Voice of Truth

കുഞ്ഞുങ്ങളിൽ ജീൻ എഡിറ്റിങ് നടത്തി എന്നവകാശപ്പെട്ട ചൈനീസ് യുവ ശാസ്ത്രജ്ഞന് മൂന്നുവർഷം തടവും മൂന്നുകോടി രൂപ പിഴയും. രണ്ട് സഹപ്രവർത്തകർക്കെതിരെയും നടപടി

2018 നവംബറിൽ ശാസ്ത്രലോകത്തെ നടുക്കിക്കൊണ്ട് ചർച്ചകളിൽ നിറഞ്ഞ ചൈനീസ് ശാസ്ത്രജ്ഞനാണ് ഹെ ജിയാൻക്വി. ഇരട്ടകളായ രണ്ടു പെൺകുട്ടികൾ ഭ്രൂണങ്ങളായിരിക്കുമ്പോൾ അവരിൽ ജീൻ എഡിറ്റിങ് നടത്തി എന്നായിരുന്നു ജിയാൻക്വിയും സഹപ്രവർത്തകരും ലോകത്തെ അറിയിച്ചത്. മനുഷ്യനിൽ ജനിതക പരീക്ഷണങ്ങൾ നടത്താൻ ഒരു രാജ്യങ്ങളും അനുമതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ഏറെ ഗൗരവത്തോടെയാണ് ശാസ്ത്രലോകവും ലോകരാജ്യങ്ങളും ഈ ശാസ്ത്രീയ നേട്ടത്തെ നോക്കിക്കണ്ടതും. അതേത്തുടർന്ന് ചൂടേറിയ ചർച്ചകളും നടന്നിരുന്നു.

ജനിതക സാങ്കേതിക രംഗത്തുൾപ്പെടെ ജീവശാസ്ത്ര – വൈദ്യ ശാസ്ത്ര രംഗങ്ങളിൽ നിർണ്ണായകമായ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ചൈന. അതിനാൽ തന്നെ, ചൈനയിൽ നടക്കുന്ന ഗവേഷണങ്ങളെ ശാസ്ത്രലോകം സാകൂതം നിരീക്ഷിക്കുന്നു. അതിനിടെയാണ്, ലോകത്തിൽ ആദ്യമായി ജനിതക വ്യതിയാനം വരുത്തിയ കുഞ്ഞുങ്ങൾ ചൈനയിൽ ജനിച്ചിരിക്കുന്നു എന്ന വാർത്ത ലോകത്തെ അമ്പരപ്പിച്ചത്. തുടർന്ന് മനുഷ്യനിലെ ജനിതക പരീക്ഷണങ്ങളും ജീൻ എഡിററിംഗും സംബന്ധിച്ച ധാർമ്മിക പ്രശ്നങ്ങളാണ് ഏറെയും ചർച്ച ചെയ്യപ്പെട്ടത്.

ഒരു വർഷം നീണ്ട ചർച്ചകൾക്കും വിചാരണയ്ക്കും ശേഷമാണ് മുപ്പത്തിനാലുകാരനായ ശാസ്ത്രജ്ഞൻ ജിയാൻക്വിയും രണ്ട് സഹപ്രവർത്തകരും ശിക്ഷിക്കപ്പെടുന്നത്. മൂന്നുവർഷത്തെ തടവ് ശിക്ഷയും മുപ്പത് ലക്ഷം യുവാൻ പിഴയുമാണ് ഹെ ജിയാൻക്വിക്ക് വിധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സഹപ്രവർത്തകർക്ക് കുറഞ്ഞ തടവും പിഴയുമാണ് ലഭിച്ചിരിക്കുന്നത്. ലൈസൻസ് ഇല്ലാതെ മരുന്ന് പരീക്ഷണം നടത്തി എന്ന കുറ്റത്തിനാണ് ഇവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹ്വ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജിയാൻക്വി ഉൾപ്പെടെ ഗവേഷകർ ആരും യോഗ്യതയുള്ള ഡോക്ടർമാർ ആയിരുന്നില്ല. പ്രശസ്തിക്കും പണത്തിനും വേണ്ടി ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ള ചൈനയുടെ മാനദണ്ഡങ്ങളും, ഒരേ സമയം ഗവേഷണരംഗത്തെയും, ചികിത്സാ രംഗത്തെയും ധാർമ്മികതയുടെ അതിർവരമ്പുകളും അവർ ലംഘിച്ചു എന്നും കോടതി വിലയിരുത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എത്തിക്കൽ റിവ്യൂ സംബന്ധിച്ച രേഖകളിൽ ഇവർ കൃത്രിമം കാണിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.

രണ്ടു സ്ത്രീകളുടേതായി മൂന്നു കുട്ടികളിലാണ് ഇവർ ജീൻ എഡിറ്റിങ് നടത്തിയിരിക്കുന്നതായി കോടതി കണ്ടെത്തിയത്. മൂന്നാമത്തെ ഒരു കുട്ടിയിൽകൂടി ഇവർ പരീക്ഷണങ്ങൾ നടത്തി എന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. 2018 നവംബറിൽ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇരട്ടകളായ പെൺകുട്ടികളിൽ തങ്ങൾ ജീൻ എഡിറ്റിങ് നടത്തിയതായി ജിയാൻക്വി വെളിപ്പെടുത്തിയത്.

ജനിതക ശാസ്ത്ര മേഖലയിൽ വിപ്ലവം സൃഷ്ടിച്ച CRISPR ടൂൾ ഉപയോഗിച്ച്, എയിഡ്സ് വൈറസ് ഒരു കോശത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന ജീനിനെ എഡിറ്റ് ചെയ്യുകയാണ് തങ്ങൾ ചെയ്തത് എന്നാണ് ജിയാൻക്വി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്. ഇത്തരത്തിൽ അവരിൽ ജനിതക വ്യതിയാനം വരുത്തിയിരിക്കുന്നതിനാൽ എയിഡ്സ് അവരെ ബാധിക്കുകയില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, മാധ്യമങ്ങൾക്ക് മുന്നിൽ കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ കൂടുതൽ വിവരങ്ങൾ അവർ വെളിപ്പടുത്തിയിരുന്നില്ല എന്നതിനാൽ ജീൻ എഡിറ്റിങ് കഥ യാഥാർത്ഥമാണോ എന്ന് അനേകർ സംശയിച്ചിരുന്നു.

CRISPR ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ മുതിർന്നവരിലെ ചില രോഗങ്ങൾക്ക് പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജിയാൻക്വിയുടെ പരീക്ഷണത്തെ ശാസ്ത്രലോകം ഒന്നടങ്കം വിമർശിക്കുകയും, അധാർമ്മികവും അനാവശ്യവുമെന്ന് വിലയിരുത്തുകയുമാണ് ഉണ്ടായത്. കാരണം ജനിതകപരമായി സംഭവിക്കുന്ന ഏതുവിധത്തിൽ പെട്ട വ്യതിയാനവും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പരീക്ഷണ ശാലകളിൽ നിന്ത്രിതമായ ഉപയോഗത്തിനപ്പുറം ഭ്രൂണങ്ങളിലെ എല്ലാത്തരത്തിലുമുള്ള എഡിറ്റിങ് നിരോധിച്ചിട്ടുള്ളതാണ്.

2018 ൽ മാധ്യമ അഭിമുഖവും തുടർന്ന് തന്റെ നേട്ടം വെളിപ്പെടുത്താൻ വിളിച്ചു ചേർത്ത ഒരു കോൺഫറൻസും കഴിഞ്ഞ് പതിമൂന്ന് മാസത്തോളമായി ജിയാൻക്വി അപ്രത്യക്ഷമായിരുന്നു. ഈ കാലത്ത് അദ്ദേഹം പോലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സഹപ്രവർത്തകരായിരുന്ന രണ്ടു പേരിൽ ഴാങ് എന്ന ശാസ്ത്രജ്ഞന് രണ്ടുവർഷത്തെ തടവും പത്തു ലക്ഷം യുവാൻ പിഴയും, ക്വിൻ എന്ന സഹപ്രവർത്തകന് പതിനെട്ടു മാസം തടവും, അഞ്ചുലക്ഷം യുവാൻ പിഴയുമാണ് വിധിച്ചിരിക്കുന്നത്.