Voice of Truth

ഇന്ത്യയുടെ അഭിമാനപേടകമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ജൂലായ്‌ പതിനഞ്ചിന് പുലര്‍ച്ചെ 2.51ന്. ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെട്ട ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട്‌ ഐഎസ്ആര്‍ഓ

ബാംഗ്ളൂർ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അന്തിമഘട്ടത്തിലാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്‍ എന്ന വിക്ഷേപണ വാഹനം ആണ് ദൗത്യത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജൂലായ്‌ പതിനഞ്ച് വെളുപ്പിന് 2.51ന് വിക്ഷേപണം ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ ആറാം തിയതി ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലാണ് പേടകം ഇറങ്ങുക. രണ്ട് സവിശേഷതകള്‍ ഈ ദൗത്യത്തിന് ഉണ്ട്. ഒന്നാമതായി, ആദ്യമായാണ്‌ ഒരു പേടകം ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. മറ്റൊന്ന്, ചന്ദ്രയാന്‍ സോഫ്റ്റ്‌ ലാന്‍ഡിംഗ് രീതിയിലാണ് ചന്ദ്രനില്‍ ഇറങ്ങുക. ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്നത്. ചന്ദ്രയാന്‍ രണ്ട് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ചന്ദ്രനില്‍ സോഫ്റ്റ്‌ ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ മാത്രമല്ല, ഇന്നോളമുള്ള മറ്റെല്ലാ ബഹിരാകാശ ദൗത്യങ്ങളെക്കാള്‍ സങ്കീര്‍ണ്ണമാണ് ഈ ദൌത്യം എന്ന് ഐഎസ്ആര്‍ഒ അവകാശപ്പെടുന്നു.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് മോഡ്യൂളുകള്‍ ആണ് ചന്ദ്രയാന്‍ 2 ന് ഉണ്ടാവുക. ചന്ദ്രന്റെ ഉപരിതലത്തിലെ മിനറലുകളെക്കുറിച്ചും, ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യയുടെ ആറും, യൂറോപ്പില്‍ നിന്ന് മൂന്നും, അമേരിക്കയുടെ രണ്ടുമായി പതിനൊന്ന് പേലോഡുകളാണ് പേടകം വഹിക്കുക.

ഇന്ത്യയുടെ ആദ്യ ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴാണ് രണ്ടാം ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ ആവേശകരവും എടുത്തുപറയത്തക്കതുമായ ഒന്നായിരിക്കും ചന്ദ്രയാന്‍ രണ്ട് എന്ന്, ഐഎസ്ആര്‍ഓയുടെ മുന്‍ ഡയറക്ടര്‍ ഡോ. ജി മാധവന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രന്റെ പരിസരങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ധാതുപദാര്‍ത്ഥങ്ങള്‍ ശേഖരിക്കുവാന്‍ ഒരു ചെറുവാഹനത്തെയും (Rover) പേടകം വഹിക്കുന്നു എന്നുളളത് പ്രധാന കാര്യമാണ്. ആദ്യ ചാന്ദ്ര ദൗത്യത്തില്‍ റോവര്‍ ഉണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ റോവര്‍ ലാന്‍ഡ്‌ ചെയ്യുന്ന ആദ്യ പദ്ധതികൂടിയാണ് ചന്ദ്രയാന്‍ രണ്ട്.

2008ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിയന്‍ ക്യാബിനറ്റ് സമ്മേളനത്തിലാണ് ചന്ദ്രയാന്‍ രണ്ട് എന്ന ചരിത്രപരമായ ദൗത്യം അംഗീകരിച്ചത്. ഐഎസ്ആര്‍ഓയുടെയും, റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയുടെയും സംയുക്തസഹകരണത്തോടെ പ്രവര്‍ത്തിക്കുവാനുള്ള കരാര്‍ ഒപ്പുവയ്ക്കുകയുണ്ടായി. ആദ്യം 2018ല്‍ വിക്ഷേപിക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട്, രണ്ട് തവണകൂടി വിക്ഷേപണ തിയതി മാറ്റി ഇപ്പോള്‍ ജൂലായ്‌ പതിനഞ്ചിന് തീരുമാനിക്കുകയായിരുന്നു. റോവര്‍ വികസിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിരുന്ന റഷ്യന്‍ സ്പേസ് ഏജന്‍സി ആ ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതും പദ്ധതി വൈകുവാന്‍ കാരണമായി. റോവറിന്റെ അടിസ്ഥാന ഡിസൈന്‍ തയ്യാറാക്കിയത് റഷ്യ ആയിരുന്നുവെങ്കിലും പിന്നീട് തങ്ങള്‍ക്ക് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് റഷ്യന്‍ ഏജന്‍സി അറിയിച്ചതോടെ ആ ഉത്തരവാദിത്തവും ഐഎസ്ആര്‍ഒ ഏറ്റെടുക്കുകയായിരുന്നു. റോവറിന്റെ സുപ്രധാനമായ മൂന്ന് അനുബന്ധ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തത് കാണ്‍പൂര്‍ ഐഐടിയിലാണ്.

ആഗോളബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ചന്ദ്രയാന്‍ രണ്ടിനെ ലോകരാജ്യങ്ങളും ഗവേഷണ സംഘങ്ങളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.