Voice of Truth

സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിട്ടറിംഗ് സിസ്റ്റവുമായി കേരളാ പോലിസ്…. ആദ്യമായി കൊച്ചിയില്‍

എറണാകുളം: ആധുനിക സുരക്ഷാസംവിധാനമായ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിട്ടറിംഗ് സിസ്റ്റം കൊച്ചിയില്‍ നടപ്പാകുന്നതോടെ, അതിൻ്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ഭവനങ്ങള്‍ക്കും പൂര്‍ണ്ണ പരിരക്ഷ ഉറപ്പുവരുത്തപ്പെടും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മോഷണ, അക്രമ ശ്രമങ്ങള്‍ വളരെ എളുപ്പത്തിലും വേഗത്തിലും പോലിസ് കണ്ട്രോള്‍ റൂമില്‍ തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സംവിധാനമാണ് CIMSന്‍റെ ഭാഗമായി സ്ഥാപിക്കപ്പെടുക.

വിദേശരാജ്യങ്ങളില്‍ നടപ്പാക്കപ്പെട്ടിട്ടുള്ള ഇത്തരം അത്യന്താധുനിക സംവിധാനങ്ങള്‍ ഇന്ന് നമുക്ക് പരിചയമുള്ളത് ഹോളിവുഡ് സിനിമകളിലൂടെയും മറ്റുമാണ്. എന്നാല്‍, ഈ സ്വപ്ന സംവിധാനം നടപ്പാക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് കേരള പോലിസ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ ഇത് നടപ്പാകുന്നതോടെ, ബാങ്കുകള്‍, ജ്വല്ലറികള്‍, ഭവനങ്ങള്‍ തുടങ്ങി അതിസുരക്ഷ ആവശ്യം വരുന്ന എല്ലായിടത്തും പോലിസിന്റെ നിത്യശ്രദ്ധ ഉറപ്പുവരുത്തപ്പെടും.

CIMSന്‍റെ ഭാഗമായ സെക്യൂരിറ്റി സിസ്റ്റം, സുരക്ഷ ആവശ്യമുള്ള ഇടങ്ങളെയും, പോലിസ് കണ്ട്രോള്‍ റൂമിനെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഈ സംവിധാനത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇടങ്ങളായിരിക്കും സുരക്ഷാപരിധിയില്‍ ഉള്‍പ്പെടുക. CIMSന്‍റെ നിരീക്ഷണ സംവിധാനം സ്ഥാപിച്ചിട്ടുള്ള ഇടങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള സുരക്ഷാഭീഷണി ഉണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ പോലീസിന് അവിടെ എത്തിച്ചേരുവാന്‍ കഴിയും. കേരള പോലിസിനുവേണ്ടി CIMSഉം അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്ന ജോലി കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയില്‍ ജൂലായ്‌ മാസത്തോടെ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിട്ടറിംഗ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകും എന്ന് കരുതുന്നു. സമീപഭാവിയില്‍ മറ്റു ജില്ലകളിലും പട്ടണങ്ങളിലും നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

CIMSന്‍റെ ഭാഗമായി പോലിസ് കണ്ട്രോള്‍ റൂമുകളില്‍ പ്രത്യേക ഉപകരണങ്ങളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും, ക്യാമറകളോടും, ആപല്‍സൂചനകള്‍ അറിയിക്കാനുള്ള അലാറത്തോടും കൂടിയ സോഫ്റ്റ്‌വെയറും സ്ഥാപിക്കപ്പെടും. സുരക്ഷാസംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ അപരിചിതരുടെ കടന്നുകയറ്റമോ സംശയകരമായ മറ്റെന്തെങ്കിലുമോ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം കണ്ട്രോള്‍ റൂമില്‍ അറിയുകയും, പോലിസ് സംഭവം സ്ഥിരീകരിച്ച ശേഷം നടപടിയിലേയ്ക്ക് നീങ്ങുകയും ചെയ്യും. അതിക്രമങ്ങള്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും CIMSന്‍റെ ഭാഗമായി ഉണ്ടായിരിക്കും.

വിവിധ തരത്തില്‍ പെട്ട പ്രത്യേക സെന്‍സറുകളും, ഫെയ്സ് റെക്കഗ്നീഷന്‍ ഫീച്ചറോടുകൂടിയ ക്യാമറകളുമാണ് സ്ഥാപിക്കപ്പെടുക. പരിധിക്കുള്ളില്‍ പ്രവേശിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ പോലും സോഫ്റ്റ്‌വെയര്‍ വഴി സാധിക്കും. സംഭവം നടക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും, വ്യക്തിയുടെ വിവരങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ട്രോള്‍ റൂം വഴി തൊട്ടടുത്തുള്ള പോലിസ് സ്റ്റേഷനില്‍ എത്തിക്കുവാനും, കുറ്റകൃത്യം തടയുവാനും കഴിയും.

CIMSന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴിയായാണ് ഈ സുരക്ഷാപരിധിയില്‍ ഒരു സ്ഥാപനത്തിനെയോ ഭവനത്തെയോ ഉള്‍പ്പെടുത്താന്‍ കഴിയുക. അതിനായി പോലിസ് ഡിപ്പാര്‍ട്ട്മെന്റിലോ കെല്‍ട്രോണിലോ രജിസ്റ്റര്‍ ചെയ്‌താല്‍ മതിയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ വിവരമനുസരിച്ച് ഈ പദ്ധതിയുടെ ഭാഗമായി തുടരുന്നതിന് മാസം നാനൂറ് രൂപ നല്‍കേണ്ടതുണ്ട്. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് മാറ്റമുണ്ടാകും.

Leave A Reply

Your email address will not be published.