Voice of Truth

പതിറ്റാണ്ടുകൾ കാത്തിരുന്ന കോടതിവിധി. രാജ്യം അതീവ ജാഗ്രതയിലാണ്, കേരളവും

ആധുനിക ഭാരത ചരിത്രത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച അയോധ്യ ഭൂമി വിഷയത്തിൽ പതിറ്റാണ്ടുകൾ കാത്തിരുന്ന വിധി പ്രസ്താവം ഇന്ന് നടക്കുമ്പോൾ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ഉത്തരപ്രദേശിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും സംഘർഷ സാധ്യതയുള്ള ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. കാസർഗോഡ് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ, സിആർപിസി 144 പ്രകാരം കഴിഞ്ഞ രാത്രിമുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനങ്ങൾ പൂർണ്ണമായും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അപ്രതീക്ഷിതമായാണ് അയോധ്യ കേസിലെ വിധി ഇന്നുണ്ടാകുമെന്ന അറിയിപ്പ് ഉണ്ടായത്. രാജ്യത്തിന്റെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള അയോധ്യ വിധി പ്രസ്താവിക്കാൻ അപ്രതീക്ഷിതമായാണ് അവധി ദിവസമായ ശനിയാഴ്ച സുപ്രീംകോടതി തെരഞ്ഞെടുത്തത്. വളരെ അപൂര്‍വ്വമായാണ് അവധി ദിനങ്ങളിൽ കോടതി സിറ്റിങ് നടത്താറുള്ളത്. ഇതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ക്രമസമാധാന നില സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.