Voice of Truth

എത്രയെത്ര മനോഹരമായ ആചാരങ്ങള്‍!

എത്രയെത്ര ആചാരങ്ങളാണ് നമ്മുടെ നാട്ടില്‍നടക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നാമതിനെ പിന്തുടരുന്നു എന്നത് നിസാരകാര്യമല്ലല്ലോ… എല്ലാക്കാര്യത്തിലും ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിലാണ് എന്ന് അഭിമാനിക്കുന്നിടത്താ ണ് ഇത്തരം അനാചാരങ്ങള്‍ അരങ്ങുവാഴുന്നതെന്ന കാര്യവും ഇതിനോട് കൂട്ടുചേര്‍ത്ത് വായിക്കണം.

മഴ പെയ്യാന്‍ തവളക്കല്യാണം നടത്തിയ മധ്യപ്രദേശില്‍ മഴ നില്‍ ക്കാന്‍ ഇപ്പോള്‍ തവളകളുടെ വിവാഹമോചനവും നടത്തിയിരിക്കുന്നു. ഇവിടെ മണ്ണുകൊണ്ട് നിര്‍മിച്ച തവളരൂപങ്ങളെ തമ്മില്‍ കല്യാണം കഴിപ്പിച്ചാല്‍ മഴപെയ്യുമെന്നാണ് ഇവിടെ ജനങ്ങള്‍ വിശ്വസിക്കുന്നത്. ഏതാനും മാസംമുമ്പ് ‘സംസ്ഥാനത്ത് മഴ ലഭിക്കാനായി രണ്ട് കളിമണ്‍ തവളകളുടെ വിവാഹച്ചടങ്ങ് നടത്തുകയുണ്ടായി. എന്നാല്‍ ഇ പ്പോള്‍ മഴ നില്‍ക്കുന്നില്ല. അതുകൊണ്ട് മഴയുടെ ശക്തി കുറയാന്‍ ഇരുവരെയും വേര്‍പിരിച്ചിരിക്കുന്നു.

ഒഡീഷയിലെ തികാന്‍പൂരിലെ ജനതയുടെ വിശ്വാസവും ഇതിനോട് ചേര്‍ന്നുതന്നെ. തവളകളെ കല്യാണം കഴിപ്പിച്ചാല്‍ മഴപെയ്യുമെന്ന വിശ്വാസമാണ് അവര്‍ക്കിടയിലും ഉള്ളത് . രണ്ട് തവളകളെ അലങ്കരിച്ചുതലയില്‍ കുറിയുംചാര്‍ത്തി താലത്തിലെടുത്ത് ഗ്രാമത്തിലൂടെ ജനങ്ങള്‍ എഴുന്നെള്ളിച്ച് കൊണ്ടുപോകുന്നത് ഇവിടെ നിത്യസംഭവമാണ്.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഒഡീഷയില്‍ ഇത്തരം തവളകല്യാണങ്ങള്‍ സര്‍വ്വസാധാരണമാണത്രേ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വേഗമെത്താന്‍ തവളകളെ കല്യാണം കഴിപ്പിച്ചാല്‍ മതിയെന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം. എല്ലാ ആചാരബഹുമതികളോടും കൂടിയാണ് നാട്ടുകാര്‍ രണ്ട് തവളകളെ കണ്ടെത്തി കല്യാണം കഴിപ്പിക്കുന്നത്. പുരോഹിതരെല്ലാം ചേര്‍ന്ന് വരനായ തവളയെ ചുവന്ന ഉടയാട അണിയിക്കുന്നതോടെയാണ് കല്യാണമാമാങ്കമാരംഭിക്കുന്നത്. അരമണിക്കൂര്‍ നീണ്ട വിവാഹചടങ്ങുകള്‍ക്ക് ശേഷം ‘ദമ്പതിമാരെ കുടുംബജീവിതത്തിനായി’ വിട്ടയക്കുമത്രേ. എന്നാല്‍ ഇത്തരം ചടങ്ങിനുശേഷം കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പുഴയില്‍ വെള്ളം നിറയുകയും പ്രളയം ഉണ്ടാകുകയും ചെയ്തപ്പോള്‍ കല്യാണമാമാങ്കം അല്പം കടന്നുപോയിട്ടാണോ എന്നാണിപ്പോള്‍ നാട്ടുകാരുടെ സംശയം.

മനുഷ്യന്റെ ആത്മവിശ്വാസത്തിലും കരുത്തിലുമൊക്കെ കയറിക്കൂടാനും അവയെ ഇല്ലാതാക്കാനും അന്ധവിശ്വാസങ്ങള്‍ക്ക് കഴിയുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

നിത്യജീവിതവുമായി ബന്ധപ്പെട്ട് എത്രയെത്ര അന്ധവിശ്വാസങ്ങളാണ് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്. ഇടത് കൈപ്പത്തിക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമ്പത്ത് കൈവരുമെന്നാണ് നാട്ടുവര്‍ത്തമാനം. എന്നാല്‍ വലതു കൈപ്പത്തിക്കാണ് ആ ചൊറിച്ചില്‍ എങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമാണുണ്ടാകുക. കണ്ണ് ശക്തമായി തിരുമ്മിയാല്‍ അത് കുടുംബകലഹത്തിന്റെ സൂചനയാണ്. ഇങ്ങനെ നീളുന്ന അന്ധവിശ്വാസങ്ങളില്‍ മുങ്ങിത്താഴാന്‍ അഭ്യസ്തവിദ്യനായ മലയാളികള്‍ക്ക് മടിയില്ലാതായിരിക്കുന്നു.

അന്ധവിശ്വാസങ്ങളില്‍ നിന്നും രക്ഷ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ദൈവാശ്രയത്തിലേക്ക് തിരിയുക എന്നതാണ്. അവിശ്വാസം മനുഷ്യനെ സംശയരോഗിയാക്കുന്നു. അന്ധവിശ്വാസം അവനെ ആപത്തില്‍ ചാടിക്കുന്നു. മനസ് നല്‍കുന്ന തെറ്റായ അവബോധങ്ങളെ യുക്തിബോധത്തോടെ വിലയിരുത്താനെങ്കിലും നമുക്കാകണം. ഭയത്തിന് സ്വയം കീഴടങ്ങുന്നവരാണ് ഇത്തരം അബദ്ധസിന്താന്ധങ്ങളില്‍ അഭിരമിക്കുന്നത്. സാഹചര്യങ്ങളും ചില വ്യക്തികളും ഇത്തരം വിശ്വാസങ്ങളുടെ പ്രചാരാകരാകുന്നു. എന്നാല്‍ ആത്മീയ കരുത്തോടെ ഒഴുക്കിനെതിരെ നീന്തുന്നവര്‍ക്കേ അവിശ്വാസങ്ങളുടെ ഉരുക്ക് കോട്ടകള്‍ ഭേദിക്കാനാവൂ.

ലോകത്തില്‍ എല്ലാവരും ഏതെങ്കിലും പ്രശ്‌നത്തെയോ പ്രതിസന്ധിയെയോ അഭിമുഖീകരിക്കേണ്ടി വരും. പ്രശ്‌നങ്ങളില്ലാത്തവര്‍ ആരുമില്ല. കാര്യത്തിന് കാരണമുള്ളതുപോലെ ഓരോ പ്രശ്‌നത്തിനും യഥാര്‍ത്ഥമായ കാരണവുമുണ്ട്. ചില കാരണങ്ങള്‍ ബുദ്ധിവഴി മനുഷ്യന് കണ്ടെത്തുക അസാധ്യമാണ്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശരിയായ ഉത്തരമുണ്ട്. പ്രശ്‌നങ്ങള്‍ക്കൊന്നിനും അന്ധവിശ്വാസം വഴി ഉത്തരം ലഭിക്കില്ല. മാത്രവുമല്ല അവ വീണ്ടും പ്രശ്‌നകാരണമാക്കുകയേ ചെയ്യൂ….ഈ തിരിച്ചറിവിലേക്ക് കടന്നുവരുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹരമുണ്ടാകൂ…

Leave A Reply

Your email address will not be published.