Voice of Truth

കേരളനാടിനെ ലോകത്തിനു മുന്നിൽ പ്രതിനിധീകരിക്കാൻ നമുക്കുണ്ടൊരു ശർക്കര. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചികാ പദവി

ശർക്കരയുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നമുക്കിടയിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ശർക്കര ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയ്ക്കിടയിൽ പലപ്പോഴായി ചേർക്കുന്ന പലതരം കെമിക്കലുകൾ ശർക്കരയെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. പതിവായി ശർക്കര ഉപയോഗിക്കുന്നത് അനാരോഗ്യകരമാണ് എന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, മറ്റു ശർക്കരകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മറയൂർ ശർക്കര എന്ന് സർക്കാരും, ഗവേഷകരും നമുക്ക് ഉറപ്പുനൽകുന്നു.

ഏറെ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ഇപ്പോൾ മറയൂർ ശർക്കരയ്ക്ക് ഭൗമസൂചികാ പദവി (Geographical Indication tag) നൽകിയിരിക്കുന്നത്. കേരളാ കൃഷിവകുപ്പും, കാർഷിക സർവ്വകലാശാലയും കഴിഞ്ഞ മൂന്നു വർഷങ്ങളോളമായി നടത്തിയ പ്രയത്നങ്ങൾക്കൊടുവിലാണ് ഈ അംഗീകാരം മറയൂർ ശർക്കരയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഭൗമസൂചിക പദവി ലഭിക്കുന്ന കേരളത്തിലെ 24–ാം ഉൽപന്നമാണ് മറയൂർ ശർക്കര. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലായി 900 ത്തോളം കർഷകർ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര, പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്നവയാണ്. മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി മറയൂർ, കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കരിമ്പ് കൃഷി ചെയ്യുന്നു.

പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉൽപാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു. യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. 1000 ലീറ്റർ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നാണ് വിളിക്കുന്നത്. കൊപ്ര അടുപ്പിൽ വച്ചു ചൂടാക്കുന്നു. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടി. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർക്കുന്നു. മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.

മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ് സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണ്. ബ്ലീച്ചിങ് നടത്താനായി ഹൈഡ്രോസ് തുടങ്ങിയ രാസവസ്തു ചേർക്കാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയില്ല. കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാൽ ശർക്കരകളിൽ കൈപ്പാട് തെളി‍ഞ്ഞു കാണാം. ഇരുമ്പിന്റെ അംശവും കൂടുതലുള്ളതും കാൽസ്യം കൂടുതലുള്ളതുമാണ്. സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശർക്കരയേക്കാൾ ഉപ്പിന്റെ അംശം കുറവും മധുരം കൂടുതലുമാണ്.

കേരളസർവകലാശാലയിലെ ഗവേഷകർ മറയൂർ ശർക്കരയുടെ ബന്ധപ്പെട്ട് വിശദമായ പഠനങ്ങൾ നടത്തിയിരുന്നു. തങ്ങളുടെ പഠനങ്ങൾക്കൊടുവിൽ, കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശർക്കരയാണ് മറയൂർ ശർക്കര എന്ന് അവർ പ്രഖ്യാപിച്ചിരുന്നു. മറയൂർ ശർക്കരയുടെ ബൗദ്ധിക സ്വത്തവകാശം മറയൂരിലെ കർഷകർക്ക് നൽകാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത യോഗത്തിൽ, ഡോ. സി ആർ എൽസി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സർക്കാർ നൽകുന്ന ഭൗമ സൂചികാ പദവിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് കഴിഞ്ഞ ദിവസം സംസ്ഥാന കാർഷിക മന്ത്രി വി എസ് സുനിൽകുമാർ മറയൂരിലെ കർഷകർക്ക് കൈമാറി. മറയൂർ ശർക്കര എന്ന പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മറയൂർ ശർക്കരയുടെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് പ്രകാശനവും മന്ത്രി നടത്തി.

ഭൗമ സൂചിക പദവി ലഭിക്കുന്നതോടെ ലോക വ്യാപാര സംഘടനയുടെ ഔദ്യോഗിക ലിസ്റ്റിലും മറയൂർ ശർക്കര ഉൾപ്പെടും. മറയൂരിലെ കരിമ്പ് കർഷകർക്കും ശർക്കര ഉൽപ്പാദകർക്കും ഭാവിയിൽ വലിയ വിപണന സാധ്യതകൾ തുറന്നുകിട്ടുമെന്ന് തീർച്ച.

Leave A Reply

Your email address will not be published.