Voice of Truth

മലയോര കര്‍ഷകരെക്കാള്‍ വലിയ നിയലംഘകര്‍ പട്ടണങ്ങളിലാണ്!

കഴിഞ്ഞ കുറെ നാളുകളായി എല്ലാവരുടെയും ചര്‍ച്ചയുടെയും വിമര്‍ശനത്തിന്റെയും ഒരു വിഷയം മലയോര കര്‍ഷകരാണ്. ഇവിടുത്തെ കാലാവസ്ഥാമാറ്റം, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ സര്‍വ പ്രതിഭാസങ്ങളുടെയും ഉത്തരവാദികള്‍ മലയോര കര്‍ഷകര്‍ ആണെന്നാണ് സ്ഥാപിച്ചുവച്ചിരിക്കുന്നത്. അഥവാ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിഭാസമാണ്. ഇതു മുഴുവന്‍ മലയോര കര്‍ഷകര്‍ കാരണമാണോ?

ഇപ്പോള്‍ ഇതാ വടക്കേ ഇന്ത്യയില്‍ പലയിടത്തും പ്രളയമാണ്. ബോംബെയില്‍ എല്ലാ വര്‍ഷവും പ്രളയമാണ്. അമേരിക്കയില്‍ എല്ലാ വര്‍ഷവും കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുന്നു. അന്റാര്‍ട്ടിക്കയില്‍ വളരെയധികം മഞ്ഞ് ഉരുകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്നു. സമീപകാലത്ത് പല നഗരങ്ങളും മുങ്ങിപ്പോകും എന്നാണ് കരുതപ്പെടുന്നത്. ആഗോള താപവര്‍ധനയുടെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ മലയോര കര്‍ഷകരുടെ പങ്ക് എത്ര ഉണ്ടാകുമോ ആവോ! അന്തരീക്ഷതാപം കൂടുന്നത് മലയോര കര്‍ഷകര്‍ കൃഷി ചെയ്യുന്നതുകൊണ്ട് അല്ലല്ലോ. ധാരാളം വാഹനങ്ങളും ഫാക്ടറികളും പുക തുപ്പുന്നതുകൊണ്ടല്ലേ? ഇതിനെപ്പറ്റി കാര്യമായ ഒരു ചര്‍ച്ചയും ഉണ്ടാകുന്നില്ല!

ഇപ്പോള്‍ ഇതാ മലയോര കര്‍ഷകരെക്കാള്‍ വലിയ കയ്യേറ്റക്കാരുടെയും നിയമലംഘകരുടെയും കഥകള്‍ നഗരങ്ങളില്‍നിന്ന് പുറത്തുവരുന്നു. സംസ്ഥാനത്ത് തീരദേശ നിയമം ലംഘിച്ച് പണിത 1800-ഓളം കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും എന്നാണ് ഇപ്പോഴത്തെ കണക്ക്. തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ കണക്കെടുക്കുവാന്‍ പരിസ്ഥിതി വകുപ്പും തീരദേശ പരിപാലന വകുപ്പും തീരുമാനിച്ചിട്ടുണ്ട്. നാല് മാസത്തിനകം ഇത് പൂര്‍ത്തിയാക്കണം. അപ്പോള്‍ എത്ര കെട്ടിടങ്ങള്‍ നിയമം ലംഘിച്ചത് കാണും. ഇവയെല്ലാം പ്രളയത്തിന് എത്ര കാരണമായിട്ടുണ്ടാകും. ഇവയില്‍ എത്ര എണ്ണം വയലും തോടും നികത്തി നിര്‍മിച്ചതാകും. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തത്വം വച്ച് ഇവയെല്ലാം പൊളിക്കേണ്ടി വരില്ലേ? അങ്ങനെ വന്നാല്‍ അവ കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പാര്‍പ്പിട, മലിനീകരണ, സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ എത്ര വലുതായിരിക്കും.

മലയോര കര്‍ഷകര്‍ക്കെതിരെ ഒച്ചവയ്ക്കുന്ന ആരുംതന്നെ തീരദേശ അനധികൃത കെട്ടിടങ്ങളുടെ കാര്യം വരുമ്പോള്‍ മിണ്ടുന്നതായി കാണുന്നില്ല. നേരോടെയെന്നും നിഷ്പക്ഷമെന്നും ഭയമില്ലാതെയെന്നും സത്യസന്ധമായെന്നും ഒക്കെ പറയുമ്പോഴും പറയുന്നതുപോലെയല്ലല്ലോ കാര്യങ്ങള്‍!

Leave A Reply

Your email address will not be published.