- മഹീന്ദ്രയുടെ ഇടപെടല്‍ മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുന്നു.
- ഏക്കറില്‍ ശരാശരി നാല് ടണ്‍ വിളവ് ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് പന്ത്രണ്ട് ടണ്‍ വിളവ് ലഭിക്കുന്ന വലിയ വളര്‍ച്ചയ്ക്ക് പിന്നില്‍ മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സ് ആണ്.
- നൂറ് മില്യണ്‍ ഡോളറിനുള്ള മുന്തിരി കമ്പനി കയറ്റുമതി ചെയ്യുന്നു.
മഹാരാഷ്ട്രയിലെ നാഷിക് ഇന്ത്യയിലെ ഗ്രേപ്പ് സിറ്റി ആണ്. നാഷിക്കിലും പരിസര പ്രദേശങ്ങളിലുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം മുന്തിരി കൃഷി ചെയ്യപ്പെടുന്നത്. നാഷിക്, സാംഗ്ലി, ബരാമതി തുടങ്ങിയ പ്രദേശങ്ങളിലെ മുന്തിരി കൃഷി ഇന്ന് വിപ്ലവകരമായ വളര്‍ച്ചയുടെ പാതയിലാണ്. പൂര്‍ണ്ണമായും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായുള്ള ഇടപെടലുകളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ഇന്ന് യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കുമായി പ്രതിവര്‍ഷം നൂറ് ദശലക്ഷം ഡോളറിനുള്ള മുന്തിരി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
ഓട്ടോമൊബൈല്‍ സാങ്കേതിക രംഗത്ത് വിപ്ലവകരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മഹീന്ദ്രയുടെ വ്യത്യസ്ഥമായ ഈ ഇടപെടല്‍ വളരെ ശ്രദ്ധേയവും, മാതൃകാപരവുമാണ്. ഭാരതത്തിന്റെ രംഗത്ത് ക്രിയാത്മകമായി ഇടപെടുവാനായി കുറിച്ച മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സിന്റെ മറ്റു പല പ്രവർത്തനങ്ങളും ഇത്തരത്തിൽ പ്രശംസനീയമാണ്.
പതിനഞ്ച് വർഷമായി തുടരുന്ന മഹീന്ദ്രയുടെ നാഷിക്കിലെ മുന്തിരികൃഷിയുടെ കഥ ഏറെ പ്രചോദനാത്മകമാണ്. ശാസ്ത്രീയമായി കൃഷി ചെയ്‌താല്‍ മറ്റെല്ലാ കൃഷികളെക്കാള്‍ ലാഭകരമായി മുന്തിരി കൃഷി ചെയ്യാന്‍ കഴിയും എന്ന് പതിനഞ്ചു വര്‍ഷങ്ങള്‍കൊണ്ട് ഈ പ്രദേശത്തെ നിരവധി കര്‍ഷകരെ ബോദ്ധ്യപ്പെടുത്തുവാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു. അതോടെ മുന്തിരി കൃഷി ചെയ്യപ്പെടുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി ഒരുപാട് വര്‍ദ്ധിച്ചു. അനേകം കര്‍ഷകര്‍ മുന്തിരി കൃഷി ചെയ്യാന്‍ തല്‍പ്പരരായി.

മഹീന്ദ്ര കമ്പനി ഈ രംഗത്തേയ്ക്ക് ഇറങ്ങിയ ആദ്യ വർഷം, വിരലിലെണ്ണാവുന്ന കണ്ടെയ്നറുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തതെങ്കിൽ, ഈ കാലത്തിനുള്ളില്‍ അത് നൂറുകണക്കിന് കണ്ടെയ്നറുകളായി വളര്‍ന്നു. 2017ല്‍ 888 കണ്ടെയ്നറുകളും, 2018ല്‍ 535 കണ്ടെയ്നറുകളുമാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ഇന്ന് ഇന്ത്യയില്‍ നിന്നുള്ള മുന്തിരി കയറ്റുമതിയുടെ വലിയ പങ്കും മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സിന്റെ നേതൃത്വത്തിലാണ്.
വിദേശരാജ്യങ്ങളില്‍നിന്ന് തങ്ങളുടെ ചെലവിൽ വിദഗ്ദരെ കൊണ്ടുവന്ന് കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നല്‍കിക്കൊണ്ടാണ് മികച്ച രീതിയിലും, ആന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാനിയമങ്ങള്‍ക്ക് അനുസൃതമായും മുന്തിരി കൃഷി ചെയ്യുവാന്‍ കമ്പനി അവരെ പ്രാപ്തരാക്കുന്നത്. കര്‍ഷകര്‍ക്ക് മികച്ച പരിശീലനവും, വിപണന സാദ്ധ്യതയും ഉറപ്പ് വരുത്തുന്നതോടൊപ്പം, ഏറ്റവും മികച്ച വില അവരുടെ വിളവിന് കമ്പനി നൽകുകയും ചെയ്യുന്നു. കമ്പനിയുടെ ഇടപെടലുകള്‍ വഴിയായി ഈജിപ്ത് ഉള്‍പ്പെടെയുള്ള പ്രധാന മുന്തിരി ഉല്‍പ്പാദക രാജ്യങ്ങളെ കിടപിടിക്കുന്ന മികച്ചൊരു കാര്‍ഷികാന്തരീക്ഷം അവിടെ രൂപപ്പെടുകയായിരുന്നു.

മികച്ച കാര്‍ഷിക, വിപണന മാതൃകകളായി സമൂഹങ്ങളെ തന്നെ ഉയര്‍ത്തിക്കൊണ്ടു വരികയും, അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ച് നടത്തുകയും ചെയ്യുന്നതിനൊപ്പം, പരിസ്ഥിതിക്കും പങ്കാളികളാകുന്ന എല്ലാവര്‍ക്കും അത് ഗുണകരമാവണം എന്ന ലക്ഷ്യമാണ് കമ്പനിക്ക് ഉള്ളതെന്ന് മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സ് നേതൃത്വം വിശദീകരിക്കുന്നു. മഹീന്ദ്ര രംഗപ്രവേശം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് ഉള്ള ഇനങ്ങള്‍ തെരഞ്ഞെടുക്കുകയും, കയറ്റുമതിക്ക് യോജ്യമായ കൃഷിരീതി അവലംബിക്കുകയും ചെയ്യുന്ന പതിവ് അക്കാലത്തെ കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നില്ല. യൂറോപ്പിനെയും മറ്റും സംബന്ധിച്ച്, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയുടെ കാര്യത്തില്‍ സൂക്ഷ്മമായ നിരീക്ഷണമുണ്ടായിരുന്നു. പഴവര്‍ഗ്ഗങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം നിയന്ത്രിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ബാധകമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ കയറ്റുമതിക്ക് സഹായകമാം വിധം എപ്രകാരം കൃഷി ചെയ്യാന്‍ കഴിയും എന്ന് കമ്പനി കര്‍ഷകരെ പഠിപ്പിച്ചുതുടങ്ങി. കൃഷി വിദഗ്ദര്‍ കൃഷിയിടങ്ങളിലെത്തി അവര്‍ക്ക് പരിശീലനം നല്‍കി. മറ്റ് കമ്പനികള്‍ കര്‍ഷകര്‍ക്ക് പണം നല്‍കി മുന്തിരി വാങ്ങുക മാത്രം ചെയ്തപ്പോള്‍, മഹീന്ദ്ര തങ്ങള്‍ക്ക് ആവശ്യമുള്ള നല്ലയിനം മുന്തിരി കൃഷി ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കുവാനാണ് പണം ചെലവഴിച്ചത്.
ഇന്ന് ആയിരത്തിനാനൂറില്‍പരം കര്‍ഷകര്‍ മഹീന്ദ്രയ്ക്ക് വേണ്ടി മുന്തിരി കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ ആധുനിക പരിശീലനങ്ങളും സംവിധാനങ്ങളും സമയാസമയങ്ങളില്‍ കമ്പനി നല്‍കുന്നു. അവരുടെ വിളവില്‍ കാലം കഴിയുംതോറും ഗണ്യമായ പുരോഗതിയും ദൃശ്യമാണ്. പത്ത് വര്‍ഷം മുമ്പ് ഒരു കര്‍ഷകന് ഒരേക്കറില്‍ നിന്ന് ശരാശരി നാല് ടണ്‍ മുന്തിരിയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്നത് ശരാശരി പന്ത്രണ്ട് ടണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. കൃഷി രീതികള്‍ പരിഷ്കരിക്കപ്പെടുന്നതിനനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങളാണ് ഇതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. മുമ്പ് ആ കര്‍ഷകര്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് മുന്നില്‍ കണ്ടുകൊണ്ട് കൃഷി ചെയ്തിരുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വില വരെ ഇന്ന് അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇരുപത്തഞ്ച് മുതല്‍ മുപ്പത് രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഗുണമേന്മയ്ക്ക് അനുസരിച്ച്, എഴുപത്തഞ്ചു മുതല്‍ നൂറു രൂപവരെ ഒരു കിലോ മുന്തിരിക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നു. സ്വകാര്യ കമ്പനികളും, കര്‍ഷകരും, സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയ വിജയം കാര്‍ഷികമേഖലയില്‍ നേടാന്‍ കഴിയും എന്നുള്ളതിന്റെ വലിയ ഉദാഹരണമായി കമ്പനി അധികൃതര്‍ തന്നെ ഈ നേട്ടത്തെ ഉയര്‍ത്തി കാണിക്കുന്നു.
ഒരേസമയം കമ്പനികള്‍ക്ക് വലിയ വാണിജ്യ സാധ്യതകളും, കര്‍ഷകര്‍ക്ക് മികച്ച വരുമാനവും, സര്‍ക്കാരിന് നികുതി വരുമാനവും നേടാന്‍ കഴിയുന്ന ഒരു മികച്ച കൃഷി മാതൃകയാണ് മഹീന്ദ്രയുടെ നാഷിക്കിലെ പ്രവര്‍ത്തനങ്ങള്‍.
അവലംബം: The Hindu, Wikipedia