മൂന്ന് സേനയ്ക്ക് മൂന്നു സ്വതന്ത്ര മേധാവികൾ എന്ന ഇന്നുവരെയുള്ള കീഴ്വഴക്കം മറികടന്നുകൊണ്ട്, മൂന്നു സേനാമേധാവികൾക്കും മുകളിൽ പൊതുവായൊരാൾ. ഇനിമുതൽ അതായിരിക്കും, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(CDS). എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്.
”നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്”, ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ വാക്കുകളാണിത്.
എട്ട് മണിയ്ക്ക് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയ ശേഷം അദ്ദേഹത്തിൻറെ പ്രസംഗം 93 മിനിറ്റ് നീണ്ടു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന ആശയം പുതിയതല്ല
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി പുതുതായി രൂപീകരിക്കണമെന്ന ആശയം ഉയർന്നുവന്നത് ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധകാലത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.
കര, നാവിക, വ്യോമ സേനാമേധാവികളേക്കാൾ ഉയർന്ന പദവിയാണിത്. സായുധ സേനകളും പ്രധാനമന്ത്രിയ്ക്കുമിടയിൽ ഏകോപനത്തിനായുള്ള സുപ്രധാന വ്യക്തിയാകും സർവസേനാമേധാവി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, പ്രതിരോധച്ചെലവുകൾ മുതൽ സേനാവിന്യാസം വരെ, എല്ലാം ഈ ഒരു വ്യക്തിയുടെ മേൽനോട്ടത്തിലാകും നടക്കുക.
കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും, സുരക്ഷാ വീഴ്‍ചകളും, പാളിച്ചകളും, ബലഹീനതകളും പഠിച്ച് വിലയിരുത്താൻ രൂപീകരിച്ച സമിതിയാണ് സർവസേനാ മേധാവിയെന്ന ആശയം മുന്നോട്ടു വച്ചത്. പാക് നുഴഞ്ഞു കയറ്റക്കാർ എങ്ങനെയാണ് കാർഗിൽ മലനിരകളിലേക്ക് എത്തിയതെന്നും, എന്തുകൊണ്ട് നമ്മുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾക്ക് ഇത് കണ്ടെത്താനായില്ലെന്നതും സമിതി പഠിച്ചിരുന്നു.
ഇതിന് ശേഷം സമിതി മുന്നോട്ടുവച്ച നിർദേശം, പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരിക്കണം സർവസേനാമേധാവി എന്നതാണ്. ഈ ആശയത്തെ ആദ്യ മോദി മന്ത്രിസഭയിലെ ആദ്യ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തതാണ്.
കാർഗിൽ യുദ്ധം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ട്, അന്നത്തെ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി പഠിച്ച ശേഷം അംഗീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാ ഈ ആശയം പിന്നീടങ്ങോട്ട് നടപ്പായില്ല. രാഷ്ട്രീയ നേതൃത്വത്തിലും സേനയുടെ ഉന്നതതലങ്ങളിലുമുള്ള ആശയഭിന്നതകളെത്തുടർന്നാണ് നിർദേശം നടപ്പാകാതിരുന്നത്.
നിലവിൽ സേനാമേധാവികളുടെ സമിതിയുടെ അധ്യക്ഷൻ എയർ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനോവയാണ്. ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന പദവിയ്ക്ക് സമാനമായ അധികാരങ്ങൾ നിലവിൽ ഈ പദവിക്കില്ല.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാർഗിൽ യുദ്ധകാലത്ത് കരസേനാമേധാവിയായിരുന്ന ജനറൽ വേദ് പ്രകാശ് മാലിക് സ്വാഗതം ചെയ്തു. ഇത് രാജ്യസുരക്ഷയ്ക്ക് അടിത്തറയേകുന്ന സുപ്രധാനപ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു