Voice of Truth

സിനിമ ഷൂട്ടിംഗിനായി പോയ മഞ്ജുവാര്യർ ഉൾപ്പെടുന്ന സംഘം ഹിമാചൽ പ്രദേശിൽ കുടുങ്ങി. ചികിത്സകർ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകരുടെ സംഘം പുറപ്പെട്ടു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികൾക്കിടയിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള ഒരു സിനിമാ ഷൂട്ടിംഗ് സംഘവും. മൂന്നാഴ്ചയായി സംഘം മണാലിയ്ക്ക് സമീപമെത്തിയിട്ട്. മണാലിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള ഛത്രയിലാണ് ഇപ്പോൾ അവരുള്ളത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണമാണ് അവിടെ നടക്കുന്നത്. ഹിമാലയമാണ് പ്രധാന ലൊക്കേഷൻ.

കേരളത്തെ തുടർന്ന് പ്രളയക്കെടുതി രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയും നാശനഷ്ടങ്ങളും തുടരുകയാണ്. കേരളത്തിൽനിന്നുള്ള സിനിമാസംഘത്തെ കൂടാതെ ഇരുനൂറോളം വരുന്ന വിനോദസഞ്ചാരികളും ഛത്രയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. രണ്ടു ദിവസത്തേയ്ക്ക് മാത്രമുള്ള ഭക്ഷണമാണ് സിനിമാ സംഘത്തിന്റെ പക്കലുള്ളത് എന്നാണ് വിവരം. സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് മഞ്ജു വാര്യർ സഹോദരൻ മധുവാര്യറുമായി സംസാരിച്ചിരുന്നു. എന്നാൽ, കേവലം പതിനഞ്ച് സെക്കൻഡ് മാത്രമാണ് സംസാരിക്കാൻ കഴിഞ്ഞത്. സഹായം അഭ്യർത്ഥിച്ചായിരുന്നു കോൾ. എന്നാൽ, തങ്ങൾ സുരക്ഷിതരാണ് എന്ന് മഞ്ജു പറഞ്ഞതായാണ് മധു വാര്യർ മാധ്യമങ്ങളോട് പറഞ്ഞത്.

പ്രളയത്തിൽ കുടുങ്ങിയ കേരളത്തിൽനിന്നുള്ള സംഘം സുരക്ഷിതരാണെന്ന് ഹിമാചൽ പോലീസ് അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും എത്തിച്ചു നൽകിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. അവരെ പുറത്തെത്തിക്കുവാനായി ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു സംഘം ലക്ഷ്യസ്ഥാനത്തേയ്ക്ക് യാത്ര തിരിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വൈകുന്നേരത്തോടെ രക്ഷാപ്രവർത്തകരുടെ സംഘം അവിടെയെത്തിച്ചേരുമെന്ന് കരുതുന്നു.

കനത്ത മണ്ണിടിച്ചിലുകളെ തുടർന്ന് റോഡുകൾ പലതും തകർന്നതിനാൽ ഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇത്തരത്തിൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷപെടുത്താൻ അധികൃതർ ശ്രമം നടത്തുന്നുണ്ട്. താൽക്കാലിക റോഡുകൾ പണിതാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണാലിക്ക് സമീപമുള്ള സിസുവിൽ കുടുങ്ങിയ ഏതാനും മലയാളികൾ കഴിഞ്ഞ ദിവസം മണാലിയിൽ തിരികെയെത്തിയിരുന്നു.

ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരണസംഖ്യ ഉയരുകയാണ്. ഇതിനകം എൺപതോളം പേര് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രാദേശിന്‌ പുറമെ, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും രൂക്ഷമായ മഴക്കെടുതി നേരിടുകയാണ്.

ഇതിനിടെ, ഛത്രയിൽ കുടുങ്ങിയിരിക്കുന്ന മഞ്ജുവാര്യരെയും സംഘത്തെയും രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽനിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറിനെ താൻ ബന്ധപ്പെട്ടിരുന്നു എന്ന് ഹൈബി ഈഡൻ എംപി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ടെന്നും എംപി പറഞ്ഞു.

Leave A Reply

Your email address will not be published.