രണ്ടുകോടിക്കടുത്ത് വർഷങ്ങൾക്ക് മുന്പു ജീവിച്ചിരുന്ന ഒരു ഭീമൻ തത്തയുടെ ഫോസിൽ ന്യൂസിലൻഡിൽ കണ്ടെത്തിയിരിക്കുന്നത് വാർത്തയാകുന്നു. ഒരു മീറ്ററോളം ഉയരമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ ഭീമൻ തത്ത ശാസ്ത്രലോകത്ത് അത്ഭുതമാവുകയാണ്. അക്കാലത്ത് ജീവിച്ചിരുന്നയിനം തത്തകളിലൊന്നിന്റെ മൃതശരീരം ഒരു തടാകത്തിന്റെ അടിത്തട്ടിലെ കളിമണ്ണിൽ അകപ്പെടുകയും നൂറ്റാണ്ടുകൾക്കൊണ്ട് ഫോസിലായി മാറുകയുമായിരുന്നു.
ഫോസിൽ അവശിഷ്ടമായി ലഭിച്ച കാലുകളുടെ ഘടന വിലയിരുത്തുമ്പോൾ അതിന് ചുരുങ്ങിയത് ഏഴു കിലോഗ്രാം ഭാരവും, മനുഷ്യന്റെ പകുതിയോളം ഉയരവും ഉണ്ടായിരുന്നിരിക്കണം എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. യഥാർത്ഥത്തിൽ 2008 ലാണ് ഈ ഫോസിൽ കണ്ടെത്തിയത്. എന്നാൽ, അന്ന് ഇത് എന്ത് ജീവിയുടേതാണ് എന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പതിനൊന്നുവർഷങ്ങൾ നീണ്ട പഠനങ്ങൾക്കൊടുവിലാണ് ഫോസിലായി കണ്ടെത്തിയ കാലുകൾ ഏത് ജീവിയുടേതാണ് എന്ന് സ്‌ഥിരീകരിക്കാനായത്.
പ്രസ്തുത അസ്‌ഥികൾ ഒരു ഭീമൻ തത്തയുടേതായിരിക്കും എന്ന് തങ്ങൾ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല എന്ന് ഗവേഷകരിൽ ഒരാളായ മി. സ്‌കോഫീൽഡ് പറയുന്നു. പരുന്തിന്റെ വർഗ്ഗത്തിൽ പെട്ട പക്ഷിയുടേതാവും എന്നാണ് അവർ ആദ്യം കരുതിയിരുന്നത്. പുതുതായി കണ്ടെത്തിയിരിക്കുന്ന പക്ഷിയുടെ വലിപ്പവും, ആ കണ്ടെത്തലിന്റെ അപ്രതീക്ഷിത സ്വഭാവവും പരിഗണിച്ചുകൊണ്ട് ഹെറാക്കിൾസ് ഇനെക്‌സ്‌പെക്ടാറ്റസ് (Heracles Inexpectatus) എന്നാണ് അതിന് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.
അതിന്റെ വലിയ ചുണ്ടുകൾ എന്തിനെയും കൊക്കിലൊതുക്കാവുന്ന രീതിയിൽ പിളർത്താൻ കഴിയുന്നതുമായിരിക്കണം എന്ന് ഗവേഷകർ പറയുന്നു. മറ്റ് തത്തകൾ ആഹരിക്കുന്നവയല്ലാത്ത തരം ഭക്ഷണം അവ കഴിച്ചിരുന്നിരിക്കണം. ഒരുപക്ഷെ, ചെറിയ പക്ഷികളെപോലും അവ ഇരയാക്കിയിരുന്നിരിക്കാം. ഇതുവരെ കരുതിയിരുന്നതനുസരിച്ച്, ന്യൂസിലാൻഡിൽ തന്നെ കാണപ്പെടുന്ന കാകാപോ എന്ന തത്തകളായിരുന്നു ഈ വർഗ്ഗത്തിൽ ഏറ്റവും വലുത്. വംശനാശഭീഷണി നേരിടുന്ന അവയുടെ ഇരട്ടി വലിപ്പം ഹെറാക്കിൾസിന് ഉണ്ട്.
ഭീമൻ താത്തയുടെ ഫോസിൽ കണ്ടെത്തിയ ദക്ഷിണ ന്യൂസിലൻഡിലെ സെന്റ് ബതൻസിനടുത്ത ചില പ്രദേശങ്ങൾ ഫോസിലുകൾക്ക് പേരുകേട്ടതാണ്. മയോസീൻ (അമ്പത് ലക്ഷം മുതൽ 2.3 കോടി വർഷങ്ങൾക്ക് വരെ മുമ്പുണ്ടായിരുന്ന കാലഘട്ടം) കാലഘട്ടത്തിലെ നിരവധി ജീവികളുടെ ഫോസിലുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.