Voice of Truth

സമുദ്ര നിരപ്പുയരുന്നു. മുംബൈയും, ദുബായിയും വെള്ളത്തിൽ മുങ്ങുമോ?

കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിൽ യൂറോപ്പിലാകെ വീശിയ ഉഷ്‌ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിക്കിടക്കുന്ന ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ 56% ഉരുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചുകഴിഞ്ഞു. 217 മില്യൺ ടൺ ഐസാണ് ചുരുങ്ങിയ നാൾകൊണ്ട് അലിഞ്ഞ് ഇല്ലാതായത്. സമുദ്രനിരപ്പിൽ .02 അടി വർദ്ധനവ് ഉണ്ടാകാൻ ഇത് കാരണമാകും.

ഗ്ലോബൽ വാമിംഗ് ഇപ്രകാരം തുടർന്നാൽ, അധികം വൈകാതെ ഉത്തരദ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുകയും, സമുദ്രനിരപ്പ് ക്രമാതീതമായി .ഉയരുകയും ചെയ്യും. തൽഫലമായി ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാകും എന്ന സത്യം ഭരണാധികാരികളിലും ശാസ്ത്രജ്ഞരിലും, സാധാരണ ജനങ്ങളിലും ഉത്കണ്ഠ പരത്തിക്കൊണ്ടിരിക്കുകയാണ്.

ഗ്രീൻലാൻഡിലെ മുഴുവൻ മഞ്ഞുരുകിയാൽ മാത്രം മതി, സമുദ്രനിരപ്പ് 27 അടിയോളം ഉയരാൻ. ഇങ്ങനെ ജലനിരപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി, ഏറ്റവും വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണ് ഇൻഡോനേഷ്യയിലെ ജക്കാർത്ത. ഇറ്റലിയിലെ പുരാതനമായ വെനീസ് നഗരവും, ജലനിരപ്പുയരുന്നത് മൂലം മുങ്ങൽ ഭീഷണിയിലാണ്.

കാർബൺ എമിഷൻ നിരക്ക് 4°C കൂടി വർദ്ധിച്ചാൽ, ന്യൂയോർക്ക്, ആംസ്റ്റർഡാം, കൽക്കത്ത, മിയാമി(യുഎസ്എ), മുംബൈ, ലണ്ടൻ, ഷാങ്ങ്ഹായ്, ന്യൂ ഓർലിയൻസ് ഇവയെല്ലാം വെള്ളത്തടിനടിയിലാവും എന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഗ്ലോബൽ വാമിംഗ് നിയന്ത്രിക്കാൻ കഴിയാത്ത വിധം കൈവിട്ടുപോവുകയാണ്. മനുഷ്യന്റെ ജീവിതശൈലി മാറ്റാൻ കഴിയാത്തവിധം പ്രകൃതി വിരുദ്ധമാവുകയും ചെയ്തു കഴിഞ്ഞതിനാൽ, ഈ ദുരന്തം ഒഴിവാക്കാനാവില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മനുഷ്യശരീരത്തിന് താങ്ങാൻ കഴിയാത്തവിധം ചൂട് ഉയരുന്നതിനാൽ, ഭൂമിയുടെ വളരെയധികം മേഖലകൾ മനുഷ്യവാസയോഗ്യമല്ലാതായി തീരുമെന്ന ആശങ്കയും ചർച്ചകളിലും പഠനങ്ങളിലും നിറഞ്ഞുനിൽക്കുന്നുണ്ട്. സ്റ്റീഫൻ ഹോക്കിംഗിനെപ്പോലുള്ള ശാസ്ത്രജ്ഞർ പറയുന്നത് നൂറു വർഷങ്ങൾക്കുള്ളിൽ തന്നെ, ഈ ഭൂമി മനുഷ്യവാസയോഗ്യമല്ലാതായി തീരുമെന്നാണ്.

Leave A Reply

Your email address will not be published.