Voice of Truth

ഭാരതീയരെ ഡ്രൈവിംഗിലെ നല്ലശീലങ്ങള്‍ പഠിപ്പിക്കാന്‍ ഫോര്‍ഡ്! ഫോര്‍ഡിന്റെ പുതിയ പരസ്യചിത്രങ്ങള്‍ തരംഗമാകുമ്പോള്‍…

കഴിഞ്ഞ മാസം നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ തല്‍സമയ സംപ്രേഷണത്തിനിടെയാണ് ഫോര്‍ഡിന്റെ പുതിയ പരസ്യ ചിത്രങ്ങള്‍ ലോകം കണ്ടുതുടങ്ങിയത്. ഫോര്‍ഡ് കമ്പനി അവതരിപ്പിക്കുന്ന, ‘discover the more in you” എന്ന ക്യാമ്പൈനിന്റെ ഭാഗമാണ് ഈ പരസ്യങ്ങള്‍. ഓരോ പരസ്യത്തിലും ഓരോ നന്മയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സീരീസില്‍ ഇതുവരെ പുറത്തിറങ്ങിയ മൂന്ന് പരസ്യ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായിക്കഴിഞ്ഞു.

പ്രശസ്ത പരസ്യക്കമ്പനിയായ ‘BBDO ഇന്ത്യ’യാണ് ഫോര്‍ഡിനുവേണ്ടി ഈ പരസ്യചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു പരസ്യചിത്രങ്ങളില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് കുറ്റകരവുമായ ഡ്രൈവിംഗ് ശൈലിക്ക് എതിരായുള്ള ഒരു മികച്ച സന്ദേശമാണ്. രണ്ടാമത്തെ പരസ്യചിത്രം പങ്കുവച്ചത് അപകടത്തില്‍ പെടുന്നവരോട് അനുകമ്പ പുലര്‍ത്തുക എന്ന സന്ദേശവും, മൂന്നാമത്തേതില്‍ പറഞ്ഞുവച്ചത് വാഹനയാത്രയിലെ കുട്ടികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഹൃദയസ്പര്‍ശിയായ ഒരു ആശയവുമാണ്.

ആദ്യത്തെ പരസ്യചിത്രം

ആദ്യത്തെ ചിത്രത്തില്‍, ഫോര്‍ഡ് എന്‍ഡവറില്‍ സഞ്ചരിക്കുന്ന രണ്ട് സുഹൃത്തുക്കളാണ് കഥാപാത്രങ്ങള്‍. മറ്റൊരുവാഹനം അപകടകരമായ രീതിയില്‍ പ്രകോപനപരമായി അവരെ മറികടന്നുപോവുന്നു. ധാര്‍ഷ്ട്യം നിറഞ്ഞ അവരുടെ പ്രവൃത്തിയില്‍ പ്രകോപിതരായ സുഹൃത്തുക്കള്‍ അവരെ മറികടന്ന് തോല്‍പ്പിക്കാന്‍ ആലോചിക്കുന്നു. അവരെ ഒരു പാഠം പഠിപ്പിക്കണം എന്നാണ്, വാഹനമോടിക്കുന്നയാളെ സുഹൃത്ത് ഉപദേശിക്കുന്നത്. അതിനുള്ള ശക്തിയും വലിപ്പവും നമ്മുടെ വണ്ടിക്കുണ്ട് എന്നും അയാള്‍ ഓര്‍മ്മിപ്പിക്കുന്നു.. എന്നാല്‍, അടുത്ത നിമിഷം, പ്രധാന കഥാപാത്രമായ ഡ്രൈവറുടെ മനോഭാവം മാറുകയാണ്‌. ശക്തി എന്നുള്ളത് എതിരാളിയെ തോല്‍പ്പിച്ച് റോഡില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല എന്നും, അത് പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിക്കാനുള്ളതാണ് എന്നും അയാള്‍ തിരിച്ചറിയുന്നു. അതിലൂടെ ഇന്നത്തെ ഇന്ത്യന്‍ റോഡുകളിലെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട മികച്ചൊരു സന്ദേശമാണ് ഫോര്‍ഡ് നല്‍കുന്നത്.

രണ്ടാമത്തെ പരസ്യചിത്രം

രണ്ടാമത്തെ ചിത്രത്തില്‍, ഒരു പിതാവും മകനും ഒരുമിച്ച്, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് കാറില്‍ യാത്ര ചെയ്യവേ, ഒരു അപകട ദൃശ്യം കാണുകയാണ്. ചെറു പ്രായക്കാരനായ മകന്‍റെ ആകാംക്ഷ നിറഞ്ഞ നിഷ്കളങ്കമായ ചോദ്യങ്ങള്‍ പിതാവിനെയും കാഴ്ച്ചക്കാരെയും ചിന്തിപ്പിക്കാന്‍ പര്യാപ്തമായിരുന്നു. ‘എന്താണ് ആരും അദ്ദേഹത്തെ സഹായിക്കാത്തത്, ഒരുപക്ഷെ, നമുക്ക് ഇങ്ങനെ സംഭവിച്ചാലോ?’ എന്നായിരുന്നു മകന്‍റെ ചോദ്യം. ഉടന്‍ വാഹനം തിരിച്ച്, അപകടം പറ്റിയ ആളുടെ പക്കലേയ്ക്ക് നീങ്ങുന്നതിനൊപ്പം, ‘ആശങ്ക വേണ്ട, നാം സുരക്ഷിതരാണ്‌’ എന്ന് അയാള്‍ മകന് ഉറപ്പ് കൊടുക്കുന്നുണ്ട്. തുടര്‍ന്ന് പരിക്ക് പറ്റിയ ആളെ ആശുപത്രിയിലെത്തിച്ച് അവര്‍ മടങ്ങുന്നു. സഹജീവികളോട് കരുണയും കരുതലും കാണിക്കണമെന്ന നല്ലൊരു സന്ദേശം ഈ പരസ്യചിത്രത്തിലൂടെ ഫോര്‍ഡ് നല്‍കുന്നുണ്ട്. കുടുംബത്തെയും കുട്ടികളെയും സ്വാധീനിക്കാന്‍ തക്കവിധത്തിലാണ് അവതരണം.

മൂന്നാമത്തെ പരസ്യചിത്രം

കുട്ടിയെ ദത്തെടുക്കാന്‍ പോകുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കിടയിലെ വൈകാരിക നിമിഷങ്ങളാണ് മൂന്നാമത്തെ പരസ്യചിത്രത്തിന് ആധാരം. യുവതിയായ അമ്മയുടെ മാനസികസംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ആ ചിത്രം അവസാനിക്കുന്നത് പിതാവിന്റെ സ്നേഹത്തിന്റെ ഊഷ്മളതയെ തീവ്രതയോടെ അവതരിപ്പിച്ചുകൊണ്ടാണ്. ഒപ്പം, കൊച്ചുകുട്ടികളെ യാത്രയില്‍ ഒപ്പം കൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണവും ഈ ചിത്രം നടത്തുന്നുണ്ട്.

തങ്ങളുടെ കസ്റ്റമേഴ്സ് പങ്കുവച്ച അനുഭവങ്ങളാണ് ‘discover the more in you” എന്ന ക്യാംപെയ്നിലേയ്ക്കും ഈ പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തിലേയ്ക്കും നയിച്ചത് എന്ന് ഫോര്‍ഡ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗൌതം പറയുന്നു. ഈ ചിത്രങ്ങളിലൂടെ ലക്ഷ്യം വച്ചത്, വാഹന ഉപയോഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളെ ക്രിയാത്മകമായി അവതരിപ്പിക്കുക മാത്രമല്ല. പ്രധാനമായും, മനുഷ്യനും, വാഹനവും തമ്മിലുള്ള പാരസ്പര്യത്തെ ആവിഷ്കരിക്കുകയും ലക്ഷ്യമാക്കിയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

‘discover the more in you” എന്നാ പേരില്‍ അവതരിപ്പിക്കപ്പെടുന്ന ക്യാമ്പെയിന്‍ ഒരു വലിയ വിജയമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലും, ടിവിചാനലുകളിലും നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യൂട്യൂബില്‍ ഈ പരസ്യ ചിത്രങ്ങള്‍ കണ്ടത് കോടിക്കണക്കിന് പേരാണ്.

Leave A Reply

Your email address will not be published.