പദ്ധതിയിട്ടതുപോലെ, ഇന്ന് വെളുപ്പിന് 01. 08ന്, ചന്ദ്രയാൻ 2 ന്റെ രണ്ടാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി എന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ, 251 x 54829 km എന്ന ഉയരത്തിൽ ചന്ദ്രയാൻ 2 എത്തിച്ചേർന്നിരിക്കുകയാണ്. മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ, ജൂലായ് ഇരുപത്തിയൊമ്പതിന് ഉച്ചയ്ക്ക് ശേഷം 2.30 നും, 3.30 നും ഇടയ്ക്കായിരിക്കും എന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
ജൂലായ് 22ന്, ജിഎസ്‌എൽവി മാർക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ രണ്ടിനെ, 170 x 45475 km എന്ന ലക്ഷ്യത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചിരുന്നു. തുടർന്ന് ഇരുപത്തിനാലിന്, ചന്ദ്രയാൻ രണ്ടിലെ മോട്ടോറുകൾ ഉപയോഗിച്ച് 230 X 45163 km എന്ന ദൂരത്തിലേയ്ക്ക് എത്തിച്ചിരുന്നു.
ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടിലുള്ളത്. ഇതില്‍ ഓര്‍ബിറ്റര്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 2379 കിലോഗ്രാം ആണ് ഓര്‍ബിറ്ററിന്റെ ഭാരം. വിക്രം എന്ന് വിളിപ്പേരുള്ള ലാന്റര്‍ ആണ് ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുക. ഇതിന് 1471 കിലോഗ്രാം ആണ് ഭാരം. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവര ശേഖരണം നടത്തുന്നതിനുള്ള റോവര്‍ ഉള്ളത്. പ്രജ്ഞാന്‍ എന്ന് വിളിപ്പേരുള്ള റോവറിന് 27 കിലോഗ്രാം ആണ് ഭാരം. ഓഗസ്റ്റ് 14നാണ് ചന്ദ്രയാന്‍-2 റോവര്‍ ചന്ദ്രനിലേക്ക് കുതിക്കുക. ഓഗസ്റ്റ് 20 ന് ചന്ദ്രനോടടുത്ത ഭ്രമണപഥത്തിലെത്തും. സെപ്റ്റംബര്‍ ഏഴിനാണ് ലാന്റര്‍ വിക്രം ചന്ദ്രനിലിറങ്ങുക.
വിജയകരമായി മുന്നേറുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി, ചന്ദ്രയാൻ രണ്ടിന് നിരവധി വിദേശ രാജ്യങ്ങൾ വിജയാശംസകൾ നേരുകയും, പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക മനുഷ്യന്റെ ചാന്ദ്ര ദൗത്യങ്ങളിൽ നിർണ്ണായകമായ നേട്ടങ്ങൾ കരസ്ഥമാക്കുവാൻ ചന്ദ്രയാൻ രണ്ടിന് കഴിയുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.