Voice of Truth

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുക്ക് എൽ മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ജലപാതകളുടെ വികസനം പ്രധാന ചർച്ചാവിഷയം

സംസ്ഥാനത്തിന്റെ ജലപാതകളുടെ വികസനത്തിന് കേന്ദ്രസഹായവും സഹകരണവും ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി (സ്വതന്ത്ര ചുമതല) മൻസുക്ക് എൽ മാണ്ഡവ്യയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമായും കേരളത്തിന്റെ ജലപാതകളുടെ വികസനമാണ് ചർച്ച ചെയ്തത്. സംസ്ഥാനത്തിന്റെ വെസ്റ്റ്-കോസ്റ്റ് കനാൽ പദ്ധതിയുടെ ഭാഗമായ കോവളം – കൊല്ലം, കോട്ടപ്പുറം ബേക്കൽ തീരദേശ ജലപാത ഇപ്പോഴുള്ള 365 കി.മിയിൽ നിന്ന് 696 കി.മിയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 590കിമി ദൈർഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ കൊല്ലം മുതൽ കോഴിക്കോടു വരെയുള്ള ഭാഗം ദേശീയജലപാതയുടെ ഭാഗമാണ്. ദേശീയജലപാത 3 ന്റെ വികസനം പൂർണമായ രീതിയിൽ സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നതിന് കോഴിക്കോടിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലത്തിന് തെക്കുള്ള പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ നിർമ്മാണ പ്രോജക്ടിന് സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ഇതിനായി സർക്കാർ പ്രത്യേക പദ്ധതിയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. 6000 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. ദേശീയ ജലപാത വികസനം മൂന്നാം ഘട്ടത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഇത് വികസിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയ ജലപാതകളുടെ വികസനം പാർലമെന്റിൽ പ്രഖ്യാപിച്ച പദ്ധതിയായിനാൽ ഈ ആവശ്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.

കേരള വാട്ടർവേയ്സ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

ജലപാത-ജലഗതാഗത വികസനത്തിന് സംസ്ഥാന സർക്കാർ 2018ൽ രൂപം നൽകിയ കേരള വാട്ടർവേസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ 49 ശതമാനം ഇക്വിറ്റി കേന്ദ്ര സർക്കാർ എടുക്കണമെന്നതാണ് മറ്റൊരു ആവശ്യം. 26 ശതമാനം കേരള സർക്കാരും 25 ശതമാനം കൊച്ചിൻ എയർപോർട്ട് അഥോറിറ്റിയും വഹിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തു നൽകിയിട്ടുള്ളതാണ്. ഈ വിഷയത്തിൽ അനുകൂല നടപടിയുണ്ടാകുന്നതിന് ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.

കൊച്ചി സംയോജിത ജലഗതാഗത വികസനം- നഗര പുനരുജ്ജീവനം

കൊച്ചിയിൽ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കനാലുകളുടെ വികസനത്തിന് 1300 കോടിയുടെ പ്രോജക്ട് നടപ്പാക്കുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ കനാലുകളുടെ സംയോജിത വികസനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ വാട്ടർ മെട്രോ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള കൊച്ചി മെട്രോ മുൻകൈ എടുത്തിട്ടുണ്ട്. കൊച്ചി സംയോജിത ജലഗതാഗത വികസനം- നഗര പുനരുജ്ജീവനം എന്ന ഈ പ്രോജക്ടിനും കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

കോസ്റ്റൽ ഷിപ്പിംഗ്

തിരുവനന്തപുരം മുതൽ കാസർഗോഡു വരെ കോസ്റ്റൽ ഷിപ്പിംഗ് നടപ്പാക്കുക എന്ന പദ്ധതിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രൈവറ്റ് ഏജൻസികൾ ഷിപ്പ് ഗതാഗതത്തിന് സമ്മതം അറിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.

കൊച്ചി-മാൽഡിവ്‌സ് ക്രൂസ്, ചെറുകനാൽ പ്രോജക്ടുകൾ

കൊച്ചിയിൽ നിന്ന് മാൽഡിവ്‌സിലേയ്ക്ക് ക്രൂസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. മാൽഡിവ്‌സിൽ നിന്ന് ധാരാളം പേർ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രാജ്യത്തെത്തുന്നുണ്ട്. ഇത് കേരളത്തിന് ഗുണം ചെയ്യും. പ്രധാനമന്ത്രിയുടെ മാൽഡിവ്‌സ് സന്ദർശനത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നതാണ്.

ഉൾനാടൻ ജലഗതാഗതം കേന്ദ്രസർക്കാരിന്റെ നയമാണെന്നും ജലപാതാവികസനത്തിൽ കേരളം ഏറെ മുന്നോട്ട് പോയിരിക്കുന്നത് അഭിനന്ദനാർഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിൽ കേരളത്തിന് വലിയ സാദ്ധ്യതയാണുള്ളത്. ഇത് കേന്ദ്രസർക്കാരിന് ഉത്തമബോധ്യമുണ്ട്. രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവ് 14 ശതമാനമാണ്. ലോകശരാശരി ഒമ്പത് ശതമാനമാണ്. ജലഗതാഗതം വികസിപ്പിച്ചെടുത്താൽ ലോജിസ്റ്റിക് ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേരളത്തിന്റെ ജലപാത-ജലഗതാഗത പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. മാതൃകാ പ്രോജക്ടായി ഇതിനെ മാറ്റിയെടുക്കാൻ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. ജലപാതവികസനം തന്റെ സ്വപ്‌ന പദ്ധതി കൂടിയാണെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.