ന്യൂഡൽഹി: സോഷ്യൽമീഡിയയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി മൂന്ന് കേസുകൾ പരിഗണനയിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ എത്രയും വേഗം വിവരം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ സെപ്തംബർ 24നുള്ളിൽ വിവരം നൽകണമെന്ന് കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിക്ക് നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിഷയത്തിൽ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ തീരുമാനം എടുക്കേണ്ടതെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവർ വ്യക്തമാക്കി. കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കേസിന്റെ ശരിതെറ്റുകൾ ഇപ്പോൾ പരിശോധിക്കുന്നില്ല. മദ്രാസ്, മുംബൈ, മധ്യപ്രദേശ് ഹൈക്കോടതികളിൽ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നുള്ള ഫേസ്ബുക്കിന്റെ അപേക്ഷ പരിഗണിക്കുക മാത്രമാണ് ചെയ്തതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ രണ്ടും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിൽ ഓരോ കേസുകൾ വീതവുമാണ് ഫയൽ ചെയ്കിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളെടുക്കുമ്പോൾ ആധാർ പോലുള്ള തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തടസമാകുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.