കൃഷിയെ ജീവനോളം സ്നേഹിക്കുന്ന റോണയ്ക്ക് സംസ്ഥാന സർക്കാരിന്റെ കുട്ടിക്കർഷക പുരസ്കാരം. പച്ചക്കറി കൃഷി നടത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാർഥിയ്ക്കുള്ള (രണ്ടാംസ്ഥാനം)അവാർഡാണ് റോണയെത്തേടിയെത്തിയത്. 25000 രൂപയും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
തന്റെ സ്കൂൾമുറ്റവും വീട്ടുമുറ്റവും പരിസരവുമെല്ലാം പലതരം പച്ചക്കറികൾ കൊണ്ട് നിറച്ച് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായ ഈ മിടുക്കി ഇതിനകം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്ലസ് ടു വിജയിച്ച റോണ അവാർഡ് ലഭിച്ചതിലൂടെ ബി എസ് സി അഗ്രികൾച്ചറിനുള്ള സീറ്റും ഉറപ്പാക്കി.
റോണയുടെ കൃഷിപ്പെരുമ തിരിച്ചറിഞ്ഞ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകയ്ക്കുള്ള പുരസ്കാരവും കൃഷിവകുപ്പ് റോണയ്ക്ക് നൽകിയിരുന്നു.
പഠനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന ഈ മിടുക്കി പിതാവ് റെജിക്കൊപ്പം കുഞ്ഞുനാൾ മുതൽ വീട്ടിലെ ‘കൃഷിക്കാരി’യാണ്.വെള്ളരി,കുമ്പളം,പാവൽ,പടവലം,വഴുതന,പച്ചമുളക്,വെണ്ട, തക്കാളി,കാബേജ്, കോളിഫ്ലവർ,പീച്ചിക്ക,ചീര,പയർ, കോവൽ തുടങ്ങിയവയെല്ലാം റോണയുടെ കൃഷിയിടത്തിൽ സമൃദ്ധമായുണ്ട്.പശുക്കളും കോഴികളും പ്രിയപ്പെട്ട ചങ്ങാതിമാരാണ്. ഓർക്കിഡ് ഉൾപ്പെടെയുള്ള അലങ്കാരച്ചെടികളും റോണയ്ക്ക് പ്രിയപ്പെട്ടതാണ്.
ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. പഞ്ചഗവ്യം, മത്തിശർക്കര, ജീവാമൃതം, ജൈവ കീടനാശിനികൾ എന്നിവയെല്ലാം വീട്ടിൽതന്നെ തയാറാക്കാനും അവ കൃത്യമായി പ്രയോഗിക്കാനും റോണയ്ക്കറിയാം. ബയോഗ്യാസ് പ്ലാന്റും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
സെന്റ് മേരീസ് സ്കൂളിലെ ഔഷധത്തോട്ടത്തിന്റെ മേൽനോട്ടവും നാഷണൽ സർവീസ് സ്കീം വൊളന്റിയർ കൂടിയായ റോണയ്ക്കായിരുന്നു. നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന നാൽപ്പതോളം ഔഷധസസ്യങ്ങളാണ് റോണയുടെ പരിപാലനയിൽ സ്കൂളിൽ വളരുന്നത്.രാമച്ചവും നീർമാതളവും നാഗവെറ്റിലയും കറ്റാർവാഴയുമെല്ലാം ഇതിൽപെടും.
തിരിനന, ചാക്ക് കൃഷി, ബോക്സ് കൃഷി, ഗ്രോ ബാഗ് തുടങ്ങിയ കൃഷിരീതികളും വീട്ടിലും സ്കൂളിലും ഈ മിടുക്കി സ്വീകരിച്ചിട്ടുണ്ട്. സ്കൂളിലെ കിണർ റീചാർജിങ് ടീമിലും സജീവമാണ് റോണ.
പിതാവ് പുത്തനങ്ങാടി സ്വദേശി ഇയ്യാലിൽ റെജിയും അമ്മ ആൻസി ജോസഫും സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്ന ബെന്നി തോമസും അങ്ങാടിപ്പുറം കൃഷി ഓഫീസർ പി.സി രജീസും കൃഷിഓഫീസിലെ ജീവനക്കാരും റോണയ്ക്ക് പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്.
ബി എസ് സി അഗ്രിക്കൾച്ചറിനു ചേർന്ന് ഒരു കൃഷിഓഫീസറാകണം എന്നതാണ് ഈ കുട്ടിക്കർഷകയുടെ മോഹം.