ദേശീയത മുഖ്യ പ്രചാരണ വിഷയമാക്കി മുന്നേറുന്ന ബിജെപിയാണ് കോൺഗ്രസിന്റെ എക്കാലത്തെയും വലിയ എതിരാളി. കഴിഞ്ഞ ഇലക്ഷൻ പരാജയത്തെ തുടർന്ന് അതിജീവനം കോൺഗ്രസ് പാളയങ്ങളിൽ മുഖ്യ ചർച്ച വിഷയമായി മാറിയിരുന്നു. അതേത്തുടർന്ന്, കോൺഗ്രസ് നേതാക്കളെ ദേശീയത അഭ്യസിപ്പിക്കാൻ രാജ്യതലത്തിൽ കോൺഗ്രസ് പരിശീലന പരിപാടികൾ തുടങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം പിസിസി അധ്യക്ഷന്മാരുടെ യോഗത്തിലാണ് ദേശീയത പഠനത്തെ കുറിച്ച് തീരുമാനം ഉണ്ടായത്. ബിജെപിയെ നേരിടാൻ സ്വന്തം നേതാക്കളെ പ്രാപ്തരാക്കുകയാണ് മുഖ്യ ലക്‌ഷ്യം.. വിവിധ തലങ്ങളിൽ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ച് ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
സ്വാതന്ത്ര സമരത്തിലെ കോൺഗ്രസിൻ്റെ നിര്‍ണായക പങ്കും ഭരണകക്ഷിയായിരുന്ന സമയത്തെ നേട്ടങ്ങളുമായിരിക്കും പ്രധാന പഠനവിഷയം. പാകിസ്ഥാൻ വിഭജിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തിന് രൂപം നൽകിയപ്പോൾ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നൽകിയ സംഭാവനകളും ക്ലാസുകളിൽ ചര്‍ച്ചാവിഷയമാകും. ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക്ക് എന്നീ തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമങ്ങളും പരിശീല ക്ലാസുകളിൽ ഉണ്ടായിരുക്കുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിൽ നിന്ന് ക്ലാസുകളിലൂടെ ഉയര്‍ത്തെഴുന്നേൽക്കാൻ പാര്‍ട്ടിക്ക് സാധിക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. മുൻകാല നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടി സ്വന്തം പ്രത്യശാസ്ത്രങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
നേരത്തെ ആർഎസ്എസിൻ്റെ പ്രചാരക് മാതൃകയിൽ പ്രേരക്മാരെ നിയമിച്ച് പാർട്ടി അടിത്തറ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷനിൽ മൂന്ന് പ്രേരക്മാരെ നിയമിച്ച് പ്രവർത്തനം ശക്തമാക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. സെപ്റ്റംബർ അവസാനത്തോടെ പ്രേരക്മാരെ നിർദ്ദേശിക്കാൻ പിസിസി നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.