Voice of Truth

ഹർത്താൽ അക്രമം തടയാൻ സർക്കാർ നീക്കം. സ്വകാര്യ സ്വത്ത്‌ നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും സംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ഹർത്താൽ ദിനങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ സംബന്ധമായ എണ്ണമറ്റ കേസുകളാണ് കോടതികളിൽ വിധിതീർപ്പ് കാത്തുകിടക്കുന്നത്. അവയിൽ നല്ലൊരുപങ്ക് സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ട കേസുകളാണ്. ഒരു ഹർത്താൽ പ്രഖ്യാപിക്കപ്പെടുമ്പോൾ പോലീസിനും സർക്കാരിനും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത് ഇത്തരത്തിലുള്ള ആക്രമണ സാധ്യതകളാണ്.

ഇതിന് ഒരു ശാശ്വത പരിഹാരമെന്നോണമാണ് 2019ലെ കേരള സ്വകാര്യ സ്വത്ത്‌ നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബില്ലാണ്‌ സഭയിൽ അവതരിപ്പിച്ചത്‌. ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ കടുത്ത ശിക്ഷ വിധിക്കുന്നതിനും, നഷ്‌ടപരിഹാരം ഈടാക്കാനും ബിൽ നിർദ്ദേശിക്കുന്നു. നിലവിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ വിട്ടു ഈ ബിൽ വൈകാതെ പ്രാബല്യത്തിൽ വരും എന്ന് കരുതുന്നു.

ഈ ബിൽ അനുസരിച്ച്, കോടതി വിധിക്കുന്ന നഷ്ട പരിഹാരം ഈടാക്കാൻ റവന്യൂ റിക്കവറി നടപ്പാക്കാം. ആക്രമണം വീഡിയോയിൽ പകർത്താൻ പൊലീസിന് അധികാരവും നൽകുന്നുണ്ട്‌. നാശനഷ്ടം വരുത്തുന്നയാൾക്ക് അഞ്ചു വർഷത്തേക്ക്‌ തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാൽ ജീവപര്യന്തമോ പത്ത്‌ വർഷം തടവും പിഴയുമോ ആണ്‌ ശിക്ഷ. ജാമ്യം ലഭിക്കില്ല.  

ഇതുവരെ ഹർത്താൽ വേളയിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള നിയമങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെ തടയുവാൻ ഓർഡിനൻസ് കൊണ്ടുവന്നിരുന്ന സർക്കാർ ഇപ്പോൾ അത് നിയമമാക്കുവാനുള്ള ബില്ലാണ് പരിഗണിച്ചിരിക്കുന്നത്.

ഇതനുസരിച്ച്, ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ തന്റെ സ്വത്ത് നശിപ്പിക്കപ്പെട്ടു എന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ നേതൃത്വം നൽകിയവർ പ്രതികളാവുകയും, നഷ്ടപരിഹാരം നൽകുവാനും, ശിക്ഷ അനുഭവിക്കുവാനും ബാധ്യസ്ഥരാവുകയും ചെയ്യും.