ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ ശമ്പളം കേട്ടാല്‍ ഞെട്ടേണ്ട. ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ മേധാവി എന്ന നിലയില്‍ അദ്ദേഹത്തിന് 2018 ല്‍ കിട്ടിയത് 15.7 ദശലക്ഷം ഡോളറാണ്. അതായത് ഏകദേശം 110 കോടി രൂപ. അതിനും പുറമെ 12.1 കോടി ഡോളറിന്റെ ഓഹരികളും ടീം കുക്കിന് ലഭിച്ചു. 15.7 ദശലക്ഷം ഡോളറില്‍ 3 ദശലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. 2018 ല്‍ കമ്പനിയുടെ വരുമാന നേട്ടത്തില്‍ നിന്ന് 12 ദശലക്ഷം ഡോളര്‍ ബോണസായി കിട്ടി.
കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായത്. ആ നേട്ടത്തിന്റെ ഫലം അദ്ദേഹത്തിന്റെ സാലറിയിലും കുതിപ്പുണ്ടാക്കി. ശമ്പളത്തില്‍ 2018 ല്‍ അദ്ദേഹത്തിന് കിട്ടിയത് 22 ശതമാനം വര്‍ദ്ധനവ്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഫയല്‍ ചെയ്ത വിവരമനുസരിച്ചാണ് ഈ കണക്ക്.
കമ്പനി സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയും 58 കാരനുമായ ടിം കുക്കിന്റെ 2017 ലെ ശമ്പളം 12.8 ദശലക്ഷം ഡോളറായിരുന്നു. 2016 ല്‍ അത് 8.7 മില്യന്‍ ഡോളറായിരുന്നു. ലോകത്തിലെ മുന്‍നിര കമ്പനികളില്‍ നാലാം സ്ഥാനമാണ് ആപ്പിളിനുള്ളത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗുഗിള്‍ പേരന്റ് ആല്‍ഫബെറ്റ് എന്നീ കമ്പനികള്‍ മുന്നിലുണ്ട്.
അമേരിക്കയിലെ അലാബാമയില്‍ 1960 ലാണ് ടിം കുക്ക് ജനിച്ചത്. ഓബോണ്‍ യുനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയതിനുശേഷം അദ്ദേഹം ഡ്യൂക്ക് യുനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ നേടി. കന്വ്യൂട്ടര്‍ ടെക്‌നോളജിയിലാണ് തന്റെ ഭാവിയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അത് തന്റെ കരിയറായി തിരഞ്ഞെടുത്തു. 12 വര്‍ഷം ഐബിഎം, ഇന്റലിജന്റ് ഇലക്ട്രോണിക്‌സ്, കോംപാക് എന്നിവിടങ്ങളില്‍ ജോലി ചെയ്തശേഷമാണ് 1998 ല്‍ ആപ്പിളില്‍ ചേര്‍ന്നത്. പിന്നീട് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് പടിപടിയായി ഉയര്‍ന്നു. 2011 ല്‍ സ്റ്റീവ് ജോബ്‌സ് വിടവാങ്ങിയതോടെ ടിം കുക്ക് ആപ്പിളിന്റെ മേധാവിയായി.
ആപ്പിളില്‍ ചേര്‍ന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയത്തിന് വഴിതെളിച്ച ജീവിതത്തെലെ ഏക തീരുമാനമെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആപ്പിളില്‍ അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ കിട്ടുമ്പോള്‍ ആപ്പിള്‍ താഴോട്ട് വീണുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരു ശ്രമിച്ചിരുന്നു. എന്തിന് ആപ്പിളിലെ ജോലി സ്വീകരിക്കുന്നതിന് മുമ്പ് ഡെല്‍ കമ്പ്യൂട്ടറിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ സാക്ഷാല്‍ മൈക്കല്‍ ഡെല്‍ അദ്ദേഹത്തോട് ചോദിച്ചു നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിന്ന ആപ്പിളിനെ പിടിച്ചുനിര്‍ത്താന്‍ താങ്കള്‍ എന്തുചെയ്യുമെന്ന്. കളിയായി അദ്ദേഹം പറഞ്ഞു ഞാനത് ഷട്ട് ഡൗണ്‍ ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും.
പക്ഷേ, അതൊന്നും വേണ്ടി വന്നില്ല. ആപ്പിളില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയും മുമ്പെ അദ്ദേഹം വൈസ് പ്രസിഡന്റായി. നഷ്ടത്തിലേക്ക് നിപതിച്ചുകൊണ്ടിരുന്ന കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുപോയി. വൈകാതെ അദ്ദേഹത്തിന്റെ പദവികളും ഉത്തരവാദിത്വങ്ങളും കൂടി. ചീഫ് ഓഫറേറ്റിംഗ് ഓഫിസറായി. ഒടുവില്‍ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് വിടവാങ്ങിയപ്പോള്‍ അദ്ദേഹം ആപ്പിളിന്റെ മേധാവിയായി. 2011 ല്‍ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ ഫോബ്‌സ് മാഗസിന്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിരുന്നു.