ഇന്ന് ലോകത്തില്‍ മുപ്പത്‌കോടിയിലേറേപ്പേര്‍ വിഷാദരോഗത്തിന്റെ അടിമകളാണെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് വിഷാദം ജനിപ്പിക്കുന്നതാണ്. മാനസികാരോഗ്യം അതിവേഗതയില്‍ താഴോട്ട് കുതിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. 2005 നു ശേഷം ഈ ലോകത്തിന്റെ വളര്‍ച്ച 15 ശതമാനം ഉയര്‍ന്നു എന്നത് ആരോഗ്യ – സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. 2017ലെ ലോകാരോഗ്യദിനപ്രമേയം ‘ഡിപ്രഷന്‍’ (Depression) അഥവാ വിഷാദരോഗം എന്നതാണ്. കാരണങ്ങള്‍ ആന്തരികമോ ബാഹ്യമോ ആയാലും മനുഷ്യമനസ്സ് വിഷാദത്തിന്റെ തമോഗര്‍ത്തത്തിലൂടെ സഞ്ചരിക്കുന്ന വിഷമകരമായ കാലമാണ് ഡിപ്രഷന്‍. ബാല്യദശയൊഴിച്ച് മിക്കവാറും എല്ലാം പ്രായക്കാരും വിവിധ കാലദൈര്‍ഘ്യങ്ങളില്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. പ്രത്യക്ഷത്തില്‍ അപകടരഹിതമായ ഉത്സാഹക്കുറവ് മുതല്‍ ആത്മഹത്യ, കൊലപാതകം എന്നീ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കുവരെ ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ചെന്നെത്തുന്നു.
വിഷാദരോഗത്തിന് രണ്ട് കാരണങ്ങളുള്ളതായി കാണാം ; ആന്തരീകവും ബാഹ്യവും. ആന്തരീക (ENDOGENOUS) വിഷാദരോഗം മൂന്ന് ന്യൂറോട്രാന്‍സ്മിറ്ററുകളായ ഡോപമിന്‍ (DOPAMINE) സിറോടോണിന്‍. (SEROTONIN), നോര്‍എപിനെഫ്രിന്‍ (NOR EPINEPRINE), എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ബാഹ്യഘടകങ്ങള്‍ – പരാജയം, സാമ്പത്തിക തകര്‍ച്ച, ദമ്പതികള്‍ തമ്മിലുള്ള അകല്‍ച്ച അപ്രതീക്ഷിതമായ മരണം – എന്നിവ താല്‍ക്കാലികമായ വിഷാദാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇതിനെ ഒരു രോഗമായി കാണേണ്ടതില്ല. മനസ്സിനെ പിടിച്ചുകുലുക്കുന്ന ഈ അവസ്ഥ സ്വപ്രയത്‌നത്താലോ, ബാഹ്യഇടപെടലുകള്‍ മൂലമോ നിയന്ത്രണവിധേയമാക്കുമ്പോള്‍ ഒരു പക്ഷേ മരുന്നുകളൊന്നും കൂടാതെ രോഗി സൗഖ്യം പ്രാപിക്കും. പക്ഷെ ഈ ഘടകങ്ങള്‍ രോഗിക്ക് തന്റെ വിഷാദാവസ്ഥക്ക് കാരണമാകുന്നു എന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട്.
ആന്തരീകവിഷാദരോഗമുള്ള ഒരു വ്യക്തിയുടെ ജീവിതത്തില്‍ മേലുദ്ധരിച്ചതുപോലുള്ള നിരാശാജനകമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂനിന്‍മേല്‍ക്കുരുവെന്നതുപോലെ വിഷാദം വ്യക്തിത്വത്തെ മുഴുവനായി കീഴ്‌പ്പെടുത്തുന്നു. ഇവിടെ സ്‌നേഹിതരുടേയൊ ഉറ്റ സുഹൃത്തുക്കളുടേയൊ ഇടപെടല്‍വഴി മാനസികരോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടിവരും.
ലാഭക്കണ്ണുള്ള ചില ”വിദഗ്ദ്ധന്‍മാര്‍ ” താല്‍ക്കാലിക രോഗാവസ്ഥയിലുള്ള ഇത്തരക്കാരെ തന്റെ നിത്യരോഗി ലിസ്റ്റില്‍ ”ഫിക്‌സഡ് ഡെപ്പോസിറ്റ് ” ആക്കാന്‍ ശ്രമിക്കുന്നതും കാണാനിടയായിട്ടുണ്ട്. രോഗം അനിയന്ത്രിതമായി മാത്രം വരുമ്പോള്‍, വളരെ ആലോചിച്ചും വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തും നിശ്ചയിക്കേണ്ട ഇ. സി.റ്റി. (ELECTRO CONVULSIVE THERAPY) പ്രഥമഘട്ടത്തില്‍തന്നെ നിര്‍ദ്ദേശിക്കുന്നത് ധാര്‍മ്മികമല്ല. സമൂഹഗാത്രമെന്ന ഉദാത്തമായ ആശയം തത്വശാസ്ത്രമാക്കി ചില്ലലമാരയില്‍ കാഴ്ചവസ്തുവാക്കേണ്ട കാര്യമല്ലെന്നും ‘ഇന്നു ഞാന്‍ നാളെ നീ ‘ എന്നത് മരണത്തെ മാത്രമല്ല ദ്യോതിപ്പിക്കുന്നത് എന്നതും അതിസങ്കീര്‍ണ്ണമായ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നമുക്ക് വിസ്മരിക്കാതിരിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ വിഷാദരോഗികളുടെ എണ്ണം ആഗോളതലത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ സാമ്പത്തിക അസമത്വം, പട്ടിണി, മത-രാഷ്ട്രീയ വിവേചനം, അടിച്ചമര്‍ത്തല്‍, അസഹിഷ്ണുത, യുദ്ധം, അധികാരികളുടെ ഏകാധിപത്യപ്രവണത എന്നിവ ഗുരുതരമായ കാരണങ്ങളാണ്.
വികസിതരാഷ്ട്രമായ യു. എസ്സി ല്‍ പോലും ആറില്‍ ഒരാള്‍ വിഷാദരോഗിയാണെന്നത് ശ്രദ്ധേയമാണ്. മെച്ചപ്പെട്ട സാമ്പത്തികഭദ്രത, ജോലി സാധ്യത എന്നിവയുള്ള ഒരു നാട്ടില്‍ ഇതാണ് സ്ഥിതിയെങ്കില്‍ വിഷാദരോഗം ജനിപ്പിക്കുന്ന സാമൂഹികഘടകങ്ങള്‍ നിലവിലുള്ള രാജ്യങ്ങളുടെ സ്ഥിതി ദയനീയമായിരിക്കും. ഈ രോഗാവസ്ഥ ഒരു വര്‍ഷം വരെ നീണ്ടുപോകാമെന്നിരിക്കെ, വിവാഹമോചനം, കൊലപാതകം, ആത്മഹത്യ എന്നിവയിലേക്ക് എത്തിച്ചേരാനും സാധ്യതയുണ്ട്.
ഡിപ്രഷന്‍ പ്രഥമമായി തിരിച്ചറിയേണ്ടതും, ഇടപെടേണ്ടതും സമൂഹമാണ്. രോഗാവസ്ഥകളിലേക്ക് കടന്നുകഴിഞ്ഞൊരാള്‍ക്ക് ഒരു പക്ഷേ സ്വന്തം അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ രോഗത്തിന്റെ അടിസ്ഥാനലക്ഷണങ്ങള്‍ സാമൂഹിക പ്രതിബന്ധതയുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്. അദ്ധ്യാപകര്‍, ഓഫീസ് മേധാവികള്‍, സഹപ്രവര്‍ത്തകര്‍, ഫഌറ്റുകളില്‍ താമസിക്കുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം സഹോദരന്റെ ജീവിതത്തെ തളര്‍ത്തുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഉത്തരവാദിത്വമുണ്ട്.
ഒന്ന് : നിസ്സഹായാവസ്ഥയും അശുഭാപ്തിവിശ്വാസവും പ്രതിഫലിക്കുന്ന മ്ലാനമായ മുഖം.
രണ്ട് : വീട്ടിലും ഓഫീസിലും മറ്റ് പ്രവര്‍ത്തിസ്ഥലങ്ങളിലും സാധാരണ ചെയ്തുവരാറുള്ള ജോലികളിലും ഉത്തരവാദിത്വങ്ങളിലും സ്ഥിരമായി വീഴ്ചവരുത്തുക.
മൂന്ന് : തുച്ഛമായ സംസാരവും മൗനവും
നാല് : ഉറക്കം, വിശപ്പ് എന്നിയുടെ കുറവ്, കുറയുന്ന ശരീരഭാരം.
അഞ്ച് : ചെറിയ പ്രകോപനം ഉണ്ടാകുമ്പോഴേക്കും ക്ഷോഭിക്കുക, നിയന്ത്രണാതീതമായ കുറ്റബോധം
ആറ് : ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, ഇടപ്പെടലുകളില്ലാത്ത പക്ഷം ഇത് ആത്മഹത്യയില്‍ ചെന്നെത്തും. ആത്മഹത്യപ്രവണതയുള്ള രോഗികളില്‍ ന്യൂറോട്രാന്‍സ്മിറ്റര്‍ സീറോടോണിന്റെ അളവ് കുറവുള്ളതായി ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന വിഷാദരോഗങ്ങള്‍ ഗൗരവതരമായി സംബോധനചെയ്യപ്പെടേണ്ടതുണ്ട്. നാലില്‍ ഒരാള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മാനസികരോഗാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് – ഏകദേശം 450 മില്യന്‍ ആളുകള്‍ ! ഇതില്‍ 350 മില്യന്‍ പേരും വിഷാദരോഗത്തിന്റെ ഇരുണ്ട ഗുഹയില്‍ എത്തിച്ചേരുന്നു. ഇക്കാരണത്താല്‍ എട്ട് ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം ആത്മഹത്യചെയ്യുന്നുവെന്നത് അപകടസൂചനയാണ്. 2015 – 16 ലെ ദേശീയമാനസികാരോഗ്യ സര്‍വ്വേ പ്രകാരം ഭാരതത്തില്‍ 15% മുതിര്‍ന്നവര്‍ക്ക് കൗണ്‍സിലിങ്ങോ മരുന്നുകളൊ ആവശ്യമായി വരുന്നു. 2012 ല്‍ തന്നെ തക്ക സമയത്തുള്ള ഇടപെടലുകളില്ലാതെ പോയ രണ്ടരലക്ഷത്തിലധികം പേര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. ദേശീയ മാനസികാരോഗ്യസര്‍വ്വേയില്‍ (ചങഒ) ഭാരതത്തില്‍ ഇരുപതില്‍ ഒരാള്‍ വിഷാദത്തിന് അടിമപ്പെടുന്നതായി കണ്ടു. സാമ്പത്തികമാന്ദ്യം മൂലം ഗള്‍ഫ് ജോലി നഷ്ടപ്പെടുന്നതും കേന്ദ്രഗവണ്‍മെന്റിന്റെ നോട്ട് റദ്ദാക്കലടക്കമുള്ള സാമ്പത്തിക നിയന്ത്രണങ്ങളും സ്ഥിതിഗതികള്‍ മോശമാക്കുന്നു. നിരാശമൂലം ലഹരിക്കടിമപ്പെടുന്നവര്‍ വൈകാതെ വിഷാദരോഗികളായി മാറി ആത്മഹത്യയില്‍ ജീവിതമവസാനിപ്പിക്കുന്നുമുണ്ട്. വിഷാദരോഗികളില്‍ ചിലരെങ്കിലും സമൂഹത്തിന്റെ സൃഷ്ടിതന്നെയാണ്.
വിഷാദരോഗം ക്രൈസ്തവരുടെ മുമ്പില്‍ കേവലമൊരു ആരോഗ്യപ്രശ്‌നമായി മാത്രം കണ്ടാല്‍ പോര. പ്രശ്‌നപരിഹാരത്തിന് നല്ല സമരിയാക്കാരന്‍ (ലൂക്ക 10, 25 – 37) ഉത്തമ മാതൃകയായി നമുക്ക് മുമ്പേ നടക്കുന്നു. സാമ്പത്തിക ഞെരുക്കമടക്കം ജീവിതത്തെ ബാധിക്കുന്നതിലപ്പുറം ബന്ധിക്കുന്ന കാരണങ്ങളാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. എന്നതിനാല്‍ സൗഹാര്‍ദ്ദവും സൗജന്യവും സമന്വയിപ്പിച്ചുള്ള ഒരു ക്രൈസ്തവ ചികില്‍സരീതിയാണ് ഏറ്റവും അഭികാമ്യം. സ്‌ക്കൂളുകളിലും കോളേജുകളിലും മറ്റും കൗണ്‍സിലിംങ്ങ് കേന്ദ്രങ്ങള്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് ശ്ലാഘനീയമാണ്. എന്നാല്‍ യേശുവിന്റെ സൗഖ്യദായകമായ ശുശ്രൂഷാ സാന്നിധ്യമായ നമ്മുടെ മിഷനാസ്പത്രികളും പ്രഥമികാരോഗ്യകേന്ദ്രങ്ങളിലുമെല്ലാം കൗണ്‍സിലിംങ്ങ് മാത്രമല്ല, വിഷാദരോഗചികില്‍സയും സൗജന്യമായിരിക്കണം.
ആസക്തിവുമുക്തചികില്‍സയും ഈ ഗണത്തില്‍പ്പെടുന്നു. കാരണം ഈ രണ്ട് വിഭാഗം രോഗികളും ചികില്‍സയ്ക്ക് സ്വയം വിധേയമാകണമെന്ന മാനസികാവസ്ഥ നഷ്ടപ്പെട്ട നിസ്സഹായരാണ്. ഇക്കൂട്ടര്‍ക്ക് ചികില്‍സ നല്‍കുന്നത് നഷ്ടമായിട്ടല്ല, ക്രൈസ്തവസാക്ഷ്യമായിട്ടാണ് കാണേണ്ടത്. സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരിലും അപൂര്‍വ്വം ചിലര്‍ വിഷാദരോഗികളാകുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം രോഗികളും സാമ്പത്തിക പശ്ചാത്തലം തകര്‍ന്നവരാണ്. ഒരു രോഗിയെ നമുക്ക് രക്ഷിച്ചെടുക്കാനായാല്‍ ഒരു കുടുംബമല്ലേ രക്ഷപ്പെടുന്നത്.
ഈയിടെയായി വ്യക്തികള്‍ മാത്രമല്ല, ചില കുടുംബങ്ങള്‍ മുഴുവനായി ആത്മഹത്യചെയ്യുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ വിഷാദാവസ്ഥ വര്‍ദ്ധിക്കുന്നുവെന്നതിന്റെ അടയാളമാണ്. ‘ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ കരുത്താണ് ‘ എന്ന സമൂഹശാസ്ത്രം ഇവിടെ പ്രസക്തമാകുന്നു.
ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്
(ഡയറക്ടര്‍, എം. ഐ. മിഷന്‍ ഹോസ്പിറ്റല്‍, ഏങ്ങണ്ടിയൂര്‍)