. ഇത്രയും സൗകര്യങ്ങള്‍ ഒരുമിച്ചുചേര്‍ന്ന ലോകത്തിലെ ആദ്യ സംവിധാനമാണ് ഇത് എന്ന് അവര്‍ അവകാശപ്പെടുന്നു. തിങ്ക്ഭി എന്ന കമ്പനി വിതരണം ചെയ്യുന്ന ‘ഉള്‍ട്ട ഛാത’ എന്ന സംവിധാനം ഇതിനകം ഇന്ത്യയിലെ ചില നഗരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ചില പൊതുസ്ഥലങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയെങ്കിലും ഏറെക്കാലമായിട്ടില്ല.
അഞ്ച് മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള ഓരോ യൂണിറ്റിനും നൂറ്റി ഇരുപത് കിലോ ഭാരമുണ്ട്. ചതുരത്തിലുള്ള കുടയുടെ നടുവിലായി, മുഴുവന്‍ യൂണിറ്റിന് ബലം നല്‍കി അതിനെ താങ്ങിനിര്‍ത്തുവാനായി ഒരു സ്റ്റീല്‍ ട്യൂബാണ് ഉള്ളത്. മികച്ച വെളിച്ചം തരാന്‍ ശേഷിയുള്ള നാല്‍പ്പത് വാട്ട്സ് എല്‍ഇഡി ബള്‍ബുകള്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്നു. ഭാരം കുറഞ്ഞ മോണോക്രിസ്റ്റലൈന്‍ പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററിയും, ചാര്‍ജര്‍ കണ്ട്രോളറും, ഓട്ടോമേറ്റഡ് സെന്‍സര്‍ കണ്ട്രോളും ഇതിന്റെ ഭാഗമായുണ്ട്.
വര്‍ഷത്തില്‍ ഓരോ യൂണിറ്റ് വഴിയും അറുപതിനായിരം ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കുടകള്‍ വഴി ശേഖരിക്കുന്ന വെള്ളം ഈ ആവശ്യത്തിനായി നിര്‍മ്മിച്ചിട്ടുള്ള ടാങ്കിലേയ്ക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മാത്രമല്ല, അനേകായിരം പൊതുസ്ഥാപനങ്ങള്‍ക്കും ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനിലെ ‘ഉള്‍ട്ട ഛാത’ ഒരു മാതൃകയാകും എന്ന് തീര്‍ച്ച. പാര്‍ക്കിംഗ് സ്ഥലങ്ങളിലും, ഹോട്ടലുകളുടെയും മറ്റും ലോണുകളിലും തുടങ്ങി, ജല/ ഊര്‍ജ്ജ ദൗര്‍ലഭ്യമുള്ള ദേശങ്ങളിലെ വീടുകളുടെ ഭാഗമായി പോലും പരീക്ഷിക്കാന്‍ കഴിയുന്ന ഒരു മാതൃകകൂടിയാണ് ഇത്.