Voice of Truth

കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുമ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ അറിയാന്‍


വളരെ നിസാരമെന്ന് നാം കരുതുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ യഥാര്‍ത്ഥത്തില്‍ അത്ര ദോഷകരമാണോ? അഭിപ്രായം പറയും മുമ്പ് താഴെ പറയുന്ന സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒന്ന് വായിക്കുക. ഈ സംഭവം നടന്നത് വാഷിംഗ്ടണിലാണ്. വീഡിയോ ഗെയിമില്‍ മുഴുകിയിരിക്കുന്നതിനിടെ കരഞ്ഞ് ശല്യമുണ്ടാക്കിയ കുഞ്ഞിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ 20 കാരനായ പിതാവിന് കോടതി 27 വര്‍ഷം തടവ് ശിക്ഷ വിധിച്ചതോടെയാണ് ഈ കേസ് പുറം ലോകം അറിയുന്നത്. മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടത്തിയത് യു.എസ് വംശജനായ ആന്‍ഡ്രൂ കെയ്ത്ത് ജോണ്‍സ്റ്റന്‍ എന്ന യുവാവായിരുന്നു.


കമ്പ്യൂട്ടര്‍ ഗെയിമില്‍ പോരാളികളെ ശ്രദ്ധയോടെ തകര്‍ക്കുകയായിരുന്നു ജോണ്‍സ്റ്റന്‍. ആ സമയത്താണ് ഒരുമാസം പ്രായമുള്ള കുഞ്ഞ് ഉണര്‍ന്ന് കരയാന്‍ തുടങ്ങിയത്. കളിയില്‍ നിന്നും ശ്രദ്ധ പതറുന്നുവെന്ന് കണ്ട ജോണ്‍സ്റ്റന്‍ ക്രൂദ്ധനായി. കരഞ്ഞ കുഞ്ഞിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചു. കുഞ്ഞ് നിശ്ചലമായെന്ന് കണ്ടപ്പോള്‍ പിന്നീട് ഏറെ ശ്രദ്ധയോടെ വീഡിയോ ഗെയിമില്‍ മുഴുകി. ജോലികഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യ കുഞ്ഞ് മരിച്ചെന്ന് അറിഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങി. ജോണ്‍സ്റ്റന്‍ അപ്പോഴും മൗസ് ചലിപ്പിച്ച് പോരാളികളെ സ്‌ക്രീനില്‍ നേരിടുകയായിരുന്നു.

വീഡിയോ ഗയിം വാങ്ങിക്കൊടുത്തില്ല എന്ന കാരണത്താല്‍ സൗദി അറേബ്യയിലെ ജിസാനില്‍ അഞ്ചുവയസുകാരന്‍ അപ്പനെ വെടിവെച്ച് കൊന്ന സംഭവം ഏതാനും നാളുകള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂട്ടുകാര്‍ സ്ഥിരമായി കാണാറുള്ള ‘സോണി പ്ലേ സ്റ്റേഷന്‍’ എന്ന ഗെയിം വാങ്ങിത്തരണമെന്ന് കുട്ടി പിതാവിനോട് തുടര്‍ച്ചയായി ആവശ്യപ്പെടുമായിരുന്നു. ‘വാങ്ങിത്തരാം’ എന്ന് ഉറപ്പ് നല്‍കിയ ദിവസവും അപ്പന്‍ അതില്ലാതെ മടങ്ങിയെത്തിയത് കുട്ടിയെ രോഷാകുലനാക്കി. വസ്ത്രം മാറുന്നതിനിടെ മേശപ്പുറത്ത് വെച്ച് അപ്പന്റെ പിസ്റ്റള്‍ കൊണ്ട് തന്നെ അപ്പന്റെ നേരെ മകന്‍ നിറയുതിര്‍ത്തു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുമ്പ് പിതാവ് പിടഞ്ഞ് മരിച്ചു. അക്രമം പടര്‍ത്തുന്ന ധാരാളം വീഡിയോ ഗെയിമുകള്‍ തുടര്‍ച്ചയായി കാണുന്ന സ്വഭാവക്കാരനായിരുന്നുവത്രേ ഈ ബാലന്‍.


കേള്‍ക്കുമ്പോള്‍ കൗതുകമുള്ളതെങ്കിലും സംഗതി ഗൗരവമുള്ളതാണ്. അമേരിക്കയില്‍ നിന്നുമാണീ വാര്‍ത്ത. ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ കളിയില്‍ പൊറുതി മുട്ടിയ ഭാര്യ ഭര്‍ത്താവിനെ വില്‍ക്കാന്‍ പരസ്യം നല്‍കിയത് ലോകമെങ്ങും ചര്‍ച്ചയായി. അമേരിക്കക്കാരിയായ ആലീസ് ബാഡ്‌ലിയാണ് ഭര്‍ത്താവ് കെയിലിയെ വില്‍ക്കാന്‍ നെറ്റില്‍ പരസ്യം നല്‍കിയത്.
സദാസമയവും വീഡിയോ ഗെയിം കണ്ടുകൊണ്ടിരിക്കുക. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം പറയുക. ഭര്‍ത്താവിനെ കൊണ്ട് പൊറുതിമുട്ടിയ ഭാര്യ ഇക്കാര്യമെല്ലാം ഭര്‍ത്താവിന്റെ അമ്മയെ ധരിപ്പിച്ചു. ഉറക്കവും ശരിയായ ഭക്ഷണവുമില്ലാതെ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കളിക്കുകയും ഒറ്റയ്ക്ക് ചിരിക്കുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന മകന്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ അവനെ വിവാഹം കഴിപ്പിച്ചത്. എന്നാല്‍ കെയിലിന് ഒരുമാറ്റവും വന്നില്ല. കുടുംബത്തെ വേണ്ടാത്ത മകനെ ‘വില്‍ക്കാനുള്ള’ ആശയം ഭാര്യ അവതരിപ്പിച്ചതോടെ അമ്മ സമ്മതം മൂളി. അങ്ങനെ ഓണ്‍ലൈന്‍ കമ്പനിയായ ക്രെയിഗ്ലിസ്റ്റില്‍ പരസ്യം നല്‍കി. പരസ്യവാചകങ്ങള്‍ ഇങ്ങനെ… ‘നല്ലൊരു വീട്ടിലേക്ക് ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്. വീഡിയോ ഗെയിമാണ് ഇഷ്ടവിനോദം. 24 മണിക്കൂറിനിടയില്‍ എപ്പോഴെങ്കിലും ഒരു തവണ മാത്രം ഭക്ഷണം നല്‍കിയാല്‍മതി. അതുകൊണ്ട് ആര്‍ക്കും സംരക്ഷിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വീഡിയോ ഗെയിമിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണം.” ഇങ്ങനെ പോകുന്നു ആലീസ് നല്‍കിയ പരസ്യം. ഭര്‍ത്താവിന്റെ കണ്ണ് തുറപ്പിക്കാന്‍ തമാശയെന്ന മട്ടില്‍ ആലീസ് നല്‍കിയ പരസ്യത്തിന് പക്ഷേ, നല്ല പ്രതികരണമാണ് ലഭിച്ചത്. കെയിലിയെ നല്ല രീതിയില്‍ പരിശീലിപ്പിക്കാമെന്നായിരുന്നു ഒരു സ്ത്രീ നല്‍കിയ വാഗ്ദാനം. ഇനി വീഡിയോ ഗെയിമുകളില്‍ ജീവിതം തളച്ചിടില്ലെന്ന് അനേകം യുവാക്കള്‍ എഴുതി.


മാതാപിതാക്കളറിയാന്‍
മേല്‍പ്പറഞ്ഞതൊക്കെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമകളായ ചിലരുടെ അനുഭവം മാത്രമാണ്. എന്നാല്‍ ഇതൊന്നും മാതാപിതാക്കള്‍ മനസിലാക്കുന്നില്ല. കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതില്‍ എന്താണ് തെറ്റ്? ഇങ്ങനെയാണ് മിക്ക മാതാപിതാക്കളും ചിന്തിക്കുന്നത്. പുറത്തേക്ക് കുട്ടികളെ കളിക്കാന്‍ വിടാത്ത മാതാപിതാക്കള്‍ മക്കള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കുമല്ലോ എന്നും കരുതുന്നു. എന്നാല്‍ വളരെ ദോഷകരമായ ഒരവസ്ഥയിലേക്ക് നാം നമ്മുടെ കുഞ്ഞുങ്ങളെ തള്ളിവിടുകയാണ്. നിരന്തരം ഇത്തരം വീഡിയോ ഗെയിമുകളില്‍ അഭിരമിക്കുന്ന കുട്ടിയുടെ കണ്ണുകളെയും പഠനത്തെയും മാനസിക ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മറ്റ് കുട്ടികളുമായി ബന്ധം നഷ്ടപ്പെടുന്നതോടൊപ്പം വായനാശീലവും സാഹോദര്യമനോഭവുമെല്ലാം അവരില്‍ നിന്നും നഷ്ടപ്പെടുന്നു.


അസോചം സോഷ്യല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ ഒരു പഠന പ്രകാരം കൗമാരക്കാരില്‍ 82 ശതമാനം പേരും ആഴ്ചയില്‍ ആറുമണിക്കൂര്‍ മുതല്‍ 14 മുതല്‍ മണിക്കൂര്‍ വരെ കമ്പ്യൂട്ടര്‍ ഗെയി മിന് ഉപയോഗിക്കുന്നു. ഇത് കുട്ടികളുടെ സാമൂഹിക ഇടപെടലും വ്യക്തിബന്ധവും ഇല്ലാതാക്കുന്നു. ഒപ്പം പൊണ്ണത്തടിയും അക്രമണോത്സുകതയും വര്‍ദ്ധിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
”തുടര്‍ച്ചയായി കാണുന്ന ഈ വീഡിയോഗെയിമുകളിലൂടെ കുട്ടിയുടെ മനസില്‍ അക്രമവാസനയും പ്രതികാര മനോഭാവവുമാണ് വളരുന്നതെന്ന് തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകന്‍ പ്രഫ. കെ.എം.ഫ്രാന്‍സീസ് പറയുന്നു. ”എല്ലാ കളികളുടെയും ലക്ഷ്യം കൂട്ടായ്മ സൃഷ്ടിക്കുക എന്നുള്ളതാണ്. സമൂഹം ഒന്ന് ചേര്‍ന്ന് കളിക്കുന്ന കലാ-കായിക മത്സരങ്ങളിലെല്ലാം കൂട്ടായ്മയുണ്ട്. അവിടെ ജയവും പരാജയവുമുണ്ട്. സമൂഹമൊന്നാകെ ഈ കളിയില്‍ പങ്കാളിയാകുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഒറ്റയ്ക്കുള്ള പോരാട്ടമാണ്. ഇത്തരം ഗെയിമുകളില്‍ 99 ശതമാനവും അക്രമാധിഷ്ഠിതമാണ്. കൂട്ടായ്മാസ്വഭാവം നഷ്ടപ്പെടുത്തി അവനെ സമൂഹത്തിനെതിരെ പോരാടാന്‍ ഇത് പ്രചോ ദിപ്പിക്കുന്നു. ഒപ്പം എതിരാളിയെ ഇല്ലാതാക്കി ഒറ്റയ്ക്ക് ജയിക്കാനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇത്തരം ഗെയിമുകള്‍ സമൂഹത്തില്‍ ഒരു ഫൈറ്റ് സംസ്‌കാരമാണ് സൃഷ്ടിച്ചെടുക്കുന്നത്.”


”കമ്പ്യൂട്ടര്‍ ഗെയിമുകളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് സിബി മാത്യൂസ് ഐ.പി.എസ് പറഞ്ഞു. മുറിയില്‍ ഒറ്റയ്ക്കിരുന്ന് കമ്പ്യൂട്ടറില്‍ ഗെയിം ആസ്വദിക്കുന്ന കുട്ടി പുറമേ ആര്‍ക്കും ദോഷമില്ലെന്ന് തോന്നാം. എന്നാല്‍ സമൂഹവുമായുള്ള നല്ല ബന്ധം അവന്‍ ഇല്ലാതാക്കുന്നു. അതൊടൊപ്പം നശീകരണ പ്രവണതയും അവരില്‍ വളരുന്നു. ഒറ്റ കുട്ടികളുള്ള ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന പല സംഭവങ്ങളും ഇത്തരം ഗെയിമുകളിലൂടെ സമൂഹത്തില്‍ സംഭവിക്കുന്ന മൂല്യച്യുതി വെളിപ്പെടുത്തുന്നതാണ്. മോശം വീഡിയോ ഗെയിമുകളും മറ്റും കുട്ടികള്‍ക്ക് സമ്മാനിച്ച് ബാല പീഡനം നടത്തുന്നവരും ധാരാളമാണിന്ന്. ഇനിയെങ്കിലും ഇതില്‍ പതിയിരിക്കുന്ന അപകടം നാം കാണാതിരിക്കരുത്.” സിബി മാത്യൂസ് ഓര്‍മിപ്പിക്കുന്നു.


”എന്നാല്‍ ഇത്തരം കമ്പ്യൂട്ടര്‍ ഗെയിമുകള്‍ പൂര്‍ണമായും പരിത്യജിച്ചാലും കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹൃതമാകില്ലെന്നാണ്” ഫാ. ജിമ്മി പൂച്ചക്കാട്ട് പ്രതികരിച്ചത്. ”പാചക ഗ്യാസ് വളരെ അപകടം പിടിച്ചതാണല്ലോ. അതുകൊണ്ട് ആരെങ്കിലും ഗ്യാസ് ഉപയോഗിക്കാതിരിക്കുന്നില്ലല്ലോ. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യവും ഇങ്ങനെ തന്നെ. അതില്‍ നന്മയുണ്ട്. അതിലേറെ ദോഷവുമുണ്ട്. ഇക്കാര്യം കുട്ടികളേക്കാള്‍ വിവേകപൂര്‍വ്വം മനസിലാക്കേണ്ടത് മാതാപിതാക്കളാണ്. അധ്യാപകരും വികാരിയച്ചനുമെല്ലാം ഇക്കാര്യത്തില്‍ ജ്ഞാനമുണ്ടായിരിക്കണം. അവരുടെ വിജ്ഞാനത്തെ ഉദ്ദീപിപ്പിക്കുകയും സമൂഹത്തിന് പ്രയോജനമുള്ളവരാക്കി മാറ്റുകയും ചെയ്യുന്ന പ്രോഗ്രാമുകള്‍ നല്‍കണം.” അദ്ദേഹം പറയുന്നു.
”കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നെഗറ്റീവ് കേപ്പബിലിറ്റിയാണ് കുട്ടികളില്‍ വളര്‍ത്തുന്നതെന്ന് എഴുത്തുകാരനായ പോള്‍ മണലില്‍ ചൂണ്ടിക്കാട്ടുന്നു. ശിശുക്കള്‍ക്ക് സമ്മാനിക്കുന്ന കളിപ്പാട്ടങ്ങളില്‍ പലതും തോക്കും പീരങ്കിയുമൊക്കെയല്ലേ? ഇത്തരം കളിപ്പാട്ടങ്ങളാണ് അവരെ കൂടുതലായി ആകര്‍ഷിക്കുന്നത്. ഇത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്. വളര്‍ന്ന് വരുമ്പോള്‍ സ്വാഭാവികമായും അക്രമപ്രവണതയുള്ള കമ്പ്യൂട്ടര്‍ ഗെയിമുകളിലേക്കും അവര്‍ ആകര്‍ഷിക്കപ്പെടുന്നു. മനുഷ്യനില്‍ നന്മയും സ്‌നേവും കാരുണ്യവുമൊക്കെ സൃഷ്ടിക്കുന്ന ഗെയിമുകളൊന്നും ആരും ഒരിടത്തും നിര്‍മ്മിക്കുന്നില്ലല്ലോ. ദുഷ്ടശക്തികളായിരിക്കും മിക്ക ഗെയിമുകളിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. കുട്ടികള്‍ക്ക് ബൗദ്ധികജ്ഞാനം ലഭിക്കും എന്ന് കരുതിയാണ് പല മാതാപിതാക്കളും ഇത്തരം ഗെയിമുകള്‍ മക്കള്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ബുദ്ധി കേവലം അറിവ് സമ്പാദനമല്ല. നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നതാണ്. മക്കള്‍ നന്മയിലക്ക് വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ വിവേചനബുദ്ധിയോടെ പെരുമാറിയില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ കൈവിട്ട് പോകും.”


എല്ലാ കളികളും പോരാടാനുള്ള ആഹ്വാനം
”മുതിര്‍ന്നവരും കുട്ടികളും ആവേശത്തോടെ കാണാറുള്ള ടോം ആന്റ് ജെറിയില്‍ പോലും കബളിപ്പിച്ചുകൊണ്ട് എതിരാളിയെ വകവരുത്താനുള്ള ശ്രമമാണ് ഒളിഞ്ഞിരിക്കുന്നതെന്ന്” പ്രമുഖ പ്രോ ലൈഫ് പ്രവര്‍ത്തകനായ അബ്രഹാം ജേക്കബ് പറഞ്ഞു. ”എല്ലാ കമ്പ്യൂട്ടര്‍ ഗെയിമുകളും ഇങ്ങനെയാണ്. നിന്നെ ഇല്ലാതാക്കുന്നതാണ് എന്റെ വിജയം. ഇതാണതിന്റെ ആശയം. വെടിവെച്ചും കീഴ്‌പെടുത്തിയും പരാജയപ്പെടുത്തുക. കുട്ടികള്‍ക്കിടയില്‍ അക്രമ പ്രവണത വളരുന്നതായി മിക്ക സ്‌കൂളുകളിലെയും അധ്യാപകര്‍ പരാതിപ്പെടാറുണ്ട്. ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കാണുന്ന കുട്ടികള്‍ തന്നെയാണ് മിക്കവാറും പ്രശ്‌നക്കാര്‍. അഞ്ചു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. അവര്‍ക്ക് നാം നന്മ നല്‍കിയാല്‍ നന്മയിലേക്കും തിന്മ നല്‍കിയാല്‍ തിന്മയിലേക്കും നയിക്കപ്പെടും. മാതാപിതാക്കളുടെ തെരഞ്ഞെടുപ്പാണ് അതി പ്രാധാനം..”


കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ലോകമെങ്ങും ശ്രദ്ധ നേടിയ ഒരിനമാണ് ‘ദേഷ്യക്കാരായ പക്ഷികള്‍’ എന്ന് പേരിട്ടിരിക്കുന്ന ഗയിം. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ച് കൊണ്ടുപോയി കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന പന്നികളെ അക്രമിച്ച് കീഴടക്കുന്ന പക്ഷികളെ സഹായിക്കുക എന്നതാണ് കളിക്കാരന്റെ ദൗത്യം. പക്ഷികളെ സഹായിച്ച് പന്നികളെ അക്രമിക്കണം. 40 കോടിയിലേറെപ്പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ഗെയിം ദിവസവും 25 ലക്ഷം പേര്‍ കളിക്കുന്നു. തുടര്‍ച്ചയായ ഈ കളിയിലൂടെ ശത്രുവിനെ തച്ചുടയ്ക്കാനുള്ള ആവേശമാണ് കളിക്കാരില്‍ ഉണരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഹീനമായ ഗെയിമുകളും ഇപ്പോള്‍ പ്രചാരത്തിലെത്തിക്കഴിഞ്ഞു. കുറ്റകൃത്യങ്ങളിലേക്കും അനാശാസ്യപ്രവണതകളിലേക്കുമാണ് അത് കുട്ടികളെ നയിക്കുന്നത്. ജപ്പാനില്‍ നിന്നും ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്ന റേപ്പ് ഗെയിമുകള്‍ മാനഭംഗത്തെ വിനോദമാക്കി ചിത്രീകരിച്ച് ലൈംഗിക വൈകൃതങ്ങളുടെ ലോകത്തേക്ക് കൗമാരക്കാരെയും യുവജനങ്ങളെയും നയിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സൈറ്റുകള്‍ വില്‍പ്പന പിന്‍വലിച്ചെങ്കിലും വ്യാജന്‍ ധാരാളമായി വില്‍ക്കപ്പെടുന്നു.


നോര്‍വേയില്‍ 70 ഓളം പേരെ സ്‌ഫോടനത്തിലും വെടിവെയ്പിലുമായി കൊലപ്പെടുത്തിയ ബ്രെവിക്കിന് കൊലക്കുറ്റത്തിന് പ്രചോദനവും പരിശീലവുമായി മാറിയത് വീഡിയോ ഗയിമുകളായിരുന്നു. കോള്‍ ഓഫ് ഡ്യൂട്ടി എന്ന് അറിയപ്പെട്ടിരുന്ന ഈ ഗെയിം ബ്രെവിക്ക് തുടര്‍ച്ചയായി കളിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് വീഡിയോ ഗെയിമുകള്‍ക്ക് കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അക്രമസ്വഭാവമുള്ള ഗെയിമുകള്‍ നിരോധിക്കണമെന്നും ഇക്കഴിഞ്ഞ മെയ് മൂന്നിന് ഇന്ത്യന്‍ വംശജനായ എം.പി. കീത്ത് വാസ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു. പല രാജ്യങ്ങളും ഇപ്പോള്‍ ഇത്തരം വീഡിയോ ഗയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെ ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞ് പിന്‍വാങ്ങാന്‍ ഇനിയെങ്കിലും നാം കുട്ടികളെ പഠിപ്പിക്കണം. ഏകാന്തത മൂലമുണ്ടാകുന്ന വിരസതയില്‍ നിന്നൊഴിവാകാനാണ് മിക്ക കുട്ടികളും വീഡിയോ ഗെയിമുകളില്‍ ആകര്‍ഷിക്കപ്പെടുന്നത്. അതുകൊണ്ട് മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. കുട്ടികളൊടൊരുമിച്ച് ഫലപ്രദമായി സമയം ചെലവഴിക്കുകയും അവര്‍ക്ക് സ്‌നേഹവും ആത്മധൈര്യവും നല്‍കുകയും ചെയ്ത് നോക്കൂ. ഇത്തരം ഗെയിമുകളില്‍ നിന്നും അവര്‍ പിന്തിരിഞ്ഞ് കൊള്ളും.

Leave A Reply

Your email address will not be published.