Voice of Truth

ചന്ദ്രയാൻ രണ്ട് ലക്ഷ്യത്തോടടുക്കുന്നു. വിക്രം ലാൻഡർ വേർപെട്ടു, ലാൻഡറിൽനിന്ന് ചന്ദ്രനിലേക്കുള്ള ഉയരം കുറച്ചു

ബാംഗ്ളൂർ: ഇതാദ്യമായി വിക്രം ലാൻഡറിന്റെ ഭാഗമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട്, ലാൻഡർ ഒരു പടികൂടി ചന്ദ്രനോട് അടുത്തു. ഇന്ന് രാവിലെ 8.50 നാണ് ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം പൂർത്തിയായത്. ഇതോടെ, ഇന്നലെ ഓർബിറ്ററിൽ നിന്ന് വേർപെട്ട ലാൻഡർ ഒരു ഘട്ടംകൂടി മുന്നേറിയിരിക്കുകയാണ്. ഇതുവരെയും ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത് ഓർബിറ്ററിലെ സംവിധാനങ്ങൾ ഉപയോഗിച്ചാണ്. ഇനിയുള്ള ദൗത്യ നിർവ്വഹണങ്ങൾക്കായി ലോകം ഉറ്റുനോക്കുന്നത് ലാൻഡറിനെയും, അതിലുള്ള പ്രഗ്യാൻ റോവറിനെയുമാണ്.

ഇന്ന് നടന്ന പ്രവർത്തനത്തിന്റെ ദൈർഘ്യം നാല് സെക്കൻഡ് ആയിരുന്നുവെന്ന് ഐഎസ്ആർഒ വെളിപ്പെടുത്തി. വിക്രം ഇപ്പോൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത് 104 X 128 KM ഭ്രമണ പഥത്തിലാണ്. പഴയ ഭ്രമണപഥത്തിലൂടെ ഓർബിറ്റർ സഞ്ചാരം തുടരും. ഓർബിറ്ററും, ലാൻഡറും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ഐഎസ്ആർഒ അറിയിച്ചു.

ലാൻഡറിന്റെ അടുത്ത ഘട്ടം ഭ്രമണപഥം താഴ്ത്തൽ നാളെ, സെപ്റ്റംബർ നാലിന് പുലർച്ചെ 3.30നും, 4.30നും ഇടയിൽ നടക്കും.

സെപ്റ്റംബർ രണ്ട്, തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 1.15നാണ് ലാൻഡർ ഓർബിറ്ററിൽനിന്നു വേർപെട്ടത്. ഇതോടെ ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ നിർണ്ണായകമായ ഒരു ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഏഴാം തിയതി പുലർച്ചെ, 1.30 നും, 2.30 നും ഇടയിൽ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ സ്പർശിക്കുമെന്നാണ് കരുതുന്നത്.