കണ്ണൂർ: പ്രവാസി വ്യവസായിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന വിവാദത്തെ തുടർന്ന് സാജന്റെ കുടുംബത്തിന് ആശ്വാസകരമായി സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനാനുമതി നൽകണം എന്നാണ് നഗരസഭയ്ക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
മുതല്മുടക്കുന്നവർ ആത്മഹത്യ ചെയ്യുന്നതും ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതും കേരളത്തിൽ പുതുമയല്ല. സാജന്റെ ആത്മഹത്യയെ തുടർന്ന്, കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ മാത്രം രണ്ട് ആത്മഹത്യാശ്രമങ്ങൾ വാർത്തയായിരുന്നു. ഉത്തരവാദിത്തപ്പെട്ടവർ അനുമതി നിഷേധിച്ചത് മൂലം ഗതികെട്ട് ആത്മഹത്യ ചെയ്തവരും ജീവിതം തകർന്നവരും നിരവധിയാണ്. പലകാരണങ്ങൾകൊണ്ടും വാർത്തയാകാതെ പോയതിനാൽ മരണംകൊണ്ടും പരിഹാരം കണ്ടെത്താൻ കഴിയാത്ത സംഭവങ്ങളുമുണ്ട്.
പലപ്പോഴും വലിയ മുതൽമുടക്കുകൾ നടത്തി നാട്ടിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് സംഭവിക്കുന്ന പരാജയം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ‘വേണ്ടരീതിയിൽ കാണാതെ’ പോകുന്നതാണ്. നാട്ടിലെ പതിവുകളും രീതികളും അതിന്റെ ഗൗരവത്തിൽ മനസിലാക്കാതെ പോകുന്നതും, അതിന്റെഭാഗമായി ചിലരെ കാണേണ്ടരീതിയിൽ കാണാതെ പോയതുമാണ് പലരുടെയും തകർച്ചയ്ക്ക് കാരണം എന്നത് രഹസ്യമായ കാര്യമല്ല.
കണ്ണൂരില്‍ പ്രവാസിയായ സാജന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കില്ലെന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഭരണകക്ഷി ഉന്നത നേതാവിന്റെ ഭാര്യ കൂടിയായ നഗരസഭാധ്യക്ഷ വെല്ലുവിളിച്ചെന്നായിരുന്നു സാജന്റെ കുടുംബത്തിന്റെ ആരോപണം. ഇത്തരം അനുഭവങ്ങൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല എന്നതാണ് വാസ്തവം. മിക്കപ്പോഴും ഇത്തരത്തിൽ ഇരകളാക്കപ്പെടുന്നത് പ്രവാസികളാണ്.
പുനലൂരിൽ ആത്മഹത്യ ചെയ്ത സുഗതൻ
കഴിഞ്ഞ വര്ഷം ഏറെക്കുറെ സമാനമായ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്റെ അനുഭവവും കേരളലിയിക്കുന്നതാണ്.
ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും അദ്ദേഹത്തിന്റെ ആത്മഹത്യ സംഭവിച്ച 2018 ഫെബ്രുവരിയ്ക്കും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇതനുസരിച്ച് പത്തനാപുരത്ത് സ്ഥലം വാടകയ്‌ക്കെടുത്ത് വര്‍ക്ക്‌ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് വയല്‍നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു.
വര്‍ക്ക്‌ഷോപ്പിന് മുന്‍പില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ തന്റെ ബിസിനസ് സംരംഭം തകര്‍ന്ന വേദനയില്‍ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ വിശദീകരണം. അന്ന് ആത്മഹത്യയെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വലിയ വാഗ്ദാനങ്ങൾ നൽകിയ മന്ത്രിമാർ പിന്നീട് തങ്ങളെ പുച്ഛിച്ചുതള്ളുകയാണുണ്ടായത് എന്ന് അടുത്തകാലത്ത് സുഗതന്റെ കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു.
ഉടൻ ലൈസൻസ് നൽകുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയതോടെ കൂടുതൽ വായ്പ്പയെടുത്ത് നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയെങ്കിലും ഒന്നുമുണ്ടായില്ല എന്ന് സുഗതന്റെ മകൻ പറഞ്ഞതായി കഴിഞ്ഞയിടെ ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റു കുടുംബാംഗങ്ങളും ആത്മഹത്യ മുന്നിൽകണ്ട് ജീവിക്കുന്നതായായിരുന്നു വാർത്ത. സുഗതന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകാതെ വന്നപ്പോള്‍ മക്കളായ സുജിത്തും അനുജന്‍ സുനിലും പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ല.
എണ്ണമറ്റ മറ്റു പ്രവാസികളും, ഹതഭാഗ്യരായ നാട്ടുകാരും
സമാനമായ ഭീഷണികൾ നേരിട്ടുകൊണ്ട് ജീവിതം വഴിമുട്ടിയ ചിലരെക്കുറിച്ച് മറ്റു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് വേങ്ങരയിലുള്ള റെജി എന്ന പ്രവാസി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സര്‍വീസ് സ്റ്റേഷൻ ഇപ്പോള്‍ ഭരണകക്ഷിയുടെ ഉപരോധം മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി സത്യം ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ നിരവധി പ്രവാസികളാണ് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഇന്ന് കേരളത്തിലുളളത്. ജീവിതത്തിന്റെ ഏറിയ പങ്കും മണലാരണ്യത്തിൽ കഷ്ടപ്പെട്ട ശേഷം, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാൻ തിരികെയെത്തുന്നവരെയാണ് ഇത്തരത്തിൽ മരണക്കയത്തിലേയ്ക്ക് ഈ നാട് തള്ളിവിടുന്നത്.
ഇത്തരം വിഷയങ്ങളിൽ ശാശ്വതമായ പരിഹാരമാണ് സർക്കാർ കണ്ടെത്തേണ്ടത്. ആത്മഹത്യ ചെയ്തതുകൊണ്ട് മാത്രം പരിഹരിക്കപ്പെടേണ്ടതല്ല ഇത്തരം ജീവിത പ്രശ്നങ്ങൾ. ചെറുതും വലുതുമായ സംരംഭകർ കേരളത്തിൽ മുതൽമുടക്കാൻ മടിക്കുന്നതിനു പിന്നിൽ അപരിഷ്കൃതമായ ശൈലികൾ കാരണമാകുന്നു എന്ന തിരിച്ചറിവ് ഭരണകൂടത്തിനും നിയമവ്യവസ്ഥിതിക്കുമാണ് ഉണ്ടാവേണ്ടത്. പ്രവാസികളോട് മാത്രമല്ല, സകല പൗരന്മാരോടും അനുഭാവപൂർവ്വം ഇടപെടുവാൻ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തയ്യാറാകാതെ ഇവിടെ ആത്മഹത്യകളും, ആത്മഹത്യാഭീഷണികളും അവസാനിക്കുകയില്ല.