സമൂഹമാധ്യമങ്ങള്‍ തേര്‍വാഴ്ച തുടങ്ങിയതോടെ വ്യാജ വാര്‍ത്തകളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളം. അനുദിനം സാമൂഹിക വിരുദ്ധര്‍ സൃഷ്ടിച്ചുവിടുന്ന വ്യാജവാര്‍ത്തകള്‍ക്ക് കയ്യും കണക്കുമില്ല. അധികാരികള്‍ക്കും, സമൂഹത്തിനും അവ സൃഷ്ടിക്കുന്ന തലവേദനകള്‍ ചില്ലറയല്ല. ഇന്ത്യയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെക്കുറിച്ച് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ സീമാതീതമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം വളര്‍ന്നുവരുന്ന തീവ്ര ദേശീയതാവികാരമാണെന്ന് കഴിഞ്ഞ വര്‍ഷം ബിബിസി തങ്ങളുടെ പഠനത്തിന്റെ വെളിച്ചത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് മൂലം ഇന്ത്യയില്‍ മുപ്പത്തിരണ്ട് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി.
കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജവാര്‍ത്തകളുടെ രീതികളും, കണക്കും നോക്കിയാല്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണ്. രാഷ്ട്രീയ/ വര്‍ഗ്ഗീയ ലക്ഷ്യങ്ങളോടെ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങളെക്കാള്‍ അധികമായി സാമൂഹികവിരുദ്ധ സ്വഭാവമുള്ള വ്യാജവാര്‍ത്തകളും സന്ദേശങ്ങളും സോഷ്യല്‍മീഡിയയില്‍ സുലഭമാണ്. കഴിഞ്ഞ വര്‍ഷം, നിപ്പ വൈറസ് രോഗബാധ കോഴിക്കോട് ജില്ലയില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം പലപ്പോഴായി നിപ്പയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോഴി ഇറച്ചിയില്‍ നിപ്പ വൈറസ് കണ്ടെത്തി എന്നും മറ്റുമായിരുന്നു അത്. കോഴി കൃഷിയെ ലക്‌ഷ്യം വച്ച് മുമ്പും ഒട്ടേറെ വ്യാജ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. ‘ഇറച്ചിക്കോഴിയിയില്‍ മന്തിന് കാരണമായ രോഗാണുക്കളെ കുത്തിവയ്ക്കുന്നു’, ‘കോഴിക്കുഞ്ഞുങ്ങളില്‍ ആന്റി ബയോട്ടിക് കുത്തിവയ്ക്കുന്നു’ എന്നിങ്ങനെയുള്ള വ്യാജ സന്ദേശങ്ങള്‍ സുലഭമാണ്. അത്തരത്തിലുള്ളവ ഒരുപക്ഷെ, കോഴിയുടെ വാണിജ്യ മേഖലയെ തകര്‍ക്കുക എന്ന ഗൂഡലക്ഷ്യത്തോടെയുള്ള ശ്രമങ്ങളാവാം.
ഇത്തരം വാര്‍ത്തകള്‍ മുന്നുംപിന്നും നോക്കാതെ ഷെയര്‍ ചെയ്യുന്ന പലരും, തങ്ങള്‍ സമൂഹത്തിന് ഒരു സത്കൃത്യം ചെയ്യുന്നു എന്ന വ്യര്‍ത്ഥ ചിന്തയോടെയാണ് അപ്രകാരം ചെയ്യുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ചിന്താലേശമന്യേ കണ്ണടച്ച് അവ വിശ്വസിക്കുന്ന ഒരു വിഭാഗം തങ്ങളാല്‍ കഴിയും വിധം അത് പ്രചരിപ്പിക്കുന്നു. കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ സൗജന്യമായി മരുന്ന് വിതരണവും ക്യാന്‍സര്‍ ചികിത്സയും നടക്കുന്നു എന്ന വിധത്തില്‍, ആര്യവൈദ്യശാലയുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സൃഷ്ടിച്ച വ്യാജസന്ദേശം പത്തു തവണയെങ്കിലും ലഭിക്കാത്ത വാട്ട്സാപ്പ് അക്കൌണ്ടുകള്‍ കേരളത്തില്‍ ഉണ്ടാവില്ല. തികഞ്ഞ സാമൂഹിക വിരുദ്ധ ചിന്തയോടെ സൃഷ്ടിക്കുന്ന വ്യാജ സന്ദേശങ്ങളാണ് അവ.
കാണ്മാനില്ലാത്ത കുട്ടികളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന സന്ദേശങ്ങള്‍ വര്‍ഷങ്ങളോളം സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത് കാണാറുണ്ട്. അതുപോലെ മറ്റൊന്നാണ്, തട്ടിക്കൊണ്ടു പോകപ്പെട്ടത് എന്ന് സംശയിക്കുന്ന കുട്ടികളുടെ പേരിലും സൃഷ്ടിക്കപ്പെടുന്നത്. അസ്വാഭാവികസാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടി എന്ന പേരില്‍ പണ്ട് ഒരു സിനിമാനടിയുടെ ബാല്യകാല ചിത്രം പോലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വണ്ടി ആക്സിഡന്റുകളുടെ പേരില്‍ ഒട്ടേറെ വ്യാജ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടുകാണാറുണ്ട്. ‘ഈ വണ്ടിയുടെ ഉടമസ്ഥന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുക, പരമാവധി ഷെയര്‍ ചെയ്യുക’ എന്നതുപോലുള്ള സന്ദേശങ്ങളുമായി അപകടത്തില്‍ പെട്ട വാഹനത്തിന്റെയും പരിക്കേറ്റ വ്യക്തികളുടെയും ചിത്രങ്ങള്‍ പതിവായി ഷെയര്‍ ചെയ്തുകാണാറുണ്ട്. വാസ്തവമാണെങ്കില്‍ തന്നെയും നിഷ്പ്രയാസം പോലിസിനു ചെയ്യാവുന്ന ഒരു കാര്യം സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നതിനു പിന്നിലെ യുക്തിപോലും ചിന്തിക്കാതെയാണ് ആയിരങ്ങള്‍ അത് ഷെയര്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന മെസേജുകളില്‍ പലതിലും ഡേറ്റ് പോലും ഉണ്ടാവില്ല. അതിനാല്‍, വര്‍ഷങ്ങളോളം ഇത്തരം മെസേജുകള്‍ വാട്ട്സാപ്പിലും ഫേസ്ബുക്കിലും മറ്റുമായി ഷെയര്‍ ചെയ്യപ്പെടുന്നു. ചിലതില്‍ വ്യാജമായ ഫോണ്‍നമ്പരുകളും വെബ്സൈറ്റ് ലിങ്കുകളും മറ്റും ഉണ്ടാകും. ഒറ്റനോട്ടത്തില്‍ ആധികാരികം എന്ന് തെറ്റിദ്ധരിക്കാന്‍ അത് കാരണമാകും. ഗൂഡോദ്ദേശ്യത്തോടെ നിര്‍മ്മിക്കുന്നവ പോലെ തന്നെ മനപ്പൂര്‍വം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ നിര്‍മ്മിക്കുന്ന സന്ദേശങ്ങളെക്കുറിച്ചും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ എപ്രകാരം തിരിച്ചറിയാം എന്ന് മനസിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്.
- സന്ദേശങ്ങളുടെ ഉത്ഭവം പരിശോധിക്കുക. ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ ലഭിക്കുന്ന വിവരങ്ങളാണെങ്കില്‍ അങ്ങനെ അന്വേഷിക്കുന്നത് നല്ലതാണ്. മാധ്യമങ്ങളുടെയോ, ബന്ധപ്പെട്ട പ്രശസ്ത വ്യക്തികളുടെയോ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഗൂഗിളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
- വാര്‍ത്തയ്ക്കൊപ്പമുള്ള ചിത്രം ഇമേജ് സെര്‍ച്ച് നടത്തുക. അത് വ്യാജമാണെങ്കില്‍ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയും.
- സന്ദേശത്തില്‍ നല്‍കിയിട്ടുള്ള തിയതി പരിശോധിക്കുക. തിയതി നല്‍കിയിട്ടില്ലെങ്കില്‍ ഒരു കാരണവശാലും അത് ഷെയര്‍ ചെയ്യാന്‍ പാടില്ല.
- വാര്‍ത്തയ്ക്കൊപ്പമുള്ള ലിങ്ക് പരിശോധിക്കുക. പലപ്പോഴും, വാര്‍ത്തയുമായി ബന്ധമുള്ള ഒന്നാവില്ല അത്. പ്രശസ്തമായ ഏതെങ്കിലും ഒരു വെബ്സൈറ്റിന്റെ അഡ്രസ് ചേര്‍ത്താല്‍ മാത്രം എളുപ്പം തെറ്റിദ്ധരിക്കപ്പെടാവുന്ന രീതിയില്‍ പ്രിവ്യൂ പ്രത്യക്ഷപ്പെടും.
- വ്യാജം എന്ന് ഉറപ്പില്ലെങ്കില്‍ പോലും അത് പങ്ക് വച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് യുക്തിയുടെ വെളിച്ചത്തില്‍ ചിന്തിക്കുന്നതും നന്നായിരിക്കും. ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളില്‍ നല്ലൊരു പങ്ക് ഉപയോഗശൂന്യമോ, ഉപകാരപ്രദമായ എന്തെങ്കിലും സന്ദേശം ഉള്‍ക്കൊള്ളുന്നതോ അല്ല.
- ഇത്തരം വാര്‍ത്തകള്‍ കണ്ടാല്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാനുള്ള പ്രാവീണ്യം ഇല്ല എന്ന് തോന്നുന്നെങ്കില്‍, അത്തരത്തില്‍ സഹായിക്കാന്‍ കഴിയുന്ന ആരുടെയെങ്കിലും ഉപദേശം തേടുക. ഉപകാരപ്രദമായേക്കും എന്നാല്‍ വാസ്തവം അറിയില്ല എന്നുണ്ടെങ്കില്‍, ഇത്തരത്തില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായി അയച്ചുകൊടുത്ത് സത്യം ഉറപ്പുവരുത്തുക.
സമീപകാലങ്ങളിലായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തിഹത്യ, മാനഹാനി തുടങ്ങിയവ സംഭവിക്കുന്നെങ്കില്‍ പരാതി നല്‍കാവുന്നതാണ്. സമൂഹത്തിന് ഏതെങ്കിലും രീതിയില്‍ ദോഷമാകുന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍, കേരള പോലീസിന്റെ ഹൈ-ടെക്ക് സെല്ലില്‍ വിവരം അറിയിക്കാവുന്നതാണ്. ഹൈ-ടെക്ക് സെല്ലിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്തെ നമ്പറായ, 0471 2721547, 9497900468 തുടങ്ങിയ നമ്പരുകളില്‍ വിളിക്കുകയും, രണ്ടാമത്തെ നമ്പരില്‍ വാട്ട്സാപ്പ് സന്ദേശം അയച്ച് ചോദിക്കുകയോ ആവാം. എല്ലാ ജില്ലകള്‍ക്കുമുള്ള സൈബര്‍ സെല്‍ നമ്പരുകള്‍ കേരള പോലിസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ, സോഷ്യല്‍ മീഡിയ സംബന്ധമായ സംശയനിവാരണത്തിനും മറ്റുമായി 9497900440 എന്ന നമ്പറും ഉപയോഗിക്കാവുന്നതാണ്.
ഓര്‍മ്മിക്കുക, വ്യാജവാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സന്ദേശം അശ്രദ്ധമായി ഫോര്‍വേഡ് ചെയ്യുന്നതുവഴി ഒരുപക്ഷെ നിങ്ങള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിരിക്കാം. സമൂഹമാധ്യമങ്ങള്‍ ജാഗ്രതയോടെ ഉപയോഗിച്ചുശീലിക്കുക.