ബാഗ്ലൂർ: ദക്ഷിണേന്ത്യന്‍ സിനിമകളിലും, ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായിരുന്ന വിഖ്യാത ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു. മൂന്ന് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാരതത്തില്‍ സാഹിത്യരംഗത്ത് നല്‍കുന്ന പരമോന്നത ബഹുമതിയായ ജ്ഞാനപീഠം നല്‍കി 1998ല്‍ രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷന്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ അദ്ദേഹം രചനാ രംഗത്ത് നേടിയ പുരസ്കാരങ്ങള്‍ അനവധിയാണ്. പത്തോളം ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ചലച്ചിത്രകാരന്‍ എന്ന നിലയിലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒരു നാടക രചയിതാവ് എന്ന നിലയിലാണ് രചനാമേഖലയില്‍ അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. കന്നഡയില്‍ എഴുതപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇംഗ്ലീഷിലേയ്ക്കും, മറ്റ് ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അറുപതുകളില്‍ വളരെ ശ്രദ്ധേയമായി മാറിയ ‘യയാതി’ എന്ന നാടകം രചിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം കേവലം ഇരുപത്തിമൂന്ന് വയസ് ആയിരുന്നു. മഹാഭാരതത്തിലെ കഥാപാത്രങ്ങളിലൂടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ തുടന്നു കാണിച്ച ആ നാടകം വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. നിരവധി ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തി അത് അവതരിപ്പിക്കപ്പെടുകയുണ്ടായി. പുരാണത്തിലെയും ചരിത്രത്തിലെയും കഥാപാത്രങ്ങളെ ഉപയോഗിച്ച് ആനുകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ശൈലി അദ്ദേഹം സ്വന്തമായി അവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം രചിച്ച ‘തുഗ്ലക്ക്’ എന്ന നാടകവും ശ്രദ്ധേയമായിരുന്നു. കന്നഡയില്‍ രചിച്ച പതിനാലോളം നാടകങ്ങളും അദ്ദേഹത്തിന്‍റെ വ്യക്തിമുദ്ര പതിഞ്ഞവയാണ്.
1970ല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ സംസ്കാര എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചയിതാവും നായകനുമായായിരുന്നു അദ്ദേഹത്തിന്‍റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് അദ്ദേഹം ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ ചിത്രങ്ങള്‍ നിരവധിയാണ്. ഈ എണ്‍പത്തൊന്നാം വയസിലും സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത് നാല് സിനിമകളിലാണ്. 1971ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘വംശവൃക്ഷ’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ലോസ് ആഞ്ജലസിലെ, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ 2011ല്‍ അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് നല്‍കി.
മതമൌലികവാദത്തിനെതിരെ പതിവായി ശബ്ദമുയര്‍ത്തിയിരുന്ന അദ്ദേഹം അത്തരം വിഷയങ്ങളില്‍ പലപ്പോഴും ഇടപെട്ടിരുന്നു. ഇന്ത്യയില്‍ എഴുത്തുകാര്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. ഗൌരി ലങ്കേശിന്റെയും, കല്‍ബുര്‍ഗിയുടെയും വധങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഗിരീഷ് കര്‍ണാട് സജീവമായി രംഗത്തുണ്ടായിരുന്നു. ഗൌരി ലങ്കെഷിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പോലിസ് അന്വേഷണത്തില്‍, കര്‍ണാടിനെയും അക്രമികള്‍ ലക്ഷ്യം വച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
1938 മേയ് 19ന് മഹാരാഷ്ട്രയില്‍ ജനിച്ച ഗിരീഷ് കര്‍ണാട് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന്, ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടി. ഭാര്യ സരസ്വതി, മകന്‍ രഘു കര്‍ണാട്, മകള്‍ രാധ. കുടുംബമൊന്നിച്ച് ബാംഗളൂരില്‍ താമസിച്ചുവരവേ മേയ് പത്തിന് രാവിലെയായിരുന്നു അന്ത്യം.