നിലമ്പൂര്‍ നെടുംകയം കോളനിയിലെ ജാനകി അമ്മ എന്ന ആദിവാസി സ്ത്രീ വളര്‍ത്തുന്ന ഒരുപറ്റം മൃഗങ്ങള്‍ പ്രളയകാലത്ത് നമുക്ക് കാണിച്ചുതന്നത് സഹവര്‍ത്തിത്വത്തിന്റെയും ഉദാരതയുടെയും മാതൃക. അടിക്കടി ഉയരുന്ന നീരൊഴുക്കില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടുകാര്‍ സുരക്ഷിത സ്ഥാനം തേടിയപ്പോള്‍ ഇവിടെ അവശേഷിച്ച 47 ആടുകള്‍ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും തുണയേകിയ അഞ്ച് വളര്‍ത്തുനായകളാണ് ആപത്തില്‍ എങ്ങനെ സഹായിക്കണമെന്ന വലിയ പാഠം നല്‍കിയത്.
കോളനി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായ നാല് ദിവസക്കാലവും ആട്ടിന്‍കൂട്ടത്തിനും കോഴിക്കുഞ്ഞുങ്ങള്‍ക്കും കാവല്‍ മാലാഖമാരായത് നായകളായിരുന്നു. ജലനിരപ്പ് കൂടിവരുന്ന അവസരങ്ങളില്‍ ആടുകളെ നായകള്‍ ഉയര്‍ന്ന ഇടങ്ങളിലേക്ക് നയിച്ചു. വെള്ളത്തില്‍ മുങ്ങാതിരിക്കുന്നതിനായി, നാല് ആട്ടിന്‍ കുട്ടികളെ കടിച്ചെടുത്തുകൊണ്ടാണ് താഴ്ന്ന സ്ഥലങ്ങളിലൂടെ നായകള്‍ സഞ്ചരിച്ചത്. ഇത്രയും നാളുകളില്‍ ഇവയെല്ലാം ഒരുമിച്ച് പട്ടിണി അനുഭവിക്കുകയും ചെയ്തു.
പ്രളയജലം കഴുത്തോളം എത്തിയ സാഹചര്യത്തിലാണ് ജാനകി അമ്മയും കുടുംബവും ഇവിടെ നിന്നും മാറിയത്. അതോടെ, സമ്പാദ്യമായ ആടുകളെയും കോഴിക്കുഞ്ഞുങ്ങളെയും നായകളെയും ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അതേസമയം, ഇവയുടെ കൂടുകള്‍ തുറന്നിട്ടിട്ടായിരുന്നു അവര്‍ പോയത്. എന്നാല്‍, നാല് ദിവസങ്ങള്‍ക്ക് ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടങ്ങിയെത്തിയ കുടുംബാംഗങ്ങള്‍ കണ്ടത് ഇവരുടെ വളര്‍ത്തുമൃഗങ്ങളെല്ലാം ഒന്നിച്ചായിരിക്കുന്ന കാഴ്ചയായിരുന്നു.
വിശന്നുവലഞ്ഞ സാഹചര്യത്തിലും ഇവിടുത്തെ വളര്‍ത്തുമൃഗങ്ങള്‍ പരസ്പരം കരുതല്‍ നല്‍കിയെന്നത് വലിയ പാഠങ്ങളാണ് മനുഷ്യര്‍ക്ക് നല്‍കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമെയ്ന്‍ സൊസൈറ്റി (ഹിസ്) ഔട്ടറീച്ച് കോ-ഓര്‍ഡിനേറ്റര്‍ സാല്ലി വര്‍മ പറഞ്ഞു. ‘നമ്മളോരോരുത്തരും പഠിക്കേണ്ട സഹവര്‍ത്തിത്വത്തിന്റെ മികച്ച ഉദാഹരണമാണ് അവയില്‍ നാം കണ്ടത്. ഭക്ഷണം കൊടുത്തപ്പോള്‍ നായകളും ആടുകളും കോഴിക്കുഞ്ഞുങ്ങളും ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്നതാണ് കണ്ടത്’. സാല്ലി കൂട്ടിച്ചേര്‍ത്തു.
വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയതിനാല്‍ കോളനിക്കടുത്ത പ്രദേശങ്ങളിലൊന്നും മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തീറ്റ ലഭ്യമായിരുന്നില്ല. എന്നാല്‍, സാല്ലി വര്‍മ ഇവിടുത്തെ ആടുകള്‍ക്കായി 100 കിലോ തീറ്റയും നായകള്‍ക്ക് വേണ്ടി 50 കിലോ ഭക്ഷണവും ദൂരെ നിന്നും സൗജന്യമായി എത്തിച്ചുനല്‍കി. മൃഗങ്ങള്‍ക്കുള്ള ഭക്ഷണം മാത്രമേ ജാനകി അമ്മ സ്വീകരിച്ചുള്ളൂവെന്നും കുടുംബത്തിനായി വാഗ്ദാനം ചെയ്ത സഹായം നിരസിക്കുകയാണുണ്ടായതെന്നും സാല്ലി വര്‍മ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ആടുകള്‍ക്ക് ആപത്തുവരുത്തുന്നതൊന്നും നായകള്‍ ചെയ്യില്ലെന്നത് മാത്രമല്ല അവ ആടുകളെ സാധിക്കുന്ന തരത്തിലെല്ലാം സംരംക്ഷിക്കുമെന്ന വിശ്വാസവും കുടുംബത്തിനുണ്ടായിരുന്നുവെന്ന് ജാനകി അമ്മയുടെ മകനായ കലേഷ് പറഞ്ഞു.