ഇന്ത്യയിലെ വൈദ്യതി ഉൽപ്പാദനത്തിന്റെ 62 ശതമാനവും കൽക്കരി ഇന്ധനമായുള്ള തെർമൽ പവർ പ്ലാന്റുകളിലാണ്.
ഖനി ഉടമസ്ഥർക്ക് ഖനന സംബന്ധമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുതകുന്ന രീതിയിൽ വന – പരിസ്ഥിതി വിനിയോഗ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനം. ആഭ്യന്തര കൽക്കരി ഖനനം വർദ്ധിപ്പിക്കുവാനും, കൽക്കരി ഇറക്കുമതി മൂലമുണ്ടാകുന്ന വലിയ ബാധ്യത ലഘൂകരിക്കാനുമാണ് ഈ നീക്കം.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയിൽ ഈ മാസം ആരംഭത്തിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. വൈദ്യുതി ഉൽപ്പാദനത്തിനായി ആവശ്യത്തിന് കൽക്കരി ലഭ്യമാക്കുന്നതിനായി, നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ പരിസ്ഥിതി – കൽക്കരി മന്ത്രാലയങ്ങളോട് യോഗം ആവശ്യപ്പെട്ടു.
ലേലംകൊണ്ട 24 എണ്ണവും, പൊതുമേഖലയിൽ അറുപതെണ്ണവുമായി ആകെ 84 കൽക്കരിഖനികളാണ് പ്രവർത്തനസജ്ജമായി ഇന്ത്യയിൽ ഇന്നുള്ളത്. അതിൽത്തന്നെ, 29 ഖനികളിൽ മാത്രമാണ് ഉൽപ്പാദനമുള്ളത്. ബാക്കിയുള്ളവയെയും പ്രവർത്തനക്ഷമമാക്കി തീർക്കുവാനാണ് സർക്കാർ നീക്കം. നിലവിലുള്ള നിയമങ്ങളുടെ സങ്കീർണ്ണതകൾ മൂലം, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ ഒരുപാട് കാലതാമസം വേണ്ടിവരുന്നുണ്ട്. അത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാനായാണ് മാനദണ്ഡങ്ങളിൽ അയവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
വനംവകുപ്പിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കേറ്റ്, ഖനന സുരക്ഷാ അനുമതി പത്രങ്ങൾ, സ്ഥലം ഏറ്റെടുക്കൽ സംബന്ധമായ നടപടിക്രമങ്ങൾ തുടങ്ങിയവയ്ക്കാണ് കാലതാമസം വരുന്നത്. ആവശ്യമായ ഗതാഗതസൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടും, കരാറുകാരുമായുള്ള തർക്കങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവ മൂലവും ഖനികൾ ഉൽപ്പാദനം നിലച്ചുകിടക്കുവാൻ കാരണമാകുന്നുണ്ട്.
2015 സാമ്പത്തികവർഷം 43.2 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത്, കഴിഞ്ഞ വർഷം 25.1 ദശലക്ഷം ടൺ ആയിരുന്നു ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം. നിയമവിരുദ്ധമായ നടത്തിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം 204 ലൈസൻസുകൾ മുമ്പ് റദ്ദാക്കപ്പെട്ടിരുന്നു.
സ്വകാര്യ സംരംഭകരെ ആകർഷിക്കുന്നതിനനായി ലേല നിബന്ധനകൾ പരിഷ്കരിച്ചിട്ടുപോലും 2018ൽ നടക്കേണ്ടിയിരുന്ന ലേലങ്ങളിൽ പലതും മതിയായ എണ്ണം അപേക്ഷകൾ ലഭിക്കാത്തത് നിമിത്തം റദ്ദാക്കപ്പെടുകയാണ് ഉണ്ടായത്. ഈ വർഷം ഫെബ്രുവരിയിൽ, ഉൽപ്പാദനത്തിന്റെ 25 ശതമാനം വരെ പുറത്ത് വിൽക്കുവാൻ മന്ത്രിസഭാ അനുമതി നൽകിയിരുന്നു.
ഇന്ത്യയിലെ ആകെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 62 ശതമാനത്തിലേറെ ആശ്രയിക്കുന്നത് കൽക്കരി ഇന്ധനമായുള്ള തെർമൽ പവർ സ്റ്റേഷനുകളെയാണ്. ഇക്കാരണത്താൽ കൽക്കരിയുടെ ലഭ്യതക്കുറവ് ഊർജ്ജമേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.