തൃശൂർ: പ്രസിദ്ധ സിനിമാ സംവിധായൻ ബാബു നാരായണൻ(58 ) ഇന്ന് (29-06-2019) രാവിലെ തൃശൂരിലെ സരോജ നഴ്‌സിംഗ് ഹോമിൽ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു
ഭാര്യ: ജ്യോതി ബാബു
മക്കൾ : ദർശൻ, ശ്രവണ
പത്തപ്പിരിയത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും പരേതനായ തലക്കുളത്തുർ പിഷാരത്ത് നാരായണ പിഷാരടിയുടെയും മകനായി ജനിച്ച ബാബു കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് പഠനത്തിന് ശേഷം പ്രസിദ്ധ സംവിധായകൻ ഹരിഹരൻറെ അസിസ്റ്റൻറ് ആയിട്ടായിരുന്നു സിനിമാ രംഗത്തേക്ക് എത്തിയത്. 1989 ൽ തന്റെ ആദ്യ സിനിമ അനഘ സംവിധാനം ചെയ്തായിരുന്നു സംവിധാനരംഗത്തേക്ക് വരവറിയിച്ചത്. പിന്നീട് ശ്രീ അനിൽ കുമാറുമായി ചേർന്ന് 25 ഓളം ചിത്രങ്ങൾ അനിൽ-ബാബു എന്ന പേരിൽ സംവിധാനം ചെയ്തു. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം “നൂറാ വിത്ത് ലവ്”.
അനിൽ ബാബു കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചവയായിരുന്നു. കുടുംബങ്ങളെ കൂട്ടത്തോടെ സിനിമ തീയേറ്ററിൽ എത്തിച്ചവയായിരുന്നു അവയിൽ പലതും.
മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രേക്ഷകശ്രദ്ധ നേടി.
ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ തൃശൂർ റീജണൽ തീയറ്ററിൽ പൊതു ദർശനത്തിന് വെക്കുന്ന മൃതദേഹം അതിനു ശേഷം സംസ്കാര ചടങ്ങുകൾക്കായി തൃശ്ശൂര്‍ ചെമ്പൂക്കാവിലെ സ്വവസതിയില്‍ എത്തിക്കും.തുടർന്ന് സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.