Voice of Truth

വാഹന രജിസ്‌ട്രേഷൻ ചാർജുകൾക്ക് ഭീമമായ വർദ്ധന; ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്. കരട് വിജ്ഞാപനം പുറത്തിറങ്ങി

പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിക്കൊണ്ടുള്ള പട്ടികയുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. ഇതുപ്രകാരം, പുതിയ പെട്രോൾ ഡീസൽ കാറുകൾക്ക് രജിസ്‌ട്രേഷൻ ചാർജ് അയ്യായിരം രൂപയും, രജിസ്‌ട്രേഷൻ പുതുക്കാൻ പതിനായിരം രൂപയും ആയിരിക്കും. നിലവിൽ ഇത് അറുനൂറു രൂപയായിരുന്നു.

ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ചാർജ്ജ് കേവലം അമ്പത് രൂപ മാത്രം ഉണ്ടായിരുന്നത് പുതിയതിനും പുതുക്കുന്നതിനും യഥാക്രമം ആയിരവും രണ്ടായിരം രൂപയും ആയി വർദ്ധിക്കും.

ഉയർന്ന വാഹനങ്ങൾക്കും ആനുപാതികമായ വർദ്ധനയ്ക്ക് നിർദ്ദേശമുണ്ട്. കരട് വിജ്ഞാപനം അനുസരിച്ച്, വലിയ കാറുകൾക്കുള്ള ചാർജ്ജ് വർദ്ധന, പതിനായിരവും, ഇരുപത്തിനായിരവും ആയിരിക്കും. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് അയ്യായിരം രൂപയിൽനിന്ന് നാൽപ്പതിനായിരം രൂപയായി വർദ്ധിക്കും. ഇറക്കുമതിചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്ക് ഇരുപതിനായിരം രൂപയായിരിക്കും.

പ്രതികരണങ്ങൾ വിലയിരുത്തിയശേഷം ഒന്നര മാസത്തിനുള്ളിൽ അന്തിമ ഫീസ് ഘടന പ്രസിദ്ധപ്പെടുത്തുമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയമ അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുവാനാണ് ഫീസ് വർദ്ധന എന്നാണ് വിശദീകരണം. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിനിരക്കും, ഫീസ് ഇളവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, പെട്രോൾ ഡീസൽ വാഹനങ്ങൾ മാറ്റി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക നികുതി ഇളവുകൾ ഉണ്ടാകും.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങളുടെ പിൻബലത്തിൽ ഭാരതത്തിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഉണർവ് പ്രകടമായി തുടങ്ങിയിട്ടുണ്ട്. നിലവിൽ ലഭ്യമായിരുന്ന ചെറു വാഹനങ്ങൾക്ക് പുറമെ, ഹ്യുണ്ടായ് കോന പോലുള്ള എസ്‌യുവികളും നിലവിൽ അവതരിപ്പിക്കപ്പെട്ടതും, ഉടൻ പ്രതീക്ഷിക്കാവുന്നതുമായുണ്ട്. അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല അടുത്തവർഷം ഇന്ത്യൻ വിപണിയിൽ ,സജീവമാകും എന്ന് അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.