Voice of Truth

രാത്രി യാത്രക്കാരുടെ ശ്രദ്ധക്ക്…

ദീര്‍ഘദൂരങ്ങളിലേക്ക് രാത്രി യാത്ര ചെയ്യുന്നവര്‍ ഇന്ന് നിരവധി ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. മിക്കവാറും കാറിലും മറ്റും ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ക്കാകട്ടെ ചിലപ്പോള്‍ ജീവാപായം പോലും സംഭവിക്കുവാനിടയുണ്ട്. രാത്രിയാത്രയില്‍ റോഡില്‍ വലിയ കല്ലുകള്‍ കൊണ്ടിട്ട് അപകടമുണ്ടാക്കുന്നവരുണ്ട്.  റോഡിലിട്ട വലിയ കല്ലില്‍ തട്ടി ബൈക്ക് യാത്രക്കാര്‍ തെറിച്ച് വീഴുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ചില രംങ്ങള്‍ സിസിടിവികളില്‍നിന്നും പോലീസിന് ലഭിച്ചിരുന്നു.

വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് പണം കൊള്ള ചെയ്യുന്ന സംഘം തന്നെ പല സ്ഥലത്തും വ്യാപകമായുണ്ട്. ആനി ജോണ്‍സണ്‍ എന്ന യുവതി ഫേസ്ബുക്കില്‍ കുറിച്ച അനുഭവം നമ്മുക്കൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  

തമിഴ്‌നാട്ടില്‍ രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു  ഞാന്‍ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാന്‍ഡിലോ അരുണാചല്‍ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയില്‍ ഉണ്ടായി.

സ്വയം കാറോടിച്ചു പോവുകയായിരുന്നു. ഏകദേശം രാത്രി പത്തരയ്ക്കുശേഷം തഞ്ചാവൂരില്‍ ചായ കുടിക്കുവാന്‍ വണ്ടി നിര്‍ത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി.മി. മാത്രം. അതുകൊണ്ട് പാതിരക്കു മുന്‍പ് വേളാങ്കണ്ണിയില്‍ എത്തി ഏതെങ്കിലും ഹോട്ടലില്‍ കിടന്നുറങ്ങാം എന്നുവിചാരിച്ചു. ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയില്‍ ഞാന്‍ സാധാരണ സ്പീഡില്‍ എത്തുന്നതിനു മുന്‍പേ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വാനില്‍നിന്നും മണലു പോലുള്ള എന്തോ കാറ്റില്‍ പറന്നെത്തി എന്റെ കാറിന്റെ ചില്ലില്‍ പതിച്ചു. അപ്പോള്‍ അസ്വഭാവികത ഒന്നും തോന്നിയില്ല. ആ വാനിനെ ഞാന്‍ അനായാസം ഓവര്‍ ടേക് ചെയ്ത് ഓടിച്ചു പോവുകയും ചെയ്തു.

കുറെ ദൂരം ചെന്നപ്പോള്‍ വണ്ടിയുടെ ചില്ലിലൂടെ മുന്‍പോട്ടുള്ള കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ.സി. ഞാന്‍ മുന്‍പിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വരുകയായിരുന്നു. മുന്‍പില്‍ നിന്നും ഒരു വണ്ടി വന്നപ്പോള്‍ ഒന്നും കാണാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായി.

അപ്പോള്‍ വൈപ്പര്‍ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോള്‍ ഗ്ലാസ് തീര്‍ത്തും സുതാര്യമല്ലാതായി. ഞാന്‍ വണ്ടി സൈഡില്‍ നിര്‍ത്തി മുന്‍ സീറ്റില്‍ ഉറങ്ങി കൊണ്ടിരുന്ന സുഹൃത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാന്‍ വിട്ടു. തീര്‍ത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലില്‍ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോള്‍ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനില്‍ നിന്നും എന്തോ കെമിക്കല്‍ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കില്‍ അവരുടെ ആള്‍ക്കാര്‍ വഴിയില്‍ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കില്‍ അവര്‍ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല. അങ്ങനെ വണ്ടി വീണ്ടും നിര്‍ത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാന്‍ വന്നാല്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാന്‍ മനസുകൊണ്ട് ഒരുങ്ങി. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു.

ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികന്‍ നീളമുള്ള കൈകൊണ്ടു വണ്ടിയില്‍ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാന്‍ പഠിച്ചു. അവസാനം ഞങ്ങള്‍ വേളാങ്കണ്ണിയില്‍ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിര്‍ത്തി പരിശോധിച്ചപ്പോള്‍ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നിറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കല്‍ ആണെങ്കിലും സംഗതി ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരില്‍ നിന്നും രക്ഷപെട്ടതെന്ന് കരുതുന്നു പോലീസില്‍ പരാതി കൊടുത്തില്ല. ഈ വഴി രാത്രി കാര്‍ യാത്രക്കാര്‍ എല്ലാവരും സൂക്ഷിക്കണമെന്ന നിര്‍ദേശത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 


എവിടേക്ക് പോകുമ്പോഴും പോകുന്ന വഴികളെക്കുറിച്ചും യാത്രയില്‍ എവിടെ എത്തിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ വീട്ടുകാരെ ഇടയ്ക്കിടക്ക് അറിയിക്കുന്നത് ഉചിതമാണ്. പോകുന്ന സ്ഥലങ്ങളിലെ അത്യാവശ്യം ഫോണ്‍ നമ്പറുകള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷന്‍, ആശുപത്രി തുടങ്ങിയ നമ്പറുകള്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും യുക്തമാണ്. അപകടസാധ്യതയുളള ഇടങ്ങളില്‍ വാഹനത്തിന് പുറത്തിറങ്ങുന്നതും യുക്തമല്ല. വിജനമായ വഴികളിലൂടെ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കുക, അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിനാല്‍ ഒരു തയാറെടുപ്പ് എന്തുകൊണ്ടും എപ്പോഴും നല്ലതാണ്.

Leave A Reply

Your email address will not be published.