Voice of Truth

ചരിത്രം സൃഷ്ടിക്കാൻ നാസ. സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യം ഇതാദ്യം

നാസ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബഹിരാകാശ ദൗത്യം ശ്രദ്ധേയമാകുന്നത് അതിൽ ഉൾപ്പെടുന്നത് രണ്ട് വനിതാ ബഹിരാകാശ യാത്രികർ മാത്രമാണ് എന്നതിനാലാണ്. ക്രിസ്റ്റീന കോച്ച്, ജെസീക്ക മേയർ എന്നീ രണ്ട് ബഹിരാകാശ യാത്രികരാണ് ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വെളിയിൽ തകരാറിലായ ഒരു ബാറ്ററി ചാർജിംഗ് യൂണിറ്റ് മാറ്റി സ്ഥാപിക്കുകയാവും ഇവരുടെ ദൗത്യമെന്ന് നാസ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ഉപകരണം തകരാറിലായത്. ഇത്തരം ദൗത്യങ്ങൾക്കായി ബഹിരാകാശ നിലയത്തിനും, വാഹനത്തിനും പുറത്തിറങ്ങുന്നതിന് സ്‌പേസ് വാക്ക് (ബഹിരാകാശ നടത്തം) അഥവാ,എക്സ്ട്രാ വഹിക്കുലാർ ആക്ടിവിറ്റി (EVA) എന്നാണ് വിളിക്കുക.

കഴിഞ്ഞ മാർച്ച്, സെപ്റ്റംബർ മാസങ്ങൾ മുതൽ ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്ന ബഹിരാകാശ യാത്രികരാണ് ക്രിസ്റ്റിന കോച്ച്, ജെസ്സിക്ക മേയർ എന്നിവർ. ഇവരാണ് ഈ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് നാസയുടെ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡൻസ്റ്റൈൻ ട്വിറ്റർ വഴി അറിയിച്ചു. നിയോഗിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിനായി ഇന്ന് ഇരുവരും ബഹിരാകാശനിലയത്തിന് വെളിയിലെത്തും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം സ്‌പേസ്‌വാക്കുകൾ ഇതിനകം നടന്നിട്ടുണ്ടെങ്കിലും ഇന്നോളം പതിനഞ്ച് വനിതകൾ മാത്രമാണ് സ്‌പേസ്‌വാക്കിൽ പങ്കാളികളായിട്ടുള്ളത്. എല്ലായ്പ്പോഴും പുരുഷ ബഹിരാകാശ യാത്രികർക്കൊപ്പമാണ് അവർ സ്‌പേസ്‌വാക്ക് നടത്തിയിട്ടുള്ളതും. 1965ൽ ആരംഭിക്കുന്ന സ്‌പേസ്‌വാക്കുകളുടെ ചരിത്രം മുതൽ ഇന്നുവരെയും വനിതകൾ മാത്രമായി ഇത്തരമൊരു ദൗത്യം നടന്നിട്ടില്ല എന്നതിനാൽ തന്നെ, പുതിയ ദൗത്യം പ്രാധാന്യമർഹിക്കുന്നു.

വാസ്തവത്തിൽ ഇത്തരമൊരു ദൗത്യം ആറു മാസങ്ങൾക്ക് മുമ്പേ നാസ പദ്ധതിയിട്ടിരുന്നുവെങ്കിലും, ഇത്തരമൊരു ദൗത്യത്തിനായി വനിതകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് മീഡിയം സൈസ് സ്‌പേസ് സ്യൂട്ടുകൾ ബഹിരാകാശ നിലയത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ നടക്കാതെപോവുകയായിരുന്നു. ക്രിസ്റ്റിന കോച്ചിനൊപ്പം, ആൻ മക് ക്ലെയിൻ എന്ന ബഹിരാകാശ യാത്രികയായിരുന്നു അന്ന് പദ്ധതിയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂണിൽ മക് ക്ലെയിൻ ഭൂമിയിലേയ്ക്ക് മടങ്ങിയതിന് ശേഷമാണ് രണ്ടാമതൊരു സ്യൂട്ട് ബഹിരാകാശ നിലയത്തിന് ലഭ്യമായത്.