Voice of Truth

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കേരളബാങ്ക് പ്രാബല്യത്തിൽ. കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളുടെ രൂപം മാറുന്നു

കേരള ബാങ്ക് രൂപീകരിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി തീർപ്പുകൽപ്പിക്കേണ്ടിയിരുന്ന കേസുകളുടെ വിധി വരാൻ കാത്തിരുന്നതിനാൽ പ്രഖ്യാപനം വൈകിയ കേരള ബാങ്ക് ഇന്ന് നിലവിൽവന്നു.

കേരളബാങ്ക് രൂപീകരണവുമായിബന്ധപ്പെട്ട 21 കേസുകളിലും കേരളാ ഹൈക്കോടതി ഇന്നലെ വിധിപറഞ്ഞിരുന്നു. അതോടെ, മലപ്പുറം ഒഴികെയുള്ള സംസ്‌ഥാനത്തെ പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളും സംയോജിച്ച് കേരളബാങ്ക് നിലവിൽവന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ രാത്രി ഉത്തരവ് ലഭിച്ചതോടെ ജില്ലാബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം കഴിഞ്ഞ ദിവസത്തോടെ അവസാനിക്കുകയും, ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിൽ കേരളബാങ്ക് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സഹകരണ സെക്രട്ടറി മിനി ആന്റണി, ധനവിഭവ സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ് എന്നിവരുൾപ്പെട്ട ഇടക്കാല ഭരണസമിതിക്കാണ് ചുമതല. സമിതിയുടെ കാലാവധി ഒരു വർഷമാണ്. 

കേരള ബാങ്ക് സി.ഇ.ഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.എസ് രാജനെ നിയമിച്ചിട്ടുണ്ട്. ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഡിസംബറിൽ ചേരും..ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജണ്ട.

Leave A Reply

Your email address will not be published.