നാം നിസാരമായി കരുതി അവഗണിക്കുന്ന ജീവികളാണ് എലികള്‍. ഇവ പ്ലേഗ് പരത്തുന്നു എന്നു മാത്രമേ ഏറെപ്പേര്‍ക്കും അറിയൂ. എന്നാല്‍ മുപ്പതോളം പകര്‍ച്ചവ്യാ ധികള്‍ പടര്‍ത്തുന്ന ഭീകരനാണിത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ പഠനരേഖ അനുസരിച്ച് ലോകചരിത്രത്തില്‍ ഇന്നുവരെ യുദ്ധങ്ങള്‍ വഴിയും സായുധ സമരങ്ങള്‍ വഴിയും മരിച്ചതിലേറെ ആളുകള്‍ എലി പരത്തുന്ന പകര്‍ച്ചവ്യാധികള്‍ വഴി മരിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ നാട്ടില്‍ പടര്‍ന്നു പിടിച്ച എലിപ്പനിയും അതുവഴിയുണ്ടായ ദുരന്തങ്ങളും കൂടി ചേര്‍ത്ത് വായിക്കുക. ലോകത്തിലെ ഭക്ഷ്യധാന്യങ്ങളില്‍ അഞ്ചില്‍ ഒന്നെങ്കിലും എലികള്‍ തിന്നു നശിപ്പിക്കുന്നുണ്ട്. ഉഷ്ണമേഖലാ രാജ്യത്തിലാകട്ടെ ഇത് മൂന്നിലൊന്നായി വര്‍ദ്ധിച്ചിരിക്കുന്നു. ഭാരതത്തില്‍ എലി, തിന്നുതീര്‍ക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ കണക്കുകൂട്ടിയാല്‍ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കുള്ള ഭക്ഷണത്തോളം വരുമെന്നുള്ളത് എലിയെ അടിയന്തിരമായി നശിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
എലികള്‍ അനുദിനം അസാധാരണമായ വിധത്തില്‍ പെരുകുന്നുവെന്ന് തന്നെയാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നതും. എലിവഴിയുണ്ടാകുന്ന രോഗങ്ങള്‍ക്ക് പരിഹാരമാകാന്‍ ഓരോ വര്‍ഷവും രാജ്യം കോടിക്കണക്കിന് രൂപയാണത്രേ മാറ്റിവെക്കുന്നത്. എന്നാല്‍ ഇത്രയേറെ ദോഷകരമായ എലിയെ നശിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായിട്ടില്ല താനും.
അലഞ്ഞുനടക്കുന്ന തെരുവ്‌നായ്ക്കളും പ്രശ്‌നക്കാരാണ്. അവ നമ്മെ ഇതുവരെ ഉപദ്രവിച്ചിട്ടില്ല എന്നതാണ് നാം അവയെ നിസാരമായി കാണുന്നത്. എന്നാല്‍ നാളെ ഇവ നമ്മെ ഉപദ്രവിക്കുമെന്നോ അലഞ്ഞു നടക്കുന്ന നായ്ക്കള്‍ നമുക്ക് ദോഷകരമാകുമെന്നോ നാം ചിന്തിക്കുന്നതേയില്ല. ഇങ്ങനെ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ കടുത്ത ഉപദ്രവകാരികളായി മാറിയ അനേകം സംഭവങ്ങ ള്‍ ഉണ്ട്. ഇറച്ചിക്കടകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന വെയിസ്റ്റും മറ്റും ഭക്ഷിച്ച് വളരുന്ന ഈ നായ്ക്കള്‍, പിഞ്ചുകുട്ടികളെ പച്ചയോടെ കടിച്ചുകീറിയ അനുഭവങ്ങള്‍ അടുത്തകാലത്തും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ നാട്ടില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മനുഷ്യരും, വളര്‍ത്തുമൃഗങ്ങളും അപകടത്തില്‍പെടുന്നത് ഇന്ന് സര്‍വ്വസാധാരണമാണല്ലോ. അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊന്നു നശിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. നമ്മുടെ മിക്ക തെരുവുകളിലും നായ്ക്കള്‍ പെരുകുന്നതും കൂട്ടംകൂട്ടമായി അവ റോഡിലും ഇടവഴികളിലും പ്രത്യക്ഷപ്പെടുന്നതും ഇതാണ് തെളിയിക്കുന്നത്. നിസാരമായ ഈ ശ്രത്രുവിനെതിരെ നാം ജാഗരൂകരാ കേണ്ടിയിരിക്കുന്നു.
ആകാശത്തുകൂടി കറുത്ത ലൈന്‍പോലെ പറന്നുപോകുന്ന പക്ഷിക്കൂട്ടത്തെ കണ്ടിട്ടില്ലേ? സായാഹ്നത്തില്‍ കൂട്ടിലേക്ക് മടങ്ങുന്ന ഈ പക്ഷിക്കൂട്ടം കുളിര്‍മ്മ പകരുന്ന കാഴ്ചയാണ്. എന്നാല്‍ ആകാശവിതാനങ്ങളില്‍ സ്വച്ഛന്ദം പറക്കുന്ന ഈ പക്ഷികള്‍ നിസാരരല്ല. അവര്‍ വിമാനയാത്രക്കാര്‍ക്ക് എക്കാലവും ഭീഷണിയാണ്. ഈ പക്ഷികള്‍ വിമാനങ്ങള്‍ക്ക് വരുത്തുന്ന നാശനഷ്ടം ഭീകരമാണ്. ഓരോ വര്‍ഷവും 200 കോടി രൂപയ്ക്ക് മേല്‍ നഷ്ടം ഈ പക്ഷികള്‍വഴിഭാരതത്തിലെ സിവില്‍ ഏവിയേഷന്‍ വകുപ്പിന് ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങളില്‍ ഏറെയും ഇരകളാകുന്നത് താഴ്ന്നുപറക്കുന്ന വ്യോമസേനയുടെ വിമാനങ്ങളാണ്. വലിയ വിമാനത്തില്‍ നിസാരനായ ഒരു പക്ഷി ഇടിച്ചാല്‍, എന്ത് പ്രശ്‌നം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ വിമാനത്തില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ വന്നിടിക്കുന്ന ഒരു പക്ഷിക്ക് 14 ടണിന്റെ ആഘാതമുണ്ടാക്കാന്‍ കഴിയും.
അടുത്തകാലത്ത് ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍വെയ്‌സിന്റെ യാത്രാവിമാനം 155 യാത്രക്കാരുമായി 3200 അടി ഉയരത്തിലെത്തിയപ്പോഴാണ് പൈ ലറ്റ് യെല്‍ഡി സുലെന്‍ബര്‍ഗര്‍ വിമാനത്തിന് മുന്നില്‍ പക്ഷിക്കൂ ട്ടത്തെ കാണുന്നത്. എന്നാല്‍ നിരന്തര പ്രാര്‍ത്ഥനയും, പൈലറ്റ് യെല്‍ഡിയുടെ അടിയുറച്ച മനസും അന്ന് ദുരന്തത്തെ വഴിമാറ്റി വിട്ടു. പൊട്ടിത്തകര്‍ന്ന് കടലില്‍ വീണ വിമാനത്തില്‍ നിന്ന് നിസാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇങ്ങനെ യാത്രക്കാര്‍ രക്ഷപെട്ട സംഭവം അത്യപൂര്‍വ്വമാണ്.
ആയിരം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വിമാനത്തില്‍ ഒരു ചെറിയ പക്ഷി ഇടിച്ചാല്‍ 60 ടണിന്റെ ഭാരമാണ് അനുഭവപ്പെടുന്നത്. ഇത്ര ശക്തമായ ആഘാതമേറ്റാല്‍ ഏത് വിമാനവും തകരും. പ്രതിരോധമെന്ന നിലയില്‍ ചില രാജ്യങ്ങളില്‍ പരിശീലനം സിദ്ധിച്ച ഫാല്‍ക്കനുകളെ വിട്ട് പക്ഷികളെ തുരത്താന്‍ ശ്രമിക്കുന്നുണ്ട്. കുറച്ചൊക്കെ അവ വിജയപ്രദമാകാറുണ്ടെന്ന് മാത്രം.
വലിയ കാര്യങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊക്കെ സമയം കണ്ടെത്തുന്ന നാം ഇത്തരം നിസാര കാര്യങ്ങള്‍ ഗൗരവത്തോടെ കാണാറില്ല. അതുകൊണ്ട് തീര്‍ത്തും നിസാരമെന്ന് കരുതുന്ന കാര്യങ്ങള്‍ വലിയ വിപത്തായി മാറുകയും ചെയ്യുന്നു. നിസാരമെന്ന് കരുതി ഒന്നും അവഗണിക്കാതിരിക്കുക എന്നതാണ് പ്രധാനം.