വിവാഹ ജീവിതത്തിൽ ജീവിതപങ്കാളിയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർക്കും, പലവിധ കുറവുകളാൽ വിവാഹ മോചനം ആഗ്രഹിക്കുന്നവർക്കും ചൈനക്കാരായ ദു യുവാന്‍ഫയുടെയും, ഷു യുവായുടെയും ജീവിതം ഒരു പാഠപുസ്തകമാണ്.
ദു യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മധുര സ്വപ്നങ്ങളായിരുന്നു മനം നിറയെ. പ്രതീക്ഷയ്ക്കു വിഭിന്നമായി വിവാഹത്തിന്റെ അഞ്ചാം മാസം തന്റെ 20-ാം വയസ്സില്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. രോഗവിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച നേരെ നോക്കാന്‍ പോലുമാവാതെ തളര്‍ന്നു കിടക്കുന്ന ഭാര്യയെയാണ്.
അവളെ പരിചരിയ്ക്കുവാനായി ദു യുവാന്‍ഫ ഖനിയിലെ ജോലി ഉപേക്ഷിച്ചു. ചെറിയ കൃഷിപ്പണികള്‍ ചെയ്ത് അവര്‍ക്കുള്ള ഉപജീവനത്തിനും, മരുന്നിനുമുള്ള വക തേടുവാൻ അയാൾ ആരംഭിച്ചു. ജോലിക്കു പോവും മുമ്പ് അവള്‍ക്കുള്ള മരുന്നും ഭക്ഷണവും കൊടുത്ത് ബെഡ്പാന്‍ വൃത്തിയാക്കി വെയ്ക്കുകയായിരുന്നു പതിവ്. എന്നാൽ, വിവിധങ്ങളായ ചികിത്സകൾ ചെയ്തിട്ടും അവള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല.
അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കള്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും മരണം വരെ അവളെ പരിചരിക്കാനാണ് തന്റെ തീരുമാനമെന്ന ദു യുവാന്‍ഫയുടെ പ്രഖ്യാപനം കേട്ടവരെ സ്തബ്ന്ധരാക്കി.
കഴിഞ്ഞ 60 വര്‍ഷമായി അദ്ദേഹത്തിന്റെ ജീവിതം തളര്‍ന്നു കിടക്കുന്ന ഭാര്യയെ ചുറ്റിപ്പറ്റിയാണ്. കിഴക്കന്‍ ചൈനയിലെ ഷന്ദോങ് പ്രവിശ്യയിലെ സുന്‍ജിയാവു ഗ്രാമത്തിലാണ് സ്‌നേഹത്തിന്റെ പര്യായമായ ഈ ദമ്പതികള്‍ ജീവിക്കുന്നത്. നിസ്സാരകാരണങ്ങളുടെ പേരില്‍ വഴക്കുണ്ടാക്കി വേര്‍പിരിയുന്നവര്‍ക്ക് പാഠപുസ്തകമാണ് ഈ 88 വയസ്സുകാരനായ ഭര്‍ത്താവിന്റെ സ്‌നേഹവും ത്യാഗവും വാല്‍സല്യവും.
വിവാഹജീവിതത്തില്‍ അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ഇപ്രകാരം സഹനം ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ആദ്യമൊക്കെ പ്രത്യാശയോടെ ഭാര്യയെ പരിചരിച്ചിരുന്ന ചിലരെങ്കിലും കുറെനാള്‍ കഴിഞ്ഞ് നിരാശയില്‍ അടിമപ്പെട്ട് ജീവിക്കുന്നതും കാണാനിടവന്നിട്ടുണ്ട്. എന്തിനും ഏതിനും പരസഹായം വേണ്ടി വരുന്ന അവസ്ഥയില്‍ ഭാര്യയും ശാരീരിക സഹനത്തേക്കാളുപരി മാനസികമായി പീഡയേല്‍ക്കപ്പെടുന്നു വെന്ന് ഭര്‍ത്താവുള്‍പ്പെടെ ചില കുടുംബക്കാര്‍ ഗൗനിക്കാറില്ല. അപൂര്‍വ്വമായി വിവാഹബന്ധം വേര്‍പിരിയുകയോ വേര്‍പിരിയാതെ മറ്റൊരു വിവാഹം കഴിക്കുകയോ ചെയ്യുന്ന അവസ്ഥയും കാണാനിട വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ദാമ്പത്യബന്ധങ്ങള്‍ അത്യപൂര്‍വ്വമാണെന്ന് തന്നെ പറയാം..