ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളില്‍ നിര്‍ണായകമായ ഒരേടാണ് ക്ലോണിംഗ്. 1996 മുതല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ജൈവശാസ്ത്രരംഗത്തെ വിപ്ലവകരമായ ഈ നേട്ടം എണ്ണമറ്റ ഗവേഷണങ്ങള്‍ക്കുള്ള വാതില്‍ തുറന്നു നല്‍കിയിരിക്കുന്നു. സ്വാഭാവികമായി ലൈംഗിക പ്രത്യുല്പാദനം മാത്രം നടക്കുന്ന ജീവിവര്‍ഗങ്ങളില്‍, വ്യത്യസ്തമായൊരു മാര്‍ഗം പരീക്ഷിച്ച് വിജയിച്ച ശാസ്ത്രജ്ഞരെ ലോകം ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. ജീവനുള്ള ഒരു ശരീരത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു കോശത്തില്‍നിന്ന് ആ ജീവിയുടെ ഒരു പതിപ്പിനെ തന്നെ സൃഷ്ടിക്കുകയാണ് ക്ലോണിംഗില്‍ ചെയ്യുന്നത്. 1996 മുതല്‍ ഇങ്ങോട്ട് പലതരം സസ്തനികളിലും ക്ലോണിംഗ് പരീക്ഷിച്ച് വിജയിച്ച ശാസ്ത്രലോകം മനുഷ്യനില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമോ എന്നതിനെ ആകാംക്ഷയോടെ ലോകം ഉറ്റുനോക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ക്ലോണിംഗിന് ചില വകഭേദങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം മനുഷ്യനില്‍ ക്ലോണിംഗ് പരീക്ഷിക്കുന്നതിനെ ആഗോളസമൂഹം ഒന്നടങ്കം എതിര്‍ക്കുകയും രാജ്യങ്ങള്‍ നിയമംമൂലം അതിനെ നിരോധിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും ജീവശാസ്ത്രരംഗം ക്ലോണിംഗിന്റെ അനന്ത സാധ്യതകളെ ഏറെ പ്രതീക്ഷയോടെ കാണുന്നു. 2018-ല്‍ ആദ്യമായി ഒരു പ്രൈമേറ്റില്‍ ക്ലോണിംഗ് പരീക്ഷിച്ച് വിജയിച്ച പശ്ചാത്തലത്തില്‍, ആ സാങ്കേതിക വിദ്യയുടെ സാധ്യതകളെയും വെല്ലുവിളികളെയും നാം ഇവിടെ വിചിന്തനവിഷയമാക്കുന്നു.
ക്ലോണിംഗിനെക്കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്തുതുടങ്ങുന്നതിനും മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് മുതല്‍ ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയുടെ ചരിത്രം ആരംഭിക്കുന്നു. 1963-ല്‍ ഒരു കാര്‍പ്പ് മത്സ്യത്തില്‍ ക്ലോണിംഗ് വിജയകരമായി നടത്തിയെന്ന് അവകാശപ്പെട്ടത് ഒരു ചൈനീസ് ശാസ്ത്രജ്ഞനായിരുന്നു. അതിന് മുമ്പും പിമ്പും പല രാജ്യങ്ങളിലായി നടന്ന അനവധി ഗവേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഡോളി എന്ന ആട്ടിന്‍കുട്ടി 1996-ല്‍ ജനിക്കുന്നത്. ക്ലോണിംഗിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളില്‍ പ്രധാനം ദാതാവിന്റെ ശരീരകോശത്തിന്റെ ന്യൂക്ലിയസ് ഒരു അണ്ഡത്തിന്റെ ന്യൂക്ലിയസിന്റെ സ്ഥാനത്ത് നിക്ഷേപിച്ച് നടത്തുന്ന സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ ആണ്. ഇന്നോളം വാര്‍ത്തകളില്‍ ഇടംപിടിച്ച ക്ലോണിംഗുകളില്‍ മിക്കവയും ഈ രീതിയില്‍ ചെയ്തവയാണ്.
ക്ലോണിംഗ് എന്ന നൂതന സാങ്കേതികവിദ്യ പൂര്‍ണമായ ഒരു വിജയത്തിലേക്ക് എത്തിയെന്ന് അവകാശപ്പെടാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഉള്‍ക്കാഴ്ചകള്‍ അമൂല്യമാണ്. സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നതാണ് ഇന്ന് ശാസ്ത്രം പരീക്ഷിച്ച് വിജയിച്ച ക്ലോണിംഗിന്റെ പിന്നിലെ അടിസ്ഥാന സാങ്കേതിക വിദ്യ. സൊമാറ്റിക് സെല്‍ എന്നാല്‍ മനുഷ്യശരീരത്തില്‍ എവിടെയുമുള്ള പ്രത്യുത്പാദനശേഷിയില്ലാത്ത സാധാരണ ഒരു കോശം എന്നാണ് അര്‍ത്ഥം. അത്തരമൊരു കോശത്തിന്റെ ന്യൂക്ലിയസ് ഉപയോഗിച്ചാണ് അതേ വ്യക്തിയുടെ തനി പകര്‍പ്പ് നിര്‍മിക്കാമെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നത്. ഒരു മില്ലിമീറ്ററിന്റെ ആയിരത്തില്‍ ഒരംശം മാത്രമുള്ള ഒരു ശരീരഭാഗത്തില്‍ ഒരു വ്യക്തിയുടെ സകല സ്വഭാവസവിശേഷതകളും ശാരീരിക ഗുണങ്ങളും പൂര്‍ണമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവ് അത്യത്ഭുതകരമാണ്.
1997-ല്‍ പുറംലോകം അറിഞ്ഞ ഡോളി എന്ന ആട്ടിന്‍കുട്ടിയുടെ ജനനമാണ് ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ക്ലോണിംഗ്. 1996 ജൂലൈ അഞ്ചിന് ജനിച്ചുവെങ്കിലും ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ആ വാര്‍ത്ത അവളുടെ സൃഷ്ടാക്കള്‍ പുറംലോകത്തെ അറിയിച്ചത്. ഇയാന്‍ വില്‍മുട്ട് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ റോസ്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഡോളിയുടെ ക്ലോണിംഗ് നടന്നത്. 2003 ഫെബ്രുവരിയില്‍ ഏഴുവയസ് തികയുംമുമ്പേ ഡോളി മരിച്ചു. വാതരോഗവും ശ്വാസകോശ രോഗവും കൊണ്ട് അവശനിലയിലായിരുന്നു ഡോളി. പിന്നീടിങ്ങോട്ട് വിവിധ രാജ്യങ്ങളിലായി അനവധി ജീവികള്‍ ക്ലോണിംഗിലൂടെ പിറന്നു. അവയില്‍ നായയും പൂച്ചയും കുതിരയും പശുക്കളുമെല്ലാം ഉള്‍പ്പെടുന്നു. ഒടുവില്‍ 2017-ല്‍ ആദ്യമായി മനുഷ്യനുള്‍പ്പെടുന്ന പ്രൈമേറ്റ് കുടുംബത്തില്‍പെട്ട രണ്ടു കുരങ്ങുകള്‍ ചൈനയില്‍ സൃഷ്ടിക്കപ്പെട്ടതായി 2018 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത് ക്ലോണിംഗ് രംഗത്തെ ഒരു നാഴികകല്ലായി വിശേഷിപ്പിക്കപ്പെടുന്നു.
ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ ജൈവശാസ്ത്രലോകം ലക്ഷ്യംവയ്ക്കുന്ന നേട്ടങ്ങള്‍ പ്രധാനമായും രണ്ടു വിധത്തിലാണ്. ഒന്ന്, പ്രത്യുത്പാദനപരം. മറ്റൊന്ന് ചികിത്സാര്‍ത്ഥം. മനുഷ്യശരീരത്തിലും മനുഷ്യനുവേണ്ടിയും ക്ലോണിംഗ് പ്രായോഗികപഥത്തില്‍ എത്തിയേക്കാം എന്ന സാധ്യത ഉയര്‍ന്നപ്പോള്‍ അതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാവുകയുണ്ടായി. എതിര്‍പ്പിന്റെ സ്വരങ്ങള്‍ വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നു. ചികിത്സാപരമായ ആവശ്യങ്ങള്‍ക്കായാലും മനുഷ്യകോശങ്ങള്‍ ഉപയോഗിച്ചുള്ള ക്ലോണിംഗ് ഇപ്പോഴും ഗവേഷണങ്ങളുടെ ഘട്ടത്തിലാണ്. ശാസ്ത്രകാരന്മാര്‍ ഇന്ന് മുന്നില്‍ കാണുന്ന രീതിയില്‍ ക്ലോണിംഗിന്റെ ഫലപ്രാപ്തി പൂര്‍ണമായി തെളിയിക്കപ്പെട്ടാല്‍ അത് ചികിത്സാരംഗത്ത് ഒരുപക്ഷേ വിപ്ലവം സൃഷ്ടിച്ചേക്കാം. എന്നാല്‍ അവിടെയും പുതുതായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യഭ്രൂണത്തിന്റെ ഉപയോഗം നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കിടയില്‍ വിവിധ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ വിജയകരമായി ക്ലോണിംഗ് നടത്തപ്പെട്ടു എങ്കിലും, ഇനിയും പരിഹരിക്കപ്പെടാത്ത ചില പ്രതിസന്ധികള്‍ ഈ സാങ്കേതികവിദ്യയ്ക്കുണ്ട്. അതില്‍ പ്രധാനമായൊന്ന്, ദാതാവായ ജീവിയുടെ പ്രായം പുതുതായി സൃഷ്ടിക്കപ്പെടുന്ന കുഞ്ഞിനും ബാധകമാണ് എന്നുള്ളതാണ്. ഡോളി എന്ന ചെമ്മരിയാട് ചെറുപ്രായത്തില്‍തന്നെ വാര്‍ദ്ധക്യസഹജമാം വിധം രോഗബാധിതയായി മരണപ്പെട്ടത് അതിന് ഉദാഹരണമാണ്. ഇത്തരത്തില്‍ ക്ലോണിംഗ് വഴി സൃഷ്ടിക്കപ്പെടുന്ന ജീവികളില്‍ പലവിധത്തിലുള്ള കുറവുകള്‍ ദൃശ്യമാകുന്നത് ഇന്നും ഒരു പരിധിവരെ അപരിഹാര്യമായി തുടരുന്നു. പില്‍ക്കാലത്തും ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട പല ജീവികള്‍ക്കും ആയുസ് കുറവായിരുന്നു. ഇത്തരം പരിമിതികളും പോരായ്മകളും ക്ലോണിംഗ് മനുഷ്യനില്‍ പ്രയോഗിക്കാന്‍ പാടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുവാന്‍ അനേകര്‍ക്ക് പ്രേരകമാണ്.
മനുഷ്യനില്‍ ഏതു സാഹചര്യത്തിലായാല്‍തന്നെയും ക്ലോണിംഗ് പരീക്ഷിക്കുന്നതിനെതിരായി ഉയരുന്ന വാദഗതികള്‍ പലതുണ്ട്. സ്വാഭാവികമായി കുഞ്ഞുങ്ങള്‍ ജനിക്കുക സാധ്യമല്ലാത്ത പ്രത്യേക സാഹചര്യത്തിലായാലും ദമ്പതിമാര്‍ ക്ലോണിംഗിലൂടെ കുഞ്ഞിനെ ജനിപ്പിക്കാന്‍ തീരുമാനിച്ചാല്‍, അത് അവരുടെ മകനോ മകളോ ആകുന്നില്ല എന്നതാണ് വാസ്തവം. കോശം ദാനം ചെയ്യുന്ന വ്യക്തിയുടെ ഒരു തനിപകര്‍പ്പ് അഥവാ ഒരു ഐഡന്റിക്കല്‍ ട്വിന്‍ ആയിരിക്കും കുഞ്ഞ്. അതിനാല്‍ ബന്ധങ്ങളുടെ തലത്തിലും ക്ലോണിംഗ് മുന്നോട്ടുവയ്ക്കുന്നത് സങ്കീര്‍ണമായ ആശയക്കുഴപ്പങ്ങളാണ്.