Voice of Truth

പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ പഠിക്കുന്ന 3.14 ലക്ഷം വിദ്യാർത്ഥികളുടെ സിബിഎസ്ഇ പരീക്ഷാഫീസ് ഡൽഹി സർക്കാർ അടയ്ക്കുവാൻ ക്യാബിനറ്റ് തീരുമാനം

ന്യൂഡൽഹി: 2019-20 അദ്ധ്യയന വർഷത്തിൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ പഠിക്കുന്ന 3.14 ലക്ഷം വരുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് പൊതുഖജനാവിൽനിന്ന് അടയ്ക്കുവാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിൽ കൈക്കൊണ്ടു. 57.2 കോടി രൂപയാണ് ഒരു വർഷത്തേയ്ക്ക് പരീക്ഷാഫീസ് ഇനത്തിൽ ഡൽഹി സർക്കാർ സിബിഎസ്ഇക്ക് നൽകേണ്ടതായുള്ളത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ആണ് വിദ്യാഭ്യാസവകുപ്പിന്റെ ഈ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് തീരുമാനമെടുത്തത്. സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലും, വിദൂര വിദ്യാഭ്യാസ രീതിയിൽ (പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളിൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്ത് പഠിക്കുവാനുള്ള സംവിധാനം) പഠിക്കുന്ന കുട്ടികൾക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും.

പുതിയ തീരുമാനപ്രകാരം, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പരീക്ഷാഫീസിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പൂർണ്ണ ഇളവായിരിക്കും ലഭിക്കുക. ക്യാബിനറ്റ് തീരുമാനപ്രകാരം പരീക്ഷാ ഫീസ് വിദ്യാഭ്യാസ വകുപ്പ് സിബിഎസ്ഇയ്ക്ക് കൈമാറും.

പറത്താംക്ളാസിലെ സയൻസ് പ്രാക്ടിക്കൽ പരീക്ഷകളുടെ ഫീസും, പന്ത്രണ്ടാം ക്ലാസിലെ വൊക്കേഷണൽ വിഷയങ്ങൾക്കുള്ള ഫീസും ഇതിൽ ഉൾപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഡൽഹിയിലെ നടപ്പ് രീതികൾ അനുസരിച്ച്, മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയും, പതിനൊന്നാം ക്ലാസിലും പരീക്ഷാ നടത്തിപ്പിന്റെ ചുമതല വിദ്യാഭ്യാസവകുപ്പിനും, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളുടെ ഉത്തരവാദിത്തം സിബിഎസ്ഇയ്ക്കുമാണ്.

Leave A Reply

Your email address will not be published.