Voice of Truth

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവം: ഗവർണ്ണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസം പിന്നിടുമ്പോൾ വെളിയിൽവരുന്നത് അതിക്രമങ്ങളുടെ ഘോഷയാത്ര!

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമ കേസിനെ തുടർന്ന് കലാലയത്തിലെ കലാപ രാഷ്ട്രീയത്തിന്റെ നടുക്കുന്ന കഥകളാണ് കഴിഞ്ഞ ചില ദിവസങ്ങളായി മാധ്യമങ്ങളിലൂടെ വെളിയിൽ വരുന്നത്. ഈ ആധുനിക കേരളത്തിൽ ഇത്രമാത്രം പ്രാകൃതമായ ഒരുമുഖം കലാലയ രാഷ്ട്രീയത്തിന് ഉണ്ട് എന്ന വാസ്തവം മലയാളിയെ ലജ്ജിപ്പിക്കാൻ പര്യാപ്തമാണ്. നിരവധി പ്രമുഖർ രാഷ്ട്രീയം മറന്ന് പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞിരിക്കുന്നു.

കോളേജിൽ നടന്ന സംഘർഷത്തെക്കുറിച്ചും, തുടർന്ന് നടന്ന പരിശോധനയിൽ സൂചന ലഭിച്ച പരീക്ഷാനടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഗവർണ്ണർ സർവകലാശാല വൈസ്‌ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൂടുതൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഇന്ന് ഗവർണറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെഎസ്‌യുവും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജിലെ ഗുണ്ടാപരിവേഷത്തിന്റെ മറവിലും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും യൂണിവേഴ്‌സിറ്റി പരീക്ഷകളിലും, പിഎസ്‌സി ടെസ്റ്റുകളിലും പോലും കൃത്രിമം നടത്താൻ പ്രതികൾക്ക് കഴിഞ്ഞിട്ടുള്ളതാണ് അധികാരികൾക്ക് വിനയായത്. ആരും അതിക്രമിച്ചു കയറില്ല എന്ന ഉറപ്പിൽ തങ്ങളുടെ യൂണിറ്റ് ഓഫീസിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന നിരവധി തെളിവുകൾ മാധ്യമങ്ങളിലൂടെ പൊതുജനവും കണ്ടിരുന്നു. ആനുകാലിക രാഷ്ട്രീയത്തിലെ കാപട്യത്തിന്റെ നേർക്കാഴ്ചകളാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുത്തപ്പെട്ടത്.

ഈ സംഭവം ഒറ്റപ്പെട്ടതല്ല എന്ന് തെളിയിക്കുന്ന വാർത്തകളും ഈ പശ്ചാത്തലത്തിൽ പുറത്തുവരുന്നുണ്ട്. തിരുവനന്തപുരം ആർട്ട്സ് കോളേജിലെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഈ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഒരു ശുദ്ധികലശം വേണമെന്ന് കേരളം കക്ഷിരാഷ്ട്രീയ ഭേദമന്യേ ആഗ്രഹിക്കുന്നു. താൽക്കാലിക കാര്യസാധ്യത്തിനായി വിദ്യാർത്ഥികൾക്കിടയിൽ നിന്ന് അക്രമികളെ വളർത്തിക്കൊണ്ടുവരുന്ന പ്രവണത രാഷ്ട്രീയ പാർട്ടികൾക്ക് ആശാസ്യമല്ല. കലാപകലുഷിതമായ കലാലയ അന്തരീക്ഷങ്ങൾക്ക് മാറ്റമുണ്ടാവണം. സർക്കാരാണ് അതിന് മുൻകയ്യെടുക്കേണ്ടത്. കോളേജുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ ഒതുക്കിത്തീർക്കുവാനും, മറച്ചുവയ്ക്കുവാനും നടക്കുന്ന ശ്രമങ്ങൾ ചെറുക്കപ്പെടേണ്ടതുണ്ട്.

Leave A Reply

Your email address will not be published.