ഭാരതീയർ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഗാഫൈബർ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന വർഷങ്ങളിലായി ദൃശ്യമാധ്യമ – വിവര സാങ്കേതികവിദ്യ – ചലച്ചിത്ര രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആരംഭംകുറിക്കുവാൻ ജിഗാഫൈബറിന് കഴിയും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
റിലയൻസ് ജിയോയുടെ വരവോടെ ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലായത് മറ്റു ടെലിക്കോം കമ്പനികളായിരുന്നുവെങ്കിൽ, ഈ രണ്ടാം ഘട്ടത്തിൽ പരിഭ്രാന്തിയിലായിരിക്കുന്നത് മറ്റുചിലരാണ്.
ജിഗാഫൈബറിന്റെ ഉത്ഘാടന വേളയിൽ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന, വീടുകളിൽ വീടുകളിലെ സിനിമാ റിലീസിംഗ് പദ്ധതി സമീപഭാവിയിൽ നടപ്പാക്കുമെന്നുമുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം തിയേറ്റർ ഉടമകളെ പ്രതിരോധത്തിലാക്കിയോ എന്നാണ് ചില ദേശീയ മാധ്യമങ്ങൾ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യുന്നത്.
റിലീസ് ചെയ്യുന്ന ദിവസം തന്നെ, വീട്ടിൽ കുടുംബ സമേതം ഒരുമിച്ചിരുന്ന് സ്വകാര്യമായി സിനിമകാണുവാൻ 2020 ഓടെ ജിഗാഫൈബറിലൂടെ സൗകര്യമൊരുങ്ങുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ അറിയിച്ചിരിക്കുന്നത്. ഒരു പരിധിവരെയെങ്കിലും ഈ വാക്കുകൾ തിയേറ്റർ ഉടമകൾക്ക് പരിഭ്രമത്തിന് കാരണമാകുമെന്ന് നിശ്ചയം.
ഒമ്പതിനായിരത്തോളം സിനിമാ തിയേറ്ററുകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. അവയിൽ മൂവായിരത്തോളം എണ്ണം മൾട്ടിപ്ലക്സുകളും, ആറായിരം സാധാരണ തിയേറ്ററുകളുമാണ്. ശരാശരി നൂറ്റമ്പത് രൂപ ഓരോരുത്തരിലും നിന്ന് തിയേറ്ററുകൾ ഈടാക്കുന്നുണ്ട്. എല്ലാ ചെലവുകളും, ഇടനിലക്കാരുടെ ലാഭവും നികുതിയും കഴിച്ച് അറുപത് രൂപ നിർമ്മാതാക്കൾക്ക് ലഭിക്കുമെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. തിയേറ്ററുകളെക്കാൾ, പുതിയ സമാന്തര സംവിധാനങ്ങളെ ജനങ്ങൾ ആശ്രയിക്കുന്ന ഘട്ടം വന്നാൽ, നിർമ്മാതാക്കൾക്ക് ലഭിക്കുന്ന വരുമാനം വളരെ കുറയുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
മുമ്പുണ്ടായിരുന്ന, വിഡ്ഢിപ്പെട്ടി എന്ന ദുഷ്‌പേര് ടെലിവിഷനെ വിട്ടുപിരിഞ്ഞിട്ട് കുറച്ചുകാലമായി. ഇന്നത്തെ ടെലിവിഷൻ എന്നാൽ വെറുമൊരു നേരമ്പോക്കല്ല. സാമാന്യജനത ടിവിയെ സമീപിക്കുന്ന രീതിതന്നെ മാറിക്കഴിഞ്ഞു. 4k ദൃശ്യമികവോടുകൂടിയ വലിയ ടിവികളും സ്മാർട്ട് ടിവികളും നിരവധി ഭവനങ്ങൾ കീഴടക്കിക്കഴിഞ്ഞു. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി തുടങ്ങിയ നൂതന സംവിധാനങ്ങൾ എന്താണെന്ന് അറിയാത്തവരല്ല ഇന്നത്തെ ശരാശരി ജനങ്ങൾ.
ഇത്തരത്തിലുള്ള, അമ്പത്തഞ്ച് ഇഞ്ചിനും മേൽ വലിപ്പമുള്ള അൾട്രാ എച്ച് ഡി ടിവി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ചെറു തീയേറ്ററുകളിൽ സജ്ജീകരിച്ചിരിക്കുന്ന ഭവനങ്ങൾ ധാരാളമുള്ള ഈ നാട്ടിൽ അംബാനി തങ്ങളുടെ പുതിയ പദ്ധതി അവതരിപ്പിച്ചത് ഒന്നും കാണാതെയാവില്ല എന്ന് നിശ്ചയം.
വരുന്ന വർഷത്തോടെ പുതിയൊരു ശൈലിക്ക് കൂടി ഇന്ത്യയിലെ ചലച്ചിത്ര വ്യവസായ മേഖല ആരംഭം കുറിക്കുകയാണെങ്കിൽ അതിന്റെ പ്രതിഫലനം സമൂഹത്തിലും, ചലച്ചിത്ര അനുബന്ധ ബിസിനസ് രംഗങ്ങളിലും എപ്രകാരമായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.