Voice of Truth

തെരഞ്ഞെടുപ്പ് ഫലവും അയ്യപ്പകോപവും

തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് പ്രതികൂലമായാല്‍ അത് അയ്യപ്പകോപമായി ബിജെപി വ്യാഖ്യാനിക്കും എന്ന് ഉറപ്പാണ്. പക്ഷെ, ഈ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കാതിരുന്നാല്‍, അതും അയ്യപ്പ കോപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുണ്ട്. കാരണം, കേന്ദ്ര ഭരണത്തിന്റെ പിന്‍ബലം, പണത്തിന്റെ ധാരാളിത്തം, മാധ്യമങ്ങളുടെ സഹായം, ആര്‍എസ്എസിന്റെ സജീവ പങ്കാളിത്തം ഇതെല്ലാം കഴിഞ്ഞ കാലത്തേക്കാള്‍ കൂടുതല്‍ ബി ജെ പിക്ക് ലഭ്യമായിരുന്നു. ഇത്രയധികം അനുകൂല സാഹചര്യങ്ങളും കഠിനാധ്വാനവും ഉണ്ടായിട്ടും, കേരളത്തില്‍ എന്‍ഡിഎ രക്ഷപെടുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും? തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്‍ഡിഎ ക്യാമ്പില്‍ ആരംഭിച്ചുകഴിഞ്ഞു. വോട്ടു മറിച്ചതും പാര വച്ചതും എല്ലാം വലിയ തമ്മിലടികള്‍ക്കും നിരാശയ്ക്കും കാരണമാകാം. നേതൃത്വത്തിലിരിക്കുന്ന പലരുടെയും തല തെറിക്കുമെന്ന് ഇപ്പോള്‍ തന്നെ പലരും ഉറപ്പിച്ചുകഴിഞ്ഞു. കൂടുതല്‍ ആഭ്യന്തര സംഘര്‍ഷങ്ങളും ശിഥിലീകരണങ്ങളും ആണോ കേരളത്തിലെ എന്‍ ഡി എയെ കാത്തിരിക്കുന്നതെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ തന്നെയും അത് എല്‍ഡിഎഫിന് അനുകൂലമായി മാറാനുള്ള സാധ്യതകളുമുണ്ട്. ശബരിമല വിഷയത്തിലെ കടുംപിടുത്തം, ഇലക്ഷന് തൊട്ടുമുമ്പുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍, അസമയത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ച് ബില്‍, പ്രളയ ദുരിതം നേരിട്ടവര്‍ക്ക് പിന്നീടുണ്ടായ അവഗണന ഇതെല്ലാം എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. അപ്പോഴും ഈ തെരഞ്ഞെടുപ്പുഫലം ആത്യന്തികമായി എല്‍ഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത. കാരണം തെരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫില്‍ വലിയ ഭിന്നതയ്‌ക്കോ സംഘര്‍ഷത്തിണോ കാരണമാകാന്‍ സാധ്യത കുറവാണ്. അതേസമയം, ഇത് എല്‍ഡിഎഫിന് എളിമപ്പെടാനും ചില തിരിച്ചറിവുകളിലേയ്ക്ക് മടങ്ങി വരാനും സഹായിക്കും. ബംഗാളിലും ത്രിപുരയിലും തിരിച്ചുവരാന്‍ കഴിയാത്ത വിധം ഇടത് കക്ഷികള്‍ ദുര്‍ബ്ബലമായിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന കേരളം കൂടി നഷ്ടപ്പെട്ടാല്‍ അതോടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഭാവിയില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതായി തീരും. ഈ അരക്ഷിതാവസ്ഥ അവരെ, വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടാനായി സഹായിച്ചേക്കാം.

അധികാരത്തിന്റെയും സംഘടിതശേഷിയുടെയും ഹുങ്ക് ഉപേക്ഷിച്ച്, ജനങ്ങളെ മാനിക്കാനും എളിമയോടെ ജനവിധി ഉള്‍ക്കൊള്ളാനും കഴിഞ്ഞാല്‍, നിയമസഭാഇലക്ഷനുവേണ്ടി ഗൃഹപാഠം ചെയ്യാന്‍ ഈ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനെ സഹായിക്കും. വിജയം നല്‍കുന്ന അഹങ്കാരത്തെക്കാള്‍ പരാജയം സൃഷ്ടിക്കുന്ന എളിമയാണ് അടുത്ത പോരാട്ടത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുക. അപ്പോള്‍, അയ്യപ്പകോപം അനുഗ്രഹമായി എല്‍ഡിഎഫിന് അനുഭവപ്പെടും.

Leave A Reply

Your email address will not be published.