Voice of Truth

ഭീകരാക്രമണത്തെ തുടര്‍ന്നുള്ള മരവിപ്പ് മാറുന്നു, ശ്രീലങ്കയുടെ ഭാവിയെന്ത്?

ലോകത്തെ നടുക്കിയ വലിയ ഒരു ഭീകരാക്രമണത്തെ അതിജീവിക്കുവാന്‍ കഠിനപ്രയത്‌നം നടത്തുന്ന ശ്രീലങ്കന്‍ ജനതയ്ക്ക് മുന്നില്‍ ചോദ്യചിഹ്നങ്ങള്‍ ഏറെയാണ്. അല്‍പ്പം സങ്കീര്‍ണ്ണമായ ചില അവസ്ഥാവിശേഷങ്ങളിലൂടെ കടന്നുപോകുന്ന ശ്രീലങ്കയുടെ രാഷ്ട്രീയ പ്രതിസന്ധികള്‍ അയഞ്ഞുതുടങ്ങിയതായുള്ള ലക്ഷണങ്ങള്‍ പ്രകടമാണ്. ഭീകരാക്രമണത്തെ പ്രതിരോധിക്കാനും ആദ്യ ഘട്ടത്തില്‍ അതിനെ നേരിടാനും സര്‍ക്കാര്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇത്തരമൊരു സാഹചര്യത്തെയും അത് ഉയര്‍ത്തുന്ന പ്രതിസന്ധികളെയും രാജ്യം അതിജീവിക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കുകയാണ്. പൗരന്മാരുടെ ആത്മവിശ്വാസത്തെ മുതല്‍, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ വരെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാഷ്ട്ര നേതാക്കള്‍ കൈക്കൊള്ളുന്ന നിലപാടുകളെ ആശ്രയിച്ചാണ് ശ്രീലങ്കയുടെ ഇനിയുള്ള ഭാവി എന്നതാണ് വാസ്തവം. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രസിഡന്റ് സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, മുന്‍ പ്രസിഡന്റ് മഹിന്ദ്ര രാജപക്‌സെ തുടങ്ങിയ മുന്‍നിര നേതാക്കളെ ഒരു പരിധിവരെയെങ്കിലും തമ്മില്‍ അടുപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കയിലെ തെരഞ്ഞെടുപ്പുകള്‍ അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുവാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷമാണ് ശ്രീലങ്കയിലെ പ്രസിഡന്റ് ഇലക്ഷന്‍. പാര്‍ലമെന്ററി ഇലക്ഷന്‍ അടുത്ത വര്‍ഷവും. ഇലക്ഷനുമായി ബന്ധപ്പെട്ട് ഈ ഭീകരാക്രമണം ചൂടുള്ള ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് തീര്‍ച്ച.

ഭരണകൂടം നേരിടുന്ന വെല്ലുവിളികള്‍
കഴിഞ്ഞ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഭീകരാക്രമണത്തെ തടയാന്‍ കഴിയാതെപോയതിന് കാരണം, പ്രസിഡന്റും, പ്രധാനമന്ത്രിയും തമ്മിലുള്ള ശീതസമരമാണ് എന്ന ആരോപണത്തില്‍ കഴമ്പുണ്ട്. ശ്രീലങ്കയിലെ ഭരണഘടനാ വ്യവസ്ഥിതികള്‍ അനുസരിച്ച്, പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രസിഡന്റ് ആണ്. ഇത്തരമൊരു ഭീഷണി നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട്, പ്രസിഡന്റിന്റെ ഓഫീസും, പ്രധാന മന്ത്രിയുടെ ഓഫീസും തമ്മില്‍ ആശയവിനിമയങ്ങള്‍ നടന്നിരുന്നില്ല എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണസംബന്ധമായ ചേരിപ്പോരുകള്‍ ഉള്‍പ്പെടെ ഗുരുതരമായ പിഴവുകള്‍ അത്തരത്തില്‍ ആരോപിക്കപ്പെടുന്നു. പതിറ്റാണ്ടുകളോളം ആഭ്യന്തര യുദ്ധങ്ങളും, എല്‍ടിടിഇ യുടെ ഭാഗമായ മറ്റു ഭീഷണികളും നേരിട്ടിരുന്ന ശ്രീലങ്കയില്‍ അക്കാലത്ത് കാര്യക്ഷമമായിരുന്ന ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പില്‍ക്കാലത്ത് രാജ്യം സമാധാനത്തിലേയ്ക്ക് വന്നപ്പോള്‍ നിഷ്‌ക്രിയമായതായും ആരോപണങ്ങളുണ്ട്.

ബ്ലാക്ക് ജൂലൈ എന്നറിയപ്പെടുന്ന, ശ്രീലങ്കന്‍ തമിഴര്‍ക്ക് നേരെയുണ്ടായ 1983ലെ കലാപം മുതല്‍ കാല്‍ നൂറ്റാണ്ടോളം സമാധാനമെന്തെന്നറിയാത്ത സാഹചര്യങ്ങളില്‍ കൂടി കടന്നുപോയ ശ്രീലങ്കന്‍ ജനത കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് സാമ്പത്തികവും രാഷ്ട്രീയപരവുമായി സന്തുലിതാവസ്ഥ കൈവരിച്ചു തുടങ്ങിയത്. സാധാരണക്കാരും നേതാക്കളും ഇരകളാക്കപ്പെട്ട എണ്ണമറ്റ ആക്രമണങ്ങള്‍ അതിനിടെ അവിടെ അരങ്ങേറി. ആഭ്യന്തര യുദ്ധം സമാധാനം കെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഒത്തൊരുമയും, ശാന്തതയും അഭ്യര്‍ത്ഥിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിയിരുന്നു. അക്കാലത്തെ ഓര്‍മ്മകള്‍ തീര്‍ത്തും മങ്ങിയിട്ടില്ലാത്ത ഒരു ജനതയ്ക്കും അവരുടെ ഭരണാധികാരികള്‍ക്കും സമാധാനത്തിലേയ്ക്ക് തിരികെ വരുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല എന്ന് പ്രത്യാശിക്കാം.

ശ്രീലങ്കയുടെ ഭരണ സംവിധാനത്തില്‍ മാറ്റമുണ്ടാകേണ്ടത് ആവശ്യമാണെന്ന അഭിപ്രായം പരക്കെ ഉയരുന്നുണ്ട്. 1977 വരെ പൂര്‍ണ്ണമായും ഒരു പാര്‍ലമെന്ററി ഭരണ സംവിധാനമാണ് അവിടെയുണ്ടായിരുന്നത്. പിന്നീടുണ്ടായ ഭരണഘടനാ ഭേദഗതിയിലൂടെ ഒരു പ്രസിഡന്‍ഷ്യല്‍ സിസ്റ്റം അവിടെ നിലവില്‍ വന്നു. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങളായി. ഫലത്തില്‍, പ്രസിഡന്റും, പ്രധാനമന്ത്രിയും പ്രധാന വകുപ്പുകള്‍ വീതംവയ്ക്കുകയാണ് ഉണ്ടായത്. അത് ക്രമേണ പലവിധ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. തന്ത്ര പ്രധാനമായ പ്രതിരോധ സംവിധാനങ്ങള്‍ പ്രസിഡന്റിന്റെ കീഴിലാണ്. ഇത്തരത്തിലുള്ള വീതംവയ്പുകള്‍ വഴി സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലുള്ള ഐക്യം അവിടെ ഇല്ലാതായിരിക്കുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായ ഐക്യം ഇല്ലാതായാല്‍ ഇത്തരമൊരു ഭരണരീതിക്ക് ഒരുപാട് ദോഷഫലങ്ങളുണ്ടായേക്കാം. അതാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ സംഭവിച്ചിരിക്കുന്നത്.

സാമുദായിക മൈത്രി
മുസ്ലീം ഭീകരവാദികളുടെ വ്യക്തമായ പദ്ധതി പ്രകാരം ആസൂത്രണം ചെയ്യപ്പെട്ട ഈ ആക്രമണ പരമ്പര ശ്രീലങ്കയിലെ സാമുദായിക ഐക്യത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട് എന്നത് തീര്‍ച്ച. മുസ്ലീം വിഭാഗങ്ങളില്‍ പെട്ടവര്‍ അവിടെ ന്യൂനപക്ഷമാണ്. അതിലും എണ്ണം കുറവാണ് ക്രൈസ്തവര്‍. മുസ്ലീം തീവ്രവാദമാണ് ആക്രമണങ്ങള്‍ക്ക് കാരണമായത് എന്നതിനാല്‍, മുസ്ലീം വിരുദ്ധ വികാരങ്ങള്‍ അവിടെ രൂപപ്പെട്ടിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ വിവേകത്തോടെയുള്ള ഇടപെടലുകള്‍ ആവശ്യമാണ്.

ഇടക്കാലം കൊണ്ട് ശ്രീലങ്ക കൈവരിച്ച സമാധാനത്തിന്റെ അന്തരീക്ഷത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക് ശ്രമകരമാണ് എന്ന് തീര്‍ച്ച. ക്രിസ്ത്യന്‍, മുസ്ലീം, ബുദ്ധിസ്റ്റ്, ഹിന്ദു വിശ്വാസികള്‍ സമാധാന പൂര്‍വ്വമായ അന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന അവിടെ, പഴയ അന്തരീക്ഷം പുനസ്ഥാപിക്കുവാന്‍ ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ഇത്തരം ഭീഷണികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവോടുകൂടിയ മികച്ച ഒരു രഹസ്യാന്വേഷണ സംവിധാനം അവിടെ ആവശ്യമാണെന്ന് വിവിധ തുറകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധികള്‍ ആസന്നം
കാര്‍ഷിക മേഖലയ്ക്ക് പുറമേ ടൂറിസം ശ്രീലങ്കയുടെ പ്രധാന വരുമാനമാര്‍ഗ്ഗമായി മാറിയിട്ട് ഏറെ കാലമായില്ല. തമിഴ് പുലികളും ആഭ്യന്തര യുദ്ധങ്ങളും ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് വിമുക്തമായ ശേഷം ഘട്ടം ഘട്ടമായാണ് ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രീലങ്കയുടെ പേര് രേഖപ്പെടുത്തപ്പെട്ടത്. ആളോഹരി വരുമാനംകൊണ്ട് ആ രാജ്യം ഇന്നും വളരെ പിന്നിലാണ്. എന്നാല്‍, വളരെ വേഗം വളര്‍ച്ച പ്രാപിച്ച ഒന്നായിരുന്നു ശ്രീലങ്കയിലെ ടൂറിസം. ആ രാജ്യത്തെ പ്രകൃതിയും, കാലാവസ്ഥയും, വനസമ്പത്തുമെല്ലാം ടൂറിസത്തിന് അനുകൂല ഘടകങ്ങളായിരുന്നു. ഭാവിയിലേയ്ക്കുള്ള വലിയ സാധ്യതയായി ടൂറിസത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഗവണ്മെന്റ് ആ മേഖലയില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത്തരമൊരു പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍, ഈ ഭീകരാക്രമണം ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയാണെന്ന് വിലയിരുത്താം. വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഈ രംഗത്ത് പ്രതീക്ഷിക്കാം. ശ്രീലങ്കയിലെ ടൂറിസം സാധ്യതകളെ തുറന്ന മനസോടെ കണ്ടിരുന്ന പല രാജ്യങ്ങളും താല്‍ക്കാലികമായെങ്കിലും മറിച്ചുചിന്തിച്ച ദിവസങ്ങളാണ് കടന്നുപോയത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യപ്രാപ്തിയും, സുരക്ഷാ സംബന്ധമായ കാര്യക്ഷമതയും തെളിയിക്കപ്പെടുന്നത് വരെ ഈ സംഭവം ശ്രീലങ്കയുടെ ടൂറിസം മേഖലയില്‍ ഒരു കരിനിഴല്‍ തന്നെയായിരിക്കുമെന്ന് തീര്‍ച്ച.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വലിയ ദുരന്തം, ഇരുനൂറ്റമ്പതില്‍ പരം മനുഷ്യരുടെ ജീവഹാനിയിലോ, ഭൌതികമായ നഷ്ടങ്ങളിലോ ഒതുങ്ങുന്നതല്ല എന്ന് തീര്‍ച്ച. ഭരണകൂടത്തിന്റെ കാര്യക്ഷമത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതുപോലുള്ള ഭീഷണികളെ തടയുന്നതിലും, മികച്ച സുരക്ഷാകവചം പൌരന്മാര്‍ക്കും വിദേശികള്‍ക്കും ഒരുക്കുന്നതിലും ശ്രീലങ്കന്‍ സര്‍ക്കാരും സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികളും മികവ് തെളിയിക്കേണ്ടിയിരിക്കുന്നു.

Leave A Reply

Your email address will not be published.