- പാരിസ് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
- കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്നതിന് മുന്നോടിയായി സ്വയം തിരുത്താനുള്ള അവസരമായാണ് ഡാർക്ക് ഗ്രേ പട്ടികയിൽ പെടുത്തുന്നത്.
- കഴിഞ്ഞ ജൂണില്‍ നടന്ന എഫ്‌ഐടിഎഫ് യോഗത്തില്‍ പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
- ഡാർക്ക് ഗ്രേ പട്ടികയിൽ ഉൾപ്പെട്ടാൽ വിദേശ സാമ്പത്തിക സഹായങ്ങൾ ഇല്ലാതാവുകയും, പാക്കിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥ കൂടുതൽ ചെയ്യും.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, അന്താരാഷ്ട്ര സാമ്പത്തികവ്യവസ്ഥയുടെ സമഗ്രതയുമായി ബന്ധപ്പെട്ട മറ്റു ഭീഷണികള്‍ എന്നിവയ്‌ക്കെതിരെ സ്ഥാപിതമായ അന്തർദേശീയ സംവിധാനമാണ് എഫ്എടിഎഫ്. പാരിസില്‍ നടന്നുകൊണ്ടിരിക്കുന്ന എഫ്എടിഎഫ് യോഗത്തില്‍ പാകിസ്ഥാന്റെ പ്രകടനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. പാകിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ എഫ്എടിഎഫ് യോഗത്തില്‍ ഒറ്റപ്പെട്ടു. ഒക്ടോബര്‍ 18 ന് അവസാനിക്കുന്ന യോഗത്തില്‍ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാന്‍ ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉൾപ്പെടുത്തപ്പെട്ടാൽ, ഐഎംഎഫ്, ലോകബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുക ദുഷ്കരമായിരിക്കും. ഇത് പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ അപകടത്തിലാക്കുമെന്നത് തീർച്ചയാണ്.
ഭീകരവാദത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യങ്ങൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എഫ്എടിഎഫ് വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാന് നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും 6 എണ്ണത്തില്‍ മാത്രമാണ് മികവ് കാണിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം കാര്യങ്ങളിൽ വീഴ്ചവരുത്തുന്ന രാജ്യങ്ങൾ ഗ്രേ, ബ്ലാക്ക് പട്ടികകളിലാണ് ഉൾപെടുത്തപ്പെടുക. കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്നതിന് മുമ്പുള്ള സ്റ്റേജാണ് ഡാർക്ക് ഗ്രേ പട്ടിക.
തുടർന്നും വീഴ്ച വരുത്തിയാൽ ഇപ്പോൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന ഇറാനും നോര്‍ത്ത് കൊറിയയ്ക്കുമൊപ്പം പാകിസ്ഥാനും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.